'ഭാഷ നശിച്ചാൽ വംശവും നശിക്കും, ഏതെങ്കിലുമൊരു ഭാഷയെ അടിച്ചേൽപ്പിക്കാൻ ശ്രമിച്ചാൽ അംഗീകരിക്കില്ല'; എം. കെ സ്റ്റാലിൻ

മറ്റ് ഭാഷകളുടെ ആധിപത്യത്തെ എതിര്‍ക്കുന്നത് വെറുപ്പുകൊണ്ടല്ലെന്നും തമിഴ്നാട് മുഖ്യമന്ത്രി

Update: 2022-12-22 05:12 GMT
Editor : Lissy P | By : Web Desk
Advertising

ചെന്നൈ: ഭാഷ ഒരു വംശത്തിന്റെ രക്തപ്രവാഹമാണെന്നും അത് നശിപ്പിച്ചാൽ വംശവും ഇല്ലാതാകുമെന്നും തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ. തമിഴ് ഭാഷയോട് കാണിക്കുന്ന അവഗണയെ പരാമർശിച്ചായിരുന്നു സ്റ്റാലിന്റെ പ്രതികരണം. പ്രശസ്ത തമിഴ് ഇസൈ സംഘത്തിന്റെ 80-ാമത് വാർഷിക തമിഴ് സംഗീതോത്സവം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 1943 ൽ രാജാ സർ അണ്ണാമലൈ ചെട്ടിയാർ സ്ഥാപിച്ചതാണ് തമിഴ് ഇസൈ സംഘം.

തമിഴ് ഭാഷയെ അവഗണിക്കുകയാണെന്നും തമിഴ് പാട്ടുകൾ പാടുന്നത് ചിലർ വിലക്കുന്നതായും സ്റ്റാലിൻ പറഞ്ഞു. 'നൂറ്റാണ്ടുകളായി നിരവധി സാംസ്‌കാരിക അധിനിവേശങ്ങൾ തമിഴ്‌നാട് നേരിട്ടിട്ടുണ്ട്. വൈദേശിക അധിനിവേശത്താൽ തമിഴ്നാട് ഒരുപാട് ദുരിതങ്ങൾ അനുഭവിച്ചു. ഈ നാടിന്റെ പല അവകാശങ്ങളും നഷ്ടപ്പെടുകയും ചെയ്തു. തമിഴരെ പ്രബല വർഗം അവഗണിച്ചു. അന്യഭാഷ സംസാരിക്കുന്നവരുടെ നിർദേശത്താൽ തമിഴ് അവഗണിക്കപ്പെട്ടെന്നും സ്റ്റാലിൻ ചൂണ്ടിക്കാട്ടി. തമിഴിനേക്കാള്‍ പ്രാധാന്യം മറ്റൊരു ഭാഷക്ക് നല്‍കില്ലെന്ന് പറയുന്നത്  മറ്റു ഭാഷകളോടുള്ള വെറുപ്പിനെയല്ല സൂചിപ്പിക്കുന്നത്. ഏതൊരു ഭാഷയും അതിന്റെ വംശത്തിന്റെ രക്തത്തിലലിഞ്ഞതാണ്.' ആ ഭാഷ ഇല്ലാതായാൽ ആ വംശവും നശിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ബിജെപിയുടെ നേതൃത്വത്തിലുള്ള കേന്ദ്രം സംസ്ഥാനത്ത് ഹിന്ദി അടിച്ചേൽപ്പിക്കുകയാണെന്ന്സ്റ്റാലിൻ ആവർത്തിച്ചു. ഒരാൾക്ക് ആഗ്രഹമുണ്ടെങ്കിൽ എത്രഭാഷകൾ വേണമെങ്കിലും അദ്ദേഹത്തിന് പഠിക്കാം. പക്ഷേ ഏതെങ്കിലുമൊന്നിനെ അടിച്ചേൽപ്പിക്കാൻ ശ്രമിച്ചാൽ തന്റെ സംസ്ഥാനം അത് അംഗീകരിക്കില്ലെന്നും അതാണ് ഞങ്ങളുടെ ഭാഷാ നയമെന്നും തമിഴ്‌നാട് മുഖ്യമന്ത്രി വ്യക്തമാക്കി.


Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News