''അയാൾ സ്ഥിരതയില്ലാത്തയാളാണെന്ന് ഞാന്‍ പറഞ്ഞതല്ലേ...''; സിദ്ദുവിന്റെ രാജിയിൽ പ്രതികരണവുമായി അമരീന്ദർ സിങ്

പഞ്ചാബിന്റെ ഭാവിയിൽ വിട്ടുവീഴ്ച ചെയ്യാനാകില്ലെന്നു പറഞ്ഞാണ് സിദ്ദു കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനത്തുനിന്ന് രാജിവച്ചത്

Update: 2021-09-28 10:57 GMT
Editor : Shaheer | By : Web Desk
Advertising

പഞ്ചാബ് കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തുനിന്നുള്ള നവജ്യോത് സിങ് സിദ്ദുവിന്റെ രാജിയിൽ പ്രതികരിച്ച് പഞ്ചാബ് മുൻ മുഖ്യമന്ത്രി അമരീന്ദർ സിങ്. അയാൾ സ്ഥിരതയുള്ള ആളല്ലെന്ന് നിങ്ങളോട് ഞാൻ പറഞ്ഞതാണെന്ന് അമരീന്ദർ ട്വീറ്റ് ചെയ്തു. അതിർത്തി സംസ്ഥാനമായ പഞ്ചാബിനു പറ്റിയയാളല്ല അയാളെന്നും പറഞ്ഞിരുന്നതാണെന്നും സിദ്ദുവിനെ സൂചിപ്പിച്ച് അമരീന്ദർ പറഞ്ഞു.

പഞ്ചാബിന്റെ ഭാവിയിൽ വിട്ടുവീഴ്ച ചെയ്യാനാകില്ലെന്നു പറഞ്ഞാണ് സിദ്ദു പിസിസി അധ്യക്ഷസ്ഥാനത്തുനിന്ന് രാജി പ്രഖ്യാപിച്ചത്. കോൺഗ്രസ് ദേശീയ അധ്യക്ഷ സോണിയ ഗാന്ധിക്കാണ് സിദ്ദു രാജിക്കത്ത് നൽകിയത്. പഞ്ചാബിൻരെ ഭാവിയിലും സംസ്ഥാനത്തിൻരെ ക്ഷേമകാര്യത്തിലും വിട്ടുവീഴ്ച ചെയ്യാനാകില്ല. അതുകൊണ്ട് പിസിസി അധ്യക്ഷസ്ഥാനത്തുനിന്ന് രാജിവയ്ക്കുകയാണെന്വന് സോണിയ ഗാന്ധിക്ക് അയച്ച കത്തിൽ പറയുന്നു. അതേസമയം, പാർട്ടിയിൽ തന്നെ തുടരുമെന്നും സിദ്ദു വ്യക്തമാക്കിയിട്ടുണ്ട്.

മുൻ മുഖ്യമന്ത്രി അമരീന്ദർ സിങ്ങുമായുള്ള അഭിപ്രായ ഭിന്നതയെ തുടർന്ന് ആഭ്യന്തര പ്രശ്നങ്ങൾ പരിഹരിക്കാനുള്ള സമവായ ഫോർമുലയുടെ ഭാഗമായാണ് സിദ്ദുവിനെ ഹൈക്കമാൻഡ് പിസിസി അധ്യക്ഷനാക്കിയത്. എന്നാൽ, 72 ദിവസം മാത്രമാണ് സിദ്ദു പ്രസിഡന്റ് പദവിയിലിരുന്നത്.

അതിനിടെ, ഡൽഹി സന്ദർശനവുമായി ബന്ധപ്പെട്ട അഭ്യൂഹങ്ങൾ അമരീന്ദർ സിങ് തള്ളി. വ്യക്തിപരമായ കാര്യത്തിനാണ് ഡൽഹി സന്ദർശിക്കുന്നതെന്നും മറ്റ് അഭ്യൂഹങ്ങളുടെ ആവശ്യമില്ലെന്നും അമരീന്ദറിന്റെ മാധ്യമ ഉപദേഷ്ടാവ് രവീൺ തുക്രൽ ട്വീറ്റ് ചെയ്തു. സുഹൃത്തുക്കളെ കാണാനായാണ് ഡൽഹിയിലെത്തുന്നതെന്നും കപുർത്തല വസതി പുതിയ മുഖ്യമന്ത്രിക്കു വേണ്ടി ഒഴിഞ്ഞുകൊടുക്കേണ്ടതുണ്ടെന്നും ട്വീറ്റിൽ പറയുന്നു.

അമരീന്ദർ ബിജെപിയിൽ ചേരുമെന്ന തരത്തിലാണ് അഭ്യൂഹങ്ങൾ പ്രചരിക്കുന്നത്. ഇന്ന് ഡൽഹിയിൽ നടത്തുന്ന സന്ദർശനത്തിനിടെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ, ബിജെപി ദേശീയ അധ്യക്ഷൻ ജെപി നദ്ദ തുടങ്ങിയവരുമായി കൂടിക്കാഴ്ച നടത്തിയേക്കുമെന്നും പ്രചാരണമുണ്ട്. നിയമസഭാ തെരഞ്ഞെടുപ്പ് വിളിപ്പാടകലെ നിൽക്കെയായിരുന്നു അമരീന്ദറിന്റെ രാജി. സംസ്ഥാനനേതൃത്വത്തിൽനിന്നും പാർട്ടി എംഎൽഎമാരിൽനിന്നും ശക്തമായ സമ്മർദത്തെത്തുടർന്ന് ഹൈക്കമാൻഡ് അമരീന്ദറിനോട് രാജി ആവശ്യപ്പെടുകയായിരുന്നു. അദ്ദേഹത്തിനു പകരക്കാരനായി അധികാരമേറ്റ പഞ്ചാബിന്റെ പുതിയ മുഖ്യമന്ത്രി ചരൺജീത്ത് സിങ് ഛന്നി സിദ്ദുവിന്റെ അടുത്ത അനുയായിയാണ്.

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News