'പൊലീസുകാർ ലൈംഗികാതിക്രമം നടത്തി'; ആരോപണവുമായി ഡൽഹി വായുമലിനീകരണത്തിനെതിരെ പ്രതിഷേധിച്ചതിന് അറസ്റ്റിലായ വിദ്യാർഥിനികൾ‍

പൊലീസുകാർ കസ്റ്റഡിയിൽ മർദിച്ചെന്നും വിദ്യാർഥികൾ ആരോപിച്ചു.

Update: 2025-11-27 17:20 GMT

ന്യൂഡൽഹി: ഡൽഹി വായുമലിനീകരണത്തിനെതിരെ പ്രതിഷേധിച്ചതിന് അറസ്റ്റ് ചെയ്ത വിദ്യാർഥിനികളെ പൊലീസ് ലൈം​ഗികാതിക്രമത്തിന് ഇരയാക്കിയെന്ന് പരാതി. പാട്യാല ഹൗസ് കോടതിയിൽ ഹാജരാക്കാൻ എത്തിച്ചപ്പോഴാണ്, പുരുഷ പൊലീസുകാർക്കെതിരെ വിദ്യാർഥിനികൾ‍ ആരോപണമുന്നയിച്ചത്.

'പുരുഷ പൊലീസുകാർ ഞങ്ങളെ ഉപദ്രവിച്ചു... മോശമായി സ്പർശിച്ചു... ലൈംഗികമായി ഉപദ്രവിച്ചു. വ്യാജ വൈദ്യപരിശോധനയ്ക്ക് വിധേയരാക്കി'- വിദ്യാർഥിനികൾ പറഞ്ഞു. അറസ്റ്റ് ചെയ്ത 17 വിദ്യാർഥികളെയാണ് പൊലീസ് കോടതിയിൽ ഹാജരാക്കിയത്. ഇവരിൽ 11 പേരും പെൺകുട്ടികളാണ്.

പീഡകരായ ഉദ്യോ​ഗസ്ഥർ സ്വൈരവിഹാരം നടത്തുമ്പോൾ 20 വയസുള്ള കുട്ടികളെ ഭീകരവാദികളാക്കുന്നുവെന്നും പൊലീസുകാർ കസ്റ്റഡിയിൽ മർദിച്ചെന്നും വിദ്യാർഥികൾ ആരോപിച്ചു.

Advertising
Advertising

കോടതിയിൽ ഹാജരാക്കിയ വിദ്യാർഥികളിൽ നാല് പേരെ പൊലീസ് കസ്റ്റഡിയിലും 13 പേരെ ജുഡീഷ്യൽ കസ്റ്റഡിയിലും റിമാൻഡ് ചെയ്തു. വായുമലിനീകരണത്തിനെതിരായ പ്രതിഷേധത്തിനിടെ വിദ്യാർഥികൾ മാവോയിസ്റ്റ് അനുകൂല മുദ്രാവാക്യം വിളിച്ചെന്നാണ് പൊലീസിന്റെ ആരോപണം.

സൻസദ് മാർ​ഗ് പൊലീസ് സ്റ്റേഷനിലാണ് വിദ്യാർഥികൾ‍ക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. പൊലീസുകാരുടെ ഉത്തരവ് അനുസരിക്കാതിരിക്കല്‍, അവരെ തടയാന്‍ ക്രിമിനല്‍ ബലപ്രയോഗം നടത്തുകയോ ആക്രമിക്കുകയോ ചെയ്യുക, ജോലി തടസപ്പെടുത്തല്‍, രാജ്യത്തിനെതിരായ കുറ്റകൃത്യങ്ങള്‍ ചെയ്യാനുള്ള ഗൂഢാലോചന തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് ഇവർക്കെതിരെ കേസെടുത്തിരിക്കുന്നത്.

ഞായറാഴ്ച വൈകിട്ടാണ് ഡൽഹി വായുമലിനീകരണത്തിൽ ഇന്ത്യാ ഗേറ്റിന് മുന്നിൽ വിദ്യാർഥികൾ പ്രതിഷേധിച്ചത്. ഇതിൽ മലയാളി വിദ്യാർഥികൾ ഉൾപ്പെടെയുള്ളവരെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. പ്രതിഷേധക്കാരെ പൊലീസ് ക്രൂരമായി മർദിച്ചെന്ന് വിദ്യാർഥികൾ ആരോപിച്ചിരുന്നു. പ്രതിഷേധവുമായി ബന്ധപ്പെട്ട് ആകെ 23 പേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.



Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

contributor

Editor - ഷിയാസ് ബിന്‍ ഫരീദ്

contributor

By - Web Desk

contributor

Similar News