നിര്‍ണായക സമയങ്ങളിൽ ഇറാൻ പിന്തുണച്ചിട്ടുണ്ട്, ഇന്ത്യ അതിന് മറുപടി നൽകണം; മല്ലികാര്‍ജുൻ ഖാര്‍ഗെ

രാജ്യത്തിന് 50% അസംസ്കൃത എണ്ണയുടെ 50 ശതമാനം ഇറാനിൽ നിന്നാണ് ലഭിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു

Update: 2025-06-24 05:49 GMT
Editor : Jaisy Thomas | By : Web Desk

ഡൽഹി: ഇറാൻ-ഇസ്രായേൽ യുദ്ധത്തിൽ കേന്ദ്ര സർക്കാർ ഇറാനെ പിന്തുണയ്ക്കണമെന്നും ചില നിർണായക സമയങ്ങളിൽ ഇറാൻ ഇന്ത്യയെ പിന്തുണച്ചിട്ടുണ്ടെന്നും കോൺഗ്രസ് പ്രസിഡന്‍റ് മല്ലികാർജുൻ ഖാർഗെ. രാജ്യത്തിന് 50% അസംസ്കൃത എണ്ണയുടെ 50 ശതമാനം ഇറാനിൽ നിന്നാണ് ലഭിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മോദി സ്വയം ‘വിശ്വഗുരു’വായി അവതരിപ്പിക്കുകയും വിവിധ രാജ്യങ്ങൾ സന്ദർശിക്കുകയും പല രാജ്യങ്ങളുമായി നല്ല ബന്ധമുണ്ടെന്ന് പറയപ്പെടുകയും ചെയ്യുന്നതിനാൽ, ഇറാൻ-ഇസ്രായേൽ യുദ്ധം തടയാൻ മോദി തൻ്റെ നല്ല ബന്ധം ഉപയോഗിക്കണമെന്ന് ഖാർഗെ മാധ്യമങ്ങളോട് പറഞ്ഞു.

Advertising
Advertising

അമേരിക്കൻ പ്രസിഡന്‍റ് തെരഞ്ഞെടുപ്പിനിടെ മോദി അമേരിക്കയിൽ പോയി ‘ഫിർ ഏക് ബാർ ട്രംപ് സർക്കാർ’ എന്ന മുദ്രാവാക്യവുമായി പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപിന് വോട്ട് ചെയ്യാൻ ഇന്ത്യക്കാരോട് ആഹ്വാനം ചെയ്ത കാര്യം അദ്ദേഹം ഓർമ്മിപ്പിച്ചു. എന്നാൽ ട്രംപ് ഇന്ത്യക്ക് വേണ്ടി ഒന്നും ചെയ്തിട്ടില്ലെന്നും പകരം നിരവധി നികുതികൾ ചുമത്തുകയാണ് ചെയ്തതെന്നും ഖാർഗെ വ്യക്തമാക്കി.

കൂടാതെ ഏപ്രിലിൽ പഹൽഗാമിൽ നടന്ന ഭീകരാക്രമണത്തെക്കുറിച്ച് ഖാർഗെ പറഞ്ഞു, 26 വിനോദസഞ്ചാരികളുടെ മരണത്തിന് മറുപടിയായി രാജ്യത്തെ സൈനികർ ഭീകര കേന്ദ്രങ്ങൾ ആക്രമിച്ചു. എല്ലാ രാഷ്ട്രീയ പാർട്ടികളും ജനങ്ങളും സൈനികരോടൊപ്പമാണ്, എന്നാൽ ചിലർ അതിന്റെ ക്രെഡിറ്റ് എടുക്കാൻ ശ്രമിക്കുന്നു. പ്രധാനമന്ത്രി മോദി രണ്ടുതവണ സർവകക്ഷി യോഗങ്ങൾ വിളിച്ചുചേർത്തിരുന്നുവെന്നും എല്ലാ നേതാക്കളും യോഗത്തിൽ പങ്കെടുത്തിരുന്നുവെന്നും എന്നാൽ മോദി തന്നെ യോഗം ഒഴിവാക്കിയെന്നും അദ്ദേഹം ആരോപിച്ചു.

"മോദി വിശ്വ ഗുരു ആകുന്നതിൽ ആർക്കും പ്രശ്നമില്ല, അദ്ദേഹം ആദ്യം ഹോം ഗുരു ആകണം, സാധാരണക്കാരുടെ പ്രശ്നങ്ങൾ പരിഹരിക്കണം," ഖാർഗെ പറഞ്ഞു. യുദ്ധം എന്നാൽ നാശമാണ്. സമാധാനത്തിനും യുദ്ധം അവസാനിക്കുന്നതിനും വേണ്ടി നമുക്ക് പ്രാർത്ഥിക്കാം'' ഖാര്‍ഗെ കൂട്ടിച്ചേര്‍ത്തു. 

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News