ക്രമക്കേട് ആരോപിച്ച് ക്രിസ്ത്യൻ മാനേജ്‌മെന്റ് സ്‌കൂൾ ഏറ്റെടുത്ത് ഗുജറാത്ത് സർക്കാർ

സ്‌കൂൾ ഭരണം ഏറ്റെടുത്ത സർക്കാർ നടപടി അനീതിയും വിവേചനപരവുമാണെന്ന് ക്രിസ്ത്യൻ നേതാക്കൾ പറഞ്ഞു

Update: 2025-12-19 14:11 GMT

അഹമ്മദാബാദ്: ക്രമക്കേട് ആരോപിച്ച് ഗുജറാത്തിൽ ക്രിസ്ത്യൻ മിഷനറി സ്‌കൂൾ നടത്തിപ്പ് സർക്കാർ ഏറ്റെടുത്തു. അഹമ്മദാബാദിലെ മണിനഗർ മേഖലയിലുള്ള സെവൻത്- ഡെ അഡ്‌വെന്റിസ്റ്റ് ഹയർ സെക്കൻഡറി സ്‌കൂൾ ആണ് സർക്കാർ ഏറ്റെടുത്തത്. ഇനി മുതൽ സ്‌കൂൾ നടത്തിപ്പിന്റെ ചുമതല ജില്ലാ വിദ്യാഭ്യാസ ഓഫീസർക്കാണ്.

ഡിസംബർ 16 മുതൽ സ്‌കൂൾ നടത്തിപ്പ് ജില്ലാ വിദ്യാഭ്യാസ ഓഫീസർ ഏറ്റെടുത്തതായി ഹെഡ്മിസ്ട്രസ് മയൂരിക പട്ടേൽ പറഞ്ഞു. ആഗസ്റ്റ് 19ന് സ്‌കൂൾ പരിസരത്ത് ഒരു വിദ്യാർഥി മറ്റൊരു വിദ്യാർഥിയെ കുത്തിക്കൊലപ്പെടുത്തിയിരുന്നു. ഇതിന്റെ അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.

Advertising
Advertising

സ്‌കൂൾ ഭരണം ഏറ്റെടുത്ത സർക്കാർ നടപടി അനീതിയും വിവേചനപരവുമാണെന്ന് ക്രിസ്ത്യൻ നേതാക്കൾ പറഞ്ഞു. സ്‌കൂളിനെതിരെ ആരോപണങ്ങൾ ഉന്നയിച്ചവർ നിക്ഷിപ്ത താത്പര്യക്കാരാണെന്നും അവർ വിഷയത്തെ വർഗീയവൽക്കരിക്കാൻ ശ്രമിച്ചെന്നും മാനേജ്‌മെന്റ് ആരോപിച്ചു.

സ്‌കൂൾ നടത്തുന്ന ട്രസ്റ്റിനെക്കുറിച്ച് വ്യക്തതയില്ല എന്നാണ് ഡിഇഒ റിപ്പോർട്ടിൽ പറയുന്നത്. പുസ്തക വിൽപ്പനയിലൂടെ അമിത ലാഭം കൊയ്യുക, അംഗീകാരമില്ലാത്ത ഷിഫ്റ്റ് സമ്പ്രദായം, പാട്ട വ്യവസ്ഥകൾ ലംഘിക്കുക, തെറ്റായ സത്യവാങ്മൂലം നൽകി തുടങ്ങിയ കുറ്റങ്ങളും റിപ്പോർട്ടിൽ ആരോപിക്കുന്നുണ്ട്. സ്‌കൂൾ നടത്തിപ്പ് സർക്കാർ ഏറ്റെടുക്കണമെന്നും റിപ്പോർട്ടിൽ നിർദേശമുണ്ടായിരുന്നു.

ഡിഇഒ റിപ്പോർട്ടിലെ ആരോപണങ്ങൾ പൂർണമായും അടിസ്ഥാനരഹിതമാണെന്ന് ഹെഡ്മിസ്ട്രസ് പറഞ്ഞു. 46 വർഷം പാരമ്പര്യമുള്ള സ്‌കൂൾ കൗൺസിൽ ഫോർ ദ ഇന്ത്യൻ സ്‌കൂൾ സർട്ടിഫിക്കറ്റ് എക്‌സാമിനേഷൻസ് (സിഐഎസ്‌സിഇ) അംഗീകാരത്തോടെയാണ് പ്രവർത്തിക്കുന്നത്. സർക്കാർ മാനദണ്ഡങ്ങൾ പൂർണമായും പാലിച്ചാൽ മാത്രമേ സ്‌കൂളിന് അംഗീകാരം ലഭിക്കുകയുള്ളൂ. പിന്നെ എങ്ങനെയാണ് സർക്കാർ ക്രമക്കേട് ആരോപിക്കുന്നതെന്നും മയൂരിക പട്ടേൽ പറഞ്ഞു.

1979ൽ 18 വിദ്യാർഥികളുമായി തുടങ്ങിയ സ്‌കൂളിൽ ഇപ്പോൾ 11,000 വിദ്യാർഥികളും 650 ജീവനക്കാരുമുണ്ട്. മികച്ച അക്കാദമിക് റെക്കോർഡുള്ള സ്‌കൂൾ മേഖലയിലെ പ്രധാനപ്പെട്ട സ്‌കൂളാണ്. സ്‌കൂളിന് എതിരായ നീക്കം അത് ക്രിസത്യൻ മാനേജ്‌മെന്റി കീഴിലായതുകൊണ്ട് മാത്രമാണെന്നും ജെസ്യൂട്ട് പുരോഹിതനായ സെഡ്‌റിക് പ്രകാശ് പറഞ്ഞു.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News