ബോംബ് ഭീഷണി; ഇൻഡിഗോ വിമാനം നാഗ്പൂരിൽ ഇറക്കി

ഹൈദരാബാദിലേക്ക് പുറപ്പെട്ട വിമാനമാണ് ബോംബ് ഭീഷണിയെ തുടർന്ന് വഴിതിരിച്ചുവിട്ടത്

Update: 2024-09-01 09:38 GMT

നാഗ്പൂർ: ബോംബ് ഭീഷണിയെ തുടർന്ന് ഇൻഡിഗോയുടെ ജബൽപൂർ-ഹൈദരാബാദ് വിമാനം നാഗ്പൂരിലിറക്കി. വിമാനത്തിൻ്റെ കുളിമുറിയിൽ നിന്ന് കണ്ടെത്തിയ ഒരു കടലാസിലാണ് ബോംബ് ഭീഷണി സന്ദേശം എഴുതിയിരുന്നുവെന്ന് പൊലീസ് പറഞ്ഞു. വിമാനത്തിൽ നിന്ന് സംശയാസ്പദമായ ഒന്നും കണ്ടെത്തിയില്ലെന്നും പൊലീസ് പറഞ്ഞു.

ഞായറാഴ്ച രാവിലെ ജബൽപൂരിൽ നിന്ന് ഹൈദരാബാദിലേക്ക് ഷെഡ്യൂൾ ചെയ്തിരുന്ന 6E-7308 വിമാനത്തിലാണ് ബോംബ് ഭീഷണി സന്ദേശം ലഭിച്ചത്. തുടർന്നാണ് നാഗ്പൂർ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് വഴിതിരിച്ചുവിട്ടതെന്ന് ഇൻഡിഗോ പ്രസ്താവനയിൽ പറഞ്ഞു.

വിമാനം ലാൻഡ് ചെയ്തതിന് പിന്നാലെ യാത്രക്കാരെ പുറത്തിറക്കി പരിശോധനകൾ നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല. യാത്രക്കാർക്ക് ലഘുഭക്ഷണമടക്കമുള്ള സൗകര്യങ്ങളൊരുക്കിയെന്നും ഇൻഡിഗോ വ്യക്തമാക്കി. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.

Tags:    

Writer - അനസ് അസീന്‍

contributor

Editor - അനസ് അസീന്‍

contributor

By - Web Desk

contributor

Similar News