ഇന്ത്യ-പാക് വെടിനിർത്തൽ ഞായറാഴ്ച വരെ നീട്ടിയെന്ന് പാക് വിദേശകാര്യമന്ത്രി; പ്രതികരിക്കാതെ ഇന്ത്യ
കശ്മീരിൽ 48 മണിക്കൂറിൽ ആറ് ഭീകരവാദികളെ വധിച്ചെന്ന് സൈന്യം
ന്യൂഡല്‍ഹി:ഇന്ത്യ-പാക് വെടിനിർത്തൽ ഞായറാഴ്ച വരെ നീട്ടിയെന്ന പാക് വിദേശകാര്യമന്ത്രിയുടെ പ്രസ്താവനയോട് പ്രതികരിക്കാതെ ഇന്ത്യ.പാകിസ്താൻ ഡിജിഎംഒ മേജർ ജനറൽ കാഷിഫ് അബ്ദുല്ലയും ഇന്ത്യൻ ഡിജിഎംഒ ലഫ്റ്റനന്റ് ജനറൽ രാജീവ് ഘായിയും ഹോട്ട്ലൈൻ വഴി ചർച്ച നടത്തിയതായും ഞായറാഴ്ച വരെ വെടിനിർത്തൽ കരാർ നീട്ടിയതായും പാകിസ്താൻ വിദേശകാര്യ മന്ത്രി ഇഷാഖ് ദാറിനെ ഉദ്ധരിച്ച് വാർത്ത ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നു.
പാകിസ്താൻ അനുനയ നീക്കങ്ങൾക്ക് ശ്രമിക്കുകയും ഇന്ത്യയുമായുള്ള ചർച്ചകൾക്കൊടുവിൽ ഈ മാസം 10ന് വെടിനിർത്തലിന് ധാരണയാവുകയായിരുന്നു. ഈ തീരുമാനമാണ് ഞായറാഴ്ച വരെ തുടരുക. ഞായറാഴ്ച വീണ്ടും ഡിജിഎംഒ ചർച്ച നടത്തി സ്ഥിതി വിലയിരുത്തും. വെടിനിർത്തൽ ധാരണ തുടർന്നുകൊണ്ട് പ്രകോപനങ്ങളിലേക്ക് നയിക്കുന്ന നീക്കങ്ങളിൽ നിന്ന് പിന്തിരിഞ്ഞ് പരസ്പര വിശ്വാസം വളർത്തുന്ന നടപടികൾ തുടരാൻ തീരുമാനിച്ചതായും റിപ്പോർട്ടുണ്ട്.
അതിനിടെ, കശ്മീരിൽ 48 മണിക്കൂറിൽ ആറ് ഭീകരവാദികളെ വധിച്ചെന്ന് സൈന്യം അറിയിച്ചു.