ഐ.ഐ.ടി പ്രൊഫസറെന്ന് തെറ്റിദ്ധരിപ്പിച്ച് ഡോക്ടറെ കല്യാണം കഴിച്ചത് തട്ടുകടക്കാരന്‍; അറസ്റ്റില്‍

മദ്രാസ് ഐ.ഐ.ടിയിലെ ബയോകെമിസ്ട്രി പ്രൊഫസറാണെന്ന് തെറ്റിദ്ധരിപ്പിച്ചാണ് ഡോ. ഷണ്‍മുഖ മയൂരിയെ രണ്ടു വര്‍ഷം മുന്‍പ് പ്രഭാകരന്‍ വിവാഹം ചെയ്തത്

Update: 2022-07-19 07:07 GMT
Editor : Jaisy Thomas | By : Web Desk
Advertising

ചെന്നൈ- മദ്രാസ് ഐ.ഐ.ടിയിലെ പ്രൊഫസറെന്ന വ്യാജേന ഡോക്ടറെ വിവാഹം ചെയ്ത് തട്ടുകട ഉടമ. ജാഫർഖാൻപേട്ടയിലെ പെരിയാർ സ്ട്രീറ്റില്‍ സഹോദരങ്ങള്‍ക്കൊപ്പം ടിഫിന്‍ സെന്‍റര്‍ നടത്തുന്ന വി.പ്രഭാകരനാണ് അറസ്റ്റിലായത്. മദ്രാസ് ഐ.ഐ.ടിയിലെ ബയോകെമിസ്ട്രി പ്രൊഫസറാണെന്ന് തെറ്റിദ്ധരിപ്പിച്ചാണ് ഡോ. ഷണ്‍മുഖ മയൂരിയെ രണ്ടു വര്‍ഷം മുന്‍പ് പ്രഭാകരന്‍ വിവാഹം ചെയ്തത്. വധുവിന്‍റെ വീട്ടുകാരില്‍ നിന്നും സ്വര്‍ണവും പണവുമുള്‍പ്പെടെയുള്ളവ സ്ത്രീധനമായി വാങ്ങുകയും ചെയ്തു.

2020 ഫെബ്രുവരി ഏഴിനായിരുന്നു പ്രഭാകരനും നഗരത്തില്‍ ഡോക്ടറായി ജോലി ചെയ്യുന്ന ഷണ്‍മുഖ മയൂരിയും തമ്മിലുള്ള വിവാഹം. 2019ലായിരുന്നു ഇയാളുടെ ആദ്യവിവാഹം. ഈ ബന്ധത്തില്‍ ഒരു കുട്ടിയുമുണ്ട്. ലക്ഷങ്ങളുടെ കടവും ബാധ്യതകളുമുള്ള പ്രഭാകരന്‍ താന്‍ ഐഐടി പ്രൊഫസറാണെന്ന് പറഞ്ഞത് വിശ്വസിച്ച് മയൂരിയുടെ മാതാപിതാക്കള്‍ മകളെ വിവാഹം ചെയ്ത് നല്‍കുകയായിരുന്നു. വന്‍തുക വാങ്ങിയായിരുന്നു വിവാഹം. 110 പവന്‍ സ്വര്‍ണ്ണം, 15 ലക്ഷം രൂപയുടെ വാഹനം, 20 ലക്ഷം രൂപ വിലവരുന്ന മറ്റ് വിലപിടിപ്പുള്ള വസ്തുക്കള്‍ എന്നിവയാണ് ഇയാള്‍ക്ക് സ്ത്രീധനമായി ലഭിച്ചത്. വിവാഹ ശേഷം ദിവസവും വീട്ടില്‍ നിന്നിറങ്ങുന്ന പ്രഭാകരന്‍ രാത്രി ഏറെ വൈകിയാണ് വീട്ടിലെത്തുക. വീട്ടില്‍ സമയം ചെലവഴിക്കാത്തതിനെ കുറിച്ച് ചോദിച്ച മയൂരിയെ പ്രഭാകരന്‍ ഉപദ്രവിച്ചു.

എന്നാല്‍ മകന് പ്രൊഫസര്‍ ജോലിയുടെ തിരക്ക് കാരണമാണ് വീട്ടില്‍ വരാന്‍ കഴിയാത്തതെന്ന് പറഞ്ഞ് വീട്ടുകാര്‍ പ്രഭാകരനെ സംരക്ഷിക്കുകയാണ് ഉണ്ടായത്. പ്രഭാകരന്‍റെ രീതികളില്‍ സംശയം തോന്നിയ മയൂരി, സഹോദരനെയും കൂട്ടി ഐഐടി മദ്രാസിലെത്തി അന്വേഷിച്ചപ്പോഴാണ് കബളിപ്പിക്കപ്പെടുകയായിരുന്നുവെന്ന് തിരിച്ചറിഞ്ഞത്. അപ്പോഴേക്കും സ്ത്രീധനമായി ലഭിച്ച സ്വര്‍ണ്ണവും പണവും ഉപയോഗിച്ച് പ്രഭാകരന്‍ വീട് പുതുക്കിപ്പണിയുകയും കടങ്ങള്‍ വീട്ടുകയും മറ്റൊരു ടിഫിന്‍ സെന്‍റര്‍ തുടങ്ങുകയും ചെയ്തിരുന്നു.

തുടര്‍ന്ന് മയൂരി പൊലീസിനെ സമീപിക്കുകയും പ്രഭാകരനെതിരെ പരാതി നല്‍കുകയും ചെയ്തു. . ആള്‍മാറാട്ടം, സ്ത്രീധന പീഡനം, തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് പ്രഭാകരനെതിരെ കേസെടുത്തിരിക്കുന്നത്.ഇയാളുടെ കുടുംബാംഗങ്ങളെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ലെന്ന് പൊലീസ് പറഞ്ഞു.

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News