മരണം വിതയ്ക്കുന്ന കഫ് സിറപ്പുകൾ; വില്ലനാവുന്നതെന്ത്?

വിഷാംശമടങ്ങിയ കഫ് സിറപ്പുകൾ കഴിച്ചതിനെ തുടർന്ന് വൃക്കകളുടെ പ്രവർത്തനം തകരാറിലായാണ് കുട്ടികൾ മരിക്കുന്നത്

Update: 2025-10-08 05:50 GMT

Father of Died Child | Photo | Reuters

സെപ്റ്റംബർ തുടക്കത്തിൽ മധ്യപ്രദേശിലെ ഒരു ഗ്രാമത്തിൽ ആറു വയസിൽ താഴെയുള്ള 11 കുട്ടികളുടെ മരണം ആരോഗ്യപ്രവർത്തകരെ ആശങ്കയിലാക്കി. ഒരു വയസിനും ആറു വയസിനും ഇടയിലുള്ളവരായിരുന്നു മരിച്ചത്. വൃക്കകളുടെ പ്രവർത്തനം തകരാറിലായതായിരുന്നു എല്ലാവരുടെയും മരണകാരണം. ഇത് എങ്ങനെ സംഭവിച്ചുവെന്ന് കണ്ടെത്താൻ ആരോഗ്യവകുപ്പ് വ്യാപക പരിശോധന നടത്തി. എല്ലാ സാധ്യതകളും പരിശോധിച്ചു.

ആഴ്ചകൾക്ക് ശേഷം ചെന്നൈയിലെ ലാബിൽ നടത്തിയ പരിശോധനാ റിപ്പോർട്ട് പുറത്തുവന്നപ്പോഴാണ് യഥാർഥ വില്ലൻ ചുമയുടെ കഫ് സിറപ്പാണെന്ന് തിരിച്ചറിഞ്ഞത്. ഈ സിറപ്പിൽ വ്യാവസായിക ലായകമായ ഡൈഎത്തിലീന്റെ അളവ് 48.6 ശതമാനമായിരുന്നു. ഒരു മെഡിസിനിൽ ഒരിക്കലും ഉണ്ടാവാൻ പാടില്ലാത്ത ഈ വിഷാംശമുള്ള രാസവസ്തു ശരീരത്തിലെത്തിയാൽ വൃക്കകളുടെ പ്രവർത്തനം തകരാറിലാവുന്നത് സ്വാഭാവികമാണ്.

Advertising
Advertising



മധ്യപ്രദേശിൽ മാത്രമായിരുന്നില്ല ഈ രീതിയിൽ കുട്ടികൾ മരിച്ചത്. അയൽസംസ്ഥാനമായ രാജസ്ഥാനിലും ചുമയ്ക്കുള്ള ഡെക്‌സ്‌ത്രോമെത്തോർഫാൻ എന്ന സിറപ്പ് കഴിച്ചതിനെ തുടർന്ന് രണ്ട് കുട്ടികൾ മരിച്ചിരുന്നു. വർഷങ്ങളായി, ഇന്ത്യയിൽ നിർമിച്ച ചുമ സിറപ്പുകളിലെ ഡൈഎത്തിലീൻ ഗ്ലൈക്കോൾ ഡസൻ കണക്കിന് ജീവനുകൾ അപഹരിച്ചിട്ടുണ്ട്. 2023ൽ, ഡൈഎത്തിലീൻ ഗ്ലൈക്കോൾ കലർന്ന ഇന്ത്യൻ സിറപ്പുകൾ ഗാംബിയയിൽ 70 കുട്ടികളുടെയും ഉസ്‌ബെക്കിസ്ഥാനിൽ 18 കുട്ടികളുടെയും മരണത്തിന് കാരണമായിരുന്നു.

2019 ഡിസംബറിനും 2020 ജനുവരിക്കും ഇടയിൽ ജമ്മുവിൽ അഞ്ച് വയസ്സിന് താഴെയുള്ള 12 കുട്ടികളെങ്കിലും കഫ് സിറപ്പ് കഴിച്ച് മരിച്ചു. ഇത് ഔദ്യോഗിക കണക്കാണെന്നും യഥാർഥ മരണസംഖ്യ ഇതിലും കൂടുതലായിരിക്കാമെന്നും അഭിപ്രായമുണ്ട്. ഓരോ തവണ പ്രശ്‌നങ്ങൾ ഉണ്ടാവുമ്പോഴും മരുന്ന് നിർമാണത്തിലും വിതരണത്തിലും നിയന്ത്രണങ്ങൾ കൊണ്ടുവരുമെന്ന് പറയുമെങ്കിലും കാര്യങ്ങൾ വീണ്ടും പഴയപടിയാവും. മരുന്ന് നിർമാണത്തിന് ഏകീകൃത സംവിധാനമില്ല എന്നതാണ് വലിയ തിരിച്ചടിയാവുന്നത്. പലപ്പോഴും ചെറിയ നിർമാണ കമ്പനികൾ വലിയ പരിശോധനകളോ നിയന്ത്രണങ്ങളോ ഇല്ലാതെയാണ് മരുന്നുകൾ നിർമിച്ച് വിപണിയിലെത്തിക്കുന്നത്.

സമീപകാലത്തുണ്ടായ മരണങ്ങളുടെ പശ്ചാത്തലത്തിൽ ഇത്തരം മരുന്നുകളുടെ ഉപയോഗത്തിന് കേന്ദ്ര ആരോഗ്യമന്ത്രാലയം നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. അഞ്ച് വയസിൽ താഴെയുള്ള കുട്ടികൾ ചുമക്കും ജലദോഷത്തിനും സിറപ്പുകൾ നിർദേശിക്കുന്നത് പരമാവധി ഒഴിവാക്കണമെന്നും നിർദേശമുണ്ട്. വിഷാംശം അടങ്ങിയ മരുന്നുകളുടെ നിർമാണത്തിനും വിൽപനക്കും നിയന്ത്രണം ഏർപ്പെടുത്തിയ ആരോഗ്യമന്ത്രാലയം അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.

ആരോഗ്യസംവിധാനങ്ങളുടെ അപര്യാപ്തതകളാണ് ഇത്തരം ദുരന്തങ്ങൾ ആവർത്തിക്കാൻ കാരണമാകുന്നത് എന്നാണ് പ്രധാനമായും ഉയരുന്ന ഒരു വിമർശനം. ഇന്ത്യൻ കഫ് സിറപ്പ് വിപണി 2024ൽ 262.5 മില്യൻ ഡോളറായിരുന്നെങ്കിൽ 2035ൽ അത് 743 മിലൻ ഡോളറായി ഉയരുമെന്നാണ് പഠനങ്ങൾ പറയുന്നത്.

ചുമക്കും ജലദോഷത്തിനും അമിതമായി മരുന്ന് കഴിക്കുന്ന ശീലമാണ് ഇന്ത്യയിൽ ഇത്തരം ദുരന്തങ്ങൾ ആവർത്തികാനുള്ള പ്രധാന കാരണമെന്നാണ് വിലയിരുത്തപ്പെടുന്നത്. തൊണ്ടവേദനയും ജലദോഷവും പെട്ടെന്ന് സുഖപ്പെടാൻ വേണ്ടിയാണ് കൂടുതൽ ആളുകളും ഇത്തരം സിറപ്പുകൾ ഉപയോഗിക്കുന്നത്. പഞ്ചസാരയും കളറും മറ്റു ഫ്‌ളേവറുകളുമാണ് പ്രധാനമായും സിറപ്പിൽ അടങ്ങിയിരിക്കുന്നത്. ഘട്ടം ഘട്ടമായി രോഗം ഭേദമാക്കുന്നുവെന്നാണ് വിശദീകരണമെങ്കിലും ഇതൊന്നും പൂർണമായി തെളിയിക്കപ്പെട്ടിട്ടില്ല. ഭൂരിഭാഗം കഫക്കെട്ടുകളും ദിവസങ്ങൾക്കുള്ളിൽ സ്വാഭാവികമായി സുഖപ്പെടുമാണ് ആരോഗ്യവിദഗ്ധർ പറയുന്നത്.

അണുബാധയോ അലർജിയോ മൂലമാണ് ചുമ ഉണ്ടാകുന്നത്. ചുമ സിറപ്പുകൾ സാധാരണയായി രണ്ട് തരത്തിലാണ്. കുട്ടിയെ വിശ്രമിക്കാൻ സഹായിക്കുന്ന സെഡേറ്റീവ് മരുന്നുകളും ശ്വസനം സുഗമമാക്കുന്ന ബ്രോങ്കോഡിലേറ്ററുകൾ ഡോക്ടർമാർ സാധാരണയായി നിർദേശിക്കുന്നത്. മരുന്നുകളുടെ മിശ്രിതത്തിന് പകരം ഓരോന്നിനും വെവ്വേറെ മരുന്നുകളാണ് നിർദേശിക്കുന്നത്. മലിനീകരിക്കപ്പെട്ട ഇന്ത്യൻ നഗരങ്ങളിലെ കുട്ടികളിലെ സ്ഥിരമായ ചുമ കൂടുതലും അണുബാധ മൂലമല്ല, മറിച്ച് അലർജി കാരണമാണെന്ന് മുംബൈ ആസ്ഥാനമായുള്ള ശിശുരോഗ വിദഗ്ധനായ ഡോ. രാജാറാം ഡി ഖരെ പറയുന്നു. പൊടി, മലിനീകരണം തുടങ്ങിയ ഘടകങ്ങളോട് രോഗപ്രതിരോധ ശേഷി അമിതമായി പ്രതികരിക്കുമ്പോഴാണ് അലർജി ഉണ്ടാകുന്നത്.



ഈ കുട്ടികൾക്ക് പലപ്പോഴും ജലദോഷം അല്ലെങ്കിൽ മൂക്കൊലിപ്പ് ഉണ്ടാകാറുണ്ട്, രാത്രിയിലോ അതിരാവിലെയോ വഷളാകുന്ന ചുമയും ഉണ്ടാകാറുണ്ട്, ഇത് ഏതാനും ആഴ്ചകൾ കൂടുമ്പോൾ ആവർത്തിക്കുന്നു. വലിയ നഗരങ്ങളിൽ, അത്തരം ആവർത്തിച്ചുള്ള, നനഞ്ഞ ചുമ സാധാരണയായി പൊടിയും പുകമഞ്ഞും മൂലമാണ് ഉണ്ടാകുന്നതെന്ന് അദ്ദേഹം പറയുന്നു.

അത്തരം ചുമകൾക്ക് ശ്വാസനാളങ്ങൾ തുറക്കാൻ സഹായിക്കുന്ന ഇൻഹേലറുകൾ അല്ലെങ്കിൽ നെബുലൈസറുകൾ ആണ് കുടുതൽ നല്ലത്. എന്നാൽ പല ഡോക്ടർമാരും ഇപ്പോഴും പരിമിതമായ ആശ്വാസം മാത്രം നൽകുന്ന സിറപ്പുകളെയാണ് ആശ്രയിക്കുന്നതെന്ന് ഡോ. ഖരെ പറഞ്ഞു. കുട്ടികളിലെ മിക്ക ചുമകളും വൈറൽ ബാധ മൂലമാണ്. സ്വയം നിയന്ത്രണവിധേയമാവുകയും ഒരാഴ്ചയ്ക്കുള്ളിൽ സ്വയം മാറുകയും ചെയ്യും. ഒരു സിറപ്പും അവയുടെ ഗതി കുറയ്ക്കില്ലെന്ന് ഡോക്ടർമാർ പറയുന്നു. പ്രത്യേക സാഹചര്യങ്ങളിൽ അവ ക്ഷണികമായ ആശ്വാസം നൽകുമെങ്കിലും അമിത അളവിലുള്ള ഉപയോഗം അപകടസാധ്യത വർധിപ്പിക്കുമെന്നും ഡോക്ടർമാർ പറയുന്നു.

ഇന്ത്യയിലെ പ്രാഥമികാരോഗ്യ സംവിധാനത്തിന്റെ പരിമിതിയാണ് കഫ് സിറപ്പുകൾ കൂടുതലായി ഉപയോഗിക്കപ്പെടാൻ കാരണമെന്നാണ് വിലയിരുത്തപ്പെടുന്നത്. വർധിച്ചുവരുന്ന വായു മലിനീകരണം തുടർച്ചയായ ചുമയ്ക്ക് ആക്കം കൂട്ടുന്നതിനാൽ പതിവ് ശ്വസകോശ അണുബാധകൾക്കായി അവ കൂടുതലായി ദുരുപയോഗം ചെയ്യപ്പെടുന്നു.

ഗ്രാമപ്രദേശങ്ങളിൽ ഈ പ്രശ്‌നം കൂടുതൽ ആഴത്തിൽ വ്യാപിക്കുന്നു. ഗ്രാമീണ ഇന്ത്യയിൽ, പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിൽ 75 ശതമാനവും അനൗപചാരിക ആരോഗ്യപ്രവർത്തകരാണ് ജോലി ചെയ്യുന്നത്. പലപ്പോഴും സ്വയം പഠിപ്പിച്ച ഔപചാരിക മെഡിക്കൽ പരിശീലനം നേടിയിട്ടില്ലാത്തവരാണ് ഇവർ. പ്രാദേശിക പൊതുജനാരോഗ്യ ക്ലിനിക്കുകൾ വളരെ അകലെയുള്ളതോ ജീവനക്കാരുടെ കുറവോ, അടച്ചിട്ടിരിക്കുന്നതോ ആയ സ്ഥലങ്ങളിൽ അവർ യഥാർഥ ഡോക്ടർമാരാണ്. സിറപ്പുകളാണ് ഇത്തരം അനൗപചാരിക ഡോക്ടർമാർ പ്രധാനമായും നിർദേശിക്കുന്നത്.

ഒരു മെഡിക്കൽ ഡിഗ്രി പോലുമില്ലാത്തവർ വ്യാപകമായി സിറപ്പ് നിർദേശിക്കുന്നതാണ് ഗൊരഖ്പൂരിൽ നിയമിക്കപ്പെട്ട ശേഷം താൻ കണ്ടതെന്ന് ഡോ.കഫീൽ ഖാൻ പറഞ്ഞിരുന്നു. ദരിദ്രരായ പലരും രോഗം വരുമ്പോൾ മെഡിക്കൽ ഷോപ്പുകളിൽ നേരിട്ട് പോയി മരുന്ന് വാങ്ങിക്കഴിക്കുന്ന സാഹചര്യവുമുണ്ട്. മാതാപിതാക്കൾക്കും ഇതിനെപ്പറ്റി വലിയ ധാരണയില്ല. കുട്ടിയുടെ ചുമയും ജലദോഷവും രണ്ട് ദിവസത്തിനുള്ളിൽ മാറുന്നില്ലെങ്കിൽ അവർ പലപ്പോഴും മറ്റൊരു ഡോക്ടറെ കാറും. ആ ഡോക്ടർ കഫ് സിറപ്പ് നിർദേശിക്കുകയും ചെയ്യും.

ഡോക്ടർമാർക്കിടയിലും ഈ വിഷയത്തിൽ വലിയ ധാരണയില്ലാത്തവരുണ്ട്. പീഡിയാട്രിക്‌സിൽ എംഡി ബിരുദമുള്ളവർപോലും കുട്ടികൾക്ക് ആംബ്രോക്‌സോൾ കഫ് സിറപ്പ് നിർദേശിക്കുന്നത് കണ്ടിട്ടുണ്ട്. ഇത് കഫം ഇളകാൻ ഉദ്ദേശിച്ചുള്ളതാണ്. രണ്ട് വയസിൽ താഴെയുള്ള കുട്ടികൾക്ക് കഫം തുപ്പാൻ കഴിയില്ല. അത് ശ്വാസകോശത്തിലേക്ക് കടന്ന് ന്യൂമോണിയക്ക് കാരണമാകും. എന്നിട്ടും ഇപ്പോഴും അത് നിർദേശിക്കപ്പെടുന്നുണ്ട്. കഫ് സിറപ്പുകളുടെ ഉപയോഗത്തിൽ ഇന്ത്യക്കാർക്ക് കൃത്യമായ ബോധവത്കരണം വേണമെന്നാണ് സമീപകാല സംഭവങ്ങൾ തെളിയിക്കുന്നതെന്നും കഫീൽ ഖാൻ പറഞ്ഞു.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News