ഇന്ത്യയിൽ ഏറ്റവും കൂടുതൽ ശുദ്ധവായു ലഭിക്കുന്ന സ്ഥലങ്ങൾ ഇവയാണ്; പട്ടികയിൽ കേരളത്തിലെ നഗരവും

ദീപാവലി ആഘോഷങ്ങൾക്ക് പിന്നാലെ ഡൽഹി പോലെയുള്ള നഗരങ്ങളിലെ വായു മലിനീകരണത്തോത്‌ അതീവ ഗുരുതരാവസ്ഥയിലേക്ക്‌ എത്തിയിരിക്കുകയാണ്‌

Update: 2025-10-27 13:57 GMT
Editor : നബിൽ ഐ.വി | By : Web Desk

Photo | Special Arrangement

ന്യൂഡൽഹി: ദീപാവലി ആഘോഷങ്ങൾക്ക് പിന്നാലെ ഡൽഹിപോലെയുള്ള നഗരങ്ങളിലെ വായു മലിനീകരണത്തോത്‌ അതീവ ഗുരുതരാവസ്ഥയിലേക്ക്‌ എത്തിയിരിക്കുകയാണ്‌. ഡൽഹിയും സമീപ പ്രദേശങ്ങളും കടുത്ത വായു മലിനീകരണത്തിനെതിരെ പൊരുതുമ്പോൾ രാജ്യത്തെ ഏറ്റവും മികച്ച ശുദ്ധവായു ലഭിക്കുന്ന 10 സ്ഥലങ്ങളുടെ പട്ടിക എയർ ക്വാളിറ്റി ഇൻഡക്സ് (എക്യുഐ) പുറത്തുവിട്ടിരിക്കുകയാണ്.

1) മടിക്കേരി (കൂർഗ്), കർണാടക

കർണാടകത്തിലെ കുടക് ജില്ലയുടെ ആസ്ഥാനമാണ് മടിക്കേരി. കർണാടകയിലെ ഒരു പ്രമുഖ വിനോദസഞ്ചാര കേന്ദ്രം കൂടിയാണിത്. ഇന്ത്യയിലെ ഏറ്റവും ശുദ്ധമായ വായുസഞ്ചാരമുള്ള നഗരമായ മടിക്കേരിയിൽ എക്യുഐ 12 ആണ് രേഖപ്പെടുത്തിയിരിക്കുന്നത്.

Advertising
Advertising

2) തഞ്ചാവൂർ, തമിഴ്നാട്

തമിഴ്‌നാട്ടിൽ കാവേരി നദിയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന സ്ഥലമാണ്‌ തഞ്ചാവൂർ. തമിഴ്‌നാടിന്റെ സാംസ്കാരിക തലസ്ഥാനവുമായ തഞ്ചാവൂർ കല, വാസ്തുവിദ്യ എന്നിവയിൽ പേരുകേട്ട ന​ഗരമാണ്. ഇന്ത്യയിൽ ഏറ്റവും നല്ല ശുദ്ധവായു കിട്ടുന്ന രണ്ടാമത്തെ സ്ഥലമാണ് തഞ്ചാവൂർ. എക്യുഐ 27 ആണ് രേഖപ്പെടുത്തിയിരിക്കുന്നത്.

3) തിരുനെൽവേലി, തമിഴ്നാട്

തമിഴ്‌നാടിന്റെ തെക്കേ അറ്റത്ത് സ്ഥിതിചെയ്യുന്ന പട്ടണമാണ് തിരുനെൽവേലി. പാരമ്പര്യം, ആത്മീയത, പ്രകൃതി വിഭവങ്ങൾ, സുഖകരമായ കാലാവസ്ഥ എന്നിവ ഒത്തുചേരുന്ന തിരുനെൽവേലി ഒരു വിനോദസഞ്ചാര കേന്ദ്രം കൂടിയാണ്. എക്യുഐ 49 ആണ് രേഖപ്പെടുത്തിയിരിക്കുന്നത്.

4) കണ്ണൂർ, കേരളം

ഇന്ത്യയിലെ ഏറ്റവും മികച്ച ശുദ്ധവായു ലഭിക്കുന്ന 10 നഗരങ്ങളില്‍ കേരളത്തില്‍ നിന്നും കണ്ണൂര്‍ ഇടംപിടിച്ചിട്ടുണ്ട്. വലിപ്പത്തിന്റെ കാര്യത്തിൽ കേരളത്തിൽ അഞ്ചാം സ്ഥാനമാണ് കണ്ണൂരിനുള്ളത്. എക്യുഐ 58 രേഖപ്പെടുത്തിയ കണ്ണൂരിൽ വായു മലിനീകരണ തോത് വളരെ കുറവാണ്.

5) ഐസ്വാൾ, മിസോറാം

മിസോറമിന്റെ തലസ്ഥാന ന​ഗരമാണ് ഐസ്വാൾ. ഉയർന്ന ഭൂപ്രകൃതിയും സമൃദ്ധമായ പച്ചപ്പും ഉള്ളതിനാല്‍ വായുവിൽ നിന്നുള്ള മലിനീകരണത്തെ ഫലപ്രദമായി നീക്കം ചെയ്യുന്നതായി റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു. വടക്കുകിഴക്കൻ ഇന്ത്യയിലെ ഏറ്റവും ശുദ്ധമായ വായു ലഭിക്കുന്നതും ഐസ്വാളിലാണ്. എക്യുഐ 60 ആണ് രേഖപ്പെടുത്തിയിരിക്കുന്നത്.

6) വാരണാസി, ഉത്തർപ്രദേശ്

അത്ഭുതപ്പെട്ടോ? പക്ഷേ, ഇന്ത്യയുടെ പുണ്യനഗരമായി അറിയപ്പെടുന്ന വാരണാസിയിൽ വായു മലിനീകരണ തോത് വളരെ കുറവാണ്. എക്യുഐ 79ൽ എത്തിയതോടെ, ഉത്തർപ്രദേശിലെയും ഇന്ത്യയിലെയും ഏറ്റവും ശുദ്ധവായുവുള്ള നഗരങ്ങളിൽ ഒന്നായി വാരണാസി തുടരുന്നു.

7) ഋഷികേശ്, ഉത്തരാഖണ്ഡ്

ഉത്തരാഖണ്ഡിലെ ഡെറാഡൂണിൽ സ്ഥിതിചെയ്യുന്ന ഋഷികേശ് ഹിമാലയത്തിലേക്കുള്ള പ്രവേശനകവാടം എന്നാണ് അറിയപ്പെടുന്നത്. കാടുകൾ നിറഞ്ഞ കുന്നുകളിലും ഗംഗാ തീരത്തും സ്ഥിതി ചെയ്യുന്ന ഋഷികേശിൽ എക്യുഐ 98 ആണ് രേഖപ്പെടുത്തിയിരിക്കുന്നത്.

8) കാശിപൂർ, ഉത്തരാഖണ്ഡ്

ഉത്തരാഖണ്ഡിൽ സ്ഥിതി ചെയ്യുന്ന കാശിപൂരിൽ ജനസാന്ദ്രത കുറവാണ്. പ്രധാന നഗരങ്ങളിൽ നിന്ന് അൽപ്പം അകലെയായാണ് കാശിപൂർ സ്ഥിതി ചെയ്യുന്നത്. വായു ഗുണനിലവാര സൂചിക 98 ആണ്.

9) ജോധ്പൂർ, രാജസ്ഥാൻ

വടക്കുപടിഞ്ഞാറൻ ഇന്ത്യൻ സംസ്ഥാനമായ രാജസ്ഥാനിലെ തലസ്ഥാനമായ ജയ്പൂർ കഴിഞ്ഞാൽ രണ്ടാമത്തെ വലിയ നഗരമാണ് ജോധ്പൂർ. 2025 ലെ കണക്കനുസരിച്ച്, നഗരത്തിൽ 1.6 ദശലക്ഷം ജനസംഖ്യയുണ്ട്. എന്നിരുന്നാലും ഏറ്റവും ശുദ്ധമായ വായു ലഭിക്കുന്ന ഇന്ത്യൻ നഗരങ്ങളുടെ പട്ടികയിൽ ജോധ്പൂർ ഇടംപിടിച്ചിരിക്കുകയാണ്. എക്യുഐ 99 ആണ് രേഖപ്പെടുത്തിയിരിക്കുന്നത്.

10) ഡെറാഡൂൺ, ഉത്തരാഖണ്ഡ്

എക്യുഐ പുറത്തിറക്കിയ പട്ടികയിൽ പത്താം സ്ഥാനമാണ് ഡെറാഡൂണിനുള്ളത്. ഉത്തരാഖണ്ഡിന്റെ തലസ്ഥാനവും ഹിമാലയത്തിലേക്കുള്ള കവാടവുമായ ഡെറാഡൂൺ ഇന്ത്യയിലെ ഏറ്റവും വൃത്തിയുള്ള നഗരങ്ങളിൽ ഒന്നാണ്. എക്യുഐ 100 ആണ് ഡെറാഡൂണിൽ രേഖപ്പെടുത്തിയിരിക്കുന്നത്. 

Tags:    

Writer - നബിൽ ഐ.വി

Trainee Web Journalist, MediaOne

Trainee Web Journalist, MediaOne

Editor - നബിൽ ഐ.വി

Trainee Web Journalist, MediaOne

Trainee Web Journalist, MediaOne

By - Web Desk

contributor

Similar News