Writer - നബിൽ ഐ.വി
Trainee Web Journalist, MediaOne
ന്യൂഡൽഹി: ഇന്ത്യ-പാക് സംഘർഷം നിലനിൽക്കുന്ന സാഹചര്യത്തിൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചാർട്ടേഡ് അക്കൗണ്ടന്റ്സ് ഓഫ് ഇന്ത്യ (ഐസിഎഐ) മെയ് ഒൻപത് മുതൽ മെയ് 14 വരെ നടത്താൻ നിശ്ചയിച്ചിരുന്ന സിഎ പരീക്ഷകൾ മാറ്റിവെച്ചു. മെയ് ഒൻപത് മുതൽ മെയ് 14 വരെ നടത്താൻ നിശ്ചയിച്ചിരുന്ന സിഎ ഫൈനൽ, ഇന്റർമീഡിയറ്റ്, പോസ്റ്റ് ക്വാളിഫിക്കേഷൻ കോഴ്‌സ് (പിക്യുസി) പരീക്ഷകളാണ് മാറ്റിവെച്ചത്.
പുതുക്കിയ തീയതികൾ പിന്നീട് അറിയിക്കുമെന്ന് ഐസിഎഐ അറിയിച്ചു. അപേക്ഷകർ പതിവായി ഔദ്യോഗിക വെബ്‌സൈറ്റ് icai.org സന്ദർശിക്കണമെന്നും ഐസിഎഐ നിർദേശിച്ചു.
സിഎ മെയ് 2025 ടൈംടേബിൾ അനുസരിച്ച്, സിഎ ഫൈനൽ ഗ്രൂപ്പ് I പരീക്ഷകൾ മെയ് രണ്ട്, നാല്, ആറ് തീയതികളിലായിരുന്നു നടന്നത്. ഗ്രൂപ്പ് II പരീക്ഷകൾ മെയ് എട്ട്, 10, 13 തീയതികളിലും ഇന്റർമീഡിയറ്റ് തലത്തിൽ, ഗ്രൂപ്പ് I പരീക്ഷകൾ മെയ് മൂന്ന്, അഞ്ച്, എഴ് തീയതികളിലും നടന്നു. മെയ് ഒൻപത്, 11, 14 തീയതികളിൽ നടത്താൻ നിശ്ചയിച്ചിരുന്ന ഗ്രൂപ്പ് II പരീക്ഷകളാണ് ഇപ്പോൾ മാറ്റിവച്ചിരിക്കുന്നത്.
സിഎ ഫൗണ്ടേഷൻ പരീക്ഷകൾ മെയ് 15, 17, 19, 21 തീയതികളിൽ നിശ്ചയിച്ച പ്രകാരം നടക്കും. അബുദാബി, ബഹ്‌റൈൻ, ദോഹ, ദുബായ്, കാഠ്മണ്ഡു (നേപ്പാൾ), കുവൈറ്റ്, മസ്‌കറ്റ്, റിയാദ് (സൗദി അറേബ്യ), തിംഫു (ഭൂട്ടാൻ) തുടങ്ങിയ സ്ഥലങ്ങളിലാണ് ഈ പരീക്ഷകൾ നടക്കുന്നത്.