പാർലമെന്റിലെ സുരക്ഷാ വീഴ്ച: മാസങ്ങൾ നീണ്ട ഗൂഢാലോചനയെന്ന് വിലയിരുത്തൽ; അന്വേഷണം ഊർജിതം

ആഭ്യന്തരമന്ത്രി സഭയിൽ മറുപടി പറയണമെന്ന് പ്രതിപക്ഷം

Update: 2023-12-14 00:58 GMT
Editor : Lissy P | By : Web Desk
Advertising

ന്യൂഡല്‍ഹി: പാർലമെൻറ് സുരക്ഷവീഴ്ച സംബന്ധിച്ച് പിടിയിലായ അഞ്ചു പേരെ കേന്ദ്രീകരിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ അന്വേഷണം. പാർലമെന്റിലേക്കുള്ള പൊതുജനങ്ങളുടെയും മാധ്യമങ്ങളുടെയും പ്രവേശനത്തിനും നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. സുരക്ഷാ വീഴ്ചയിൽ ആഭ്യന്തരമന്ത്രി സഭയിലെത്തി മറുപടി നൽകണമെന്ന് ആവശ്യം ഉന്നയിച്ച് പാർലമെന്റിന്റെ ഇരു സഭകളിലും ഇന്നും പ്രതിപക്ഷം പ്രതിഷേധിക്കും.

കേസിൽ സംശയിക്കപ്പെടുന്ന ആറു പേരും ചേർന്ന് പാർലമെന്റിന് അകത്തേക്ക് പ്രവേശിക്കാൻ ഗൂഢാലോചന നടത്തിയെന്നാണ് ഡൽഹി പൊലീസിന്റെ പ്രാഥമിക നിഗമനം. പിടിയിലായ അഞ്ച് പേരെയും ചോദ്യം ചെയ്തതിൽ നിന്നാണ് നിർണായക വിവരങ്ങൾ പൊലീസിന് ലഭിച്ചത്. മറ്റു തീവ്രവാദ സംഘടനകൾക്കോ വിഘടനവാദ സംഘടനകൾക്കോ പ്രതിഷേധക്കാരുമായി ബന്ധമില്ല എന്ന പ്രാഥമിക നിഗമനത്തിലാണ് ഡൽഹി പോലീസ്. എങ്കിലും പാർലമെൻറ് ആക്രമണ വാർഷിക ദിനത്തിൽ നടന്ന സുരക്ഷാ വീഴ്ച ഗൗരവതരമായാണ് അധികൃതർ നോക്കിക്കാണുന്നത്. സിആർപിഎഫ് ഡിജി അനീഷ് സിംഗ് ദയാലിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ നിർദേശപ്രകാരം സുരക്ഷാ വീഴ്ചയെ കുറിച്ച് അന്വേഷിക്കുക.

വിവിധ അന്വേഷണ ഏജൻസികളിൽ നിന്നുള്ള അംഗങ്ങൾ ഈ സംഘത്തിൽ ഉണ്ടായിരിക്കും. രാത്രി ഏറെ വൈകിയും പാർലമെന്റിൽ അതിക്രമിച്ചു കയറിയ അഞ്ച് പേരെയും പൊലീസും മറ്റ് അന്വേഷണം ഏജൻസികളും ചോദ്യം ചെയ്തു. മാസങ്ങളോളം നീണ്ട  ഗൂഢാലോചനയുടെ ഫലമായാണ് ഇവർ പാർലമെൻറിനകത്ത് പ്രതിഷേധിച്ചത് എന്നാണ് ലഭിക്കുന്ന വിവരം. തീവ്രവാദ സംഘടനകളുടെ സാന്നിധ്യം ഉൾപ്പെടെയുള്ള സാധ്യതകൾ ഇനിയും അന്വേഷണസംഘങ്ങൾ തള്ളിക്കളഞ്ഞിട്ടില്ല. സന്ദർശക പാസ് വഴി പാർലമെൻ്റിന് അകത്തേക്കുള്ള പൊതുജനങ്ങളുടെ പ്രവേശനം ഇന്നുമുതൽ അധികൃതർ തടഞ്ഞിട്ടുണ്ട്. മാധ്യമപ്രവർത്തകർ ഇരിക്കുന്ന ഗ്യാലറിക്കും സന്ദർശകർ ഇരിക്കുന്ന ഗ്യാലറിക്കും ഗ്ലാസ് ഘടിപ്പിച്ച് സഭാ ഹാളിലേക്ക് കയറാൻ സാധ്യതയുള്ള മാർഗ്ഗങ്ങൾ സുരക്ഷാ ഏജൻസികൾ അടച്ചു. സന്ദർശന ഫാസിന് താൽക്കാലിക വിലക്കും ഏർപ്പെടുത്തിയിട്ടുണ്ട്. പിടിയിലായവരെ ചോദ്യം ചെയ്യുന്നതിൽ നിന്നും ലഭിക്കുന്ന നിർണായക വിവരങ്ങൾ അനുസരിച്ച് അന്വേഷണം മുന്നോട്ടു കൊണ്ടുപോകാനാണ് ഏജൻസികളുടെ നീക്കം.

Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News