വിദ്വേഷപ്രസംഗം: ജസ്റ്റിസ് എസ്. കെ യാദവിനെതിരെ ആഭ്യന്തര അന്വേഷണം ആരംഭിച്ചു
വിവാദപ്രസംഗത്തിൽ പരസ്യമായി മാപ്പ് പറയണമെന്ന സുപ്രീംകോടതി കൊളീജിയത്തിന്റെ ആവശ്യം നിരസിച്ചതിന് പിന്നാലെയാണ് അന്വേഷണം
ന്യൂഡൽഹി: വിദ്വേഷപ്രസംഗം നടത്തിയ അലഹബാദ് ഹൈക്കോടതി ജസ്റ്റിസ് ശേഖർ കുമാർ യാദവിനെതിരെ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന ആഭ്യന്തര അന്വേഷണം ആരംഭിച്ചു. വിവാദപ്രസംഗത്തിൽ പരസ്യമായി മാപ്പ് പറയണമെന്ന സുപ്രീംകോടതി കൊളീജിയത്തിന്റെ ആവശ്യം നിരസിച്ചതിന് പിന്നാലെയാണ് അന്വേഷണം. നേരത്തെ മാപ്പ് പറയാമെന്ന് ജസ്റ്റിസ് എസ്‌കെ യാദവ് പറഞ്ഞിരുന്നെങ്കിലും, പിന്നീട് പിന്മാറുകയായിരുന്നു.
മുൻ സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് ഹൃഷികേശ് റോയ് ബാർ ആൻഡ് ബെഞ്ചിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. കഴിഞ്ഞ വർഷം ഡിസംബറിൽ വിശ്വഹിന്ദു പരിഷത്ത് പരിപാടിയിലായിരുന്നു ജസ്റ്റിസ് എസ്‌കെ യാദവ് ന്യൂനപക്ഷങ്ങൾക്കെതിരെ വിദ്വേഷ പരാമർശം നടത്തിയത്. സംഭവം വിവാദമായതോടെ, സുപ്രീം കോടതി കോളീജിയത്തിന് മുൻപിൽ സ്വകാര്യമായി മാപ്പ് പറയാൻ തയ്യാറാണെന്ന് അദ്ദേഹം പറഞ്ഞിരുന്നു. എന്നാൽ അടച്ചിട്ട മുറിയിലിരുന്ന് ക്ഷമാപണം നടക്കില്ലെന്നും, പൊതുവേദിയിൽ വെച്ച് ചെയ്യണമെന്നും സുപ്രീം കോടതി കൊളീജിയം വ്യക്തമാക്കി. ഇത് ജസ്റ്റിസ് എസ്‌കെ യാദവ് സമ്മതിച്ചിരുന്നു. എന്നാൽ പിന്നീട് പിന്മാറുകയായിരുന്നു.
സുപ്രിം കോടതികളിലെ ജഡ്ജിമാർ നിരവധി സുരക്ഷാ സംവിധാനങ്ങളാൽ സംരക്ഷിക്കപ്പെടുകയാണെന്നും, എന്നാൽ വഴി തെറ്റുന്നവർക്കെതിരെ നടപടി എടുക്കുന്നതിന് ആ സംരക്ഷണ മാർഗങ്ങൾ തടസം സൃഷ്ടിക്കുകയാണെന്നും ജസ്റ്റിസ് ഹൃഷികേശ് റോയ് ചൂണ്ടിക്കാട്ടി. “ഇപ്പോൾ നിയമത്തിൻ്റെ അതേ സംരക്ഷണം വഴിതെറ്റുന്നതായി കാണുന്ന ഒരാൾക്കെതിരെ നടപടിയെടുക്കുന്നതിന് ഒരു തടസ്സമായി മാറുന്നു. ഇംപീച്ച്‌മെൻ്റ് പ്രക്രിയ മാത്രമാണ് ഏക പോംവഴി, അത് വളരെ ഫലപ്രദമല്ലെന്ന് നിങ്ങൾക്കും എനിക്കും അറിയാം. മറ്റൊരു നടപടിക്രമം ആഭ്യന്തര അന്വേഷണമാണ്. അത് നടക്കുന്നുണ്ട്. ഇത്തരം സാഹചര്യത്തെ നേരിടാൻ നിലവിലെ നിയമത്തിൽ ഫലപ്രദമായ വഴികളില്ല” അദ്ദേഹം കൂട്ടി ചേർത്തു.
ജസ്റ്റിസ് എസ്‌കെ യാദവിനെതിരെ വിമർശനവുമായി മുതിർന്ന അഭിഭാഷകൻ ദുഷ്യന്ത് ദവെയും രംഗത്ത് വന്നിരുന്നു. ജസ്റ്റിസ് എസ്‌കെ യാദവിനെ ജുഡീഷ്യൽ ചുമതലകളിൽ നിന്ന് എത്രയും വേഗം നീക്കുക എന്നതാണ് സുപ്രീം കോടതി ചീഫ് ജസ്റ്റിസിന് ചെയ്യാൻ കഴിയുന്ന ഏറ്റവും ഫലപ്രദമായ കാര്യം എന്നായിരുന്നു അദ്ദേഹത്തിന്റെ വിമർശനം.