ധരാലിയിലെ മിന്നൽ പ്രളയത്തിൽ മരിച്ചെന്നു കരുതി; അന്ത്യകർമ്മം നടക്കുന്നതിനിടെ വീട്ടിലെത്തി 'മരിച്ച' യുവാക്കൾ

മക്കളെക്കുറിച്ച് വാർത്തകളൊന്നും ലഭിക്കാതെ വന്നതോടെ പ്രളയത്തിൽ മരിച്ചിരിക്കാമെന്ന നിഗമനത്തിൽ കുടുംബങ്ങൾ എത്തുകയായിരുന്നു

Update: 2025-08-19 13:12 GMT

ബിഹാർ: ആഗസ്റ്റ് അഞ്ചിന് ഉത്തരാഖണ്ഡിലെ ധരാലിയിലുണ്ടായ മിന്നൽ പ്രളയത്തിൽ മരിച്ചെന്ന് കരുതിയ മൂന്നുയുവാക്കൾ വീട്ടിൽ തിരിച്ചെത്തി. ബിഹാറിലെ ചമ്പാരൻ ഗ്രാമവാസികളായ യുവാക്കളാണ് തങ്ങൾക്കായുള്ള അന്ത്യകർമ്മങ്ങൾ നടക്കുന്നതിനിടെ വീട്ടിലെത്തിയത്. മൂന്നുയുവാക്കളും മരിച്ചെന്ന് കരുതിയ വീട്ടുകാർ അന്ത്യകർമ്മം നടത്താൻ തീരുമാനിക്കുകയായിരുന്നു.

രാഹുൽ മുഖിയ, മുന്ന മുഖിയ, രവി കുമാർ എന്നിവരാണ് കുടുംബത്തിന് ആശ്വാസമേകി തിരികെയെത്തിയത്. മക്കളെക്കുറിച്ച് വാർത്തകളൊന്നും ലഭിക്കാതെ വന്നതോടെ പ്രളയത്തിൽ മരിച്ചിരിക്കാമെന്ന നിഗമനത്തിൽ കുടുംബങ്ങൾ എത്തുകയായിരുന്നു. എന്നാൽ പ്രളയമുണ്ടായ സമയത്ത് മൂന്നുപേരും ആ മേഖലയിൽ ഉണ്ടായിരുന്നില്ല.

Advertising
Advertising

പ്രളയമുണ്ടാകുന്നതിന് മൂന്നുദിവസം മുമ്പാണ് ജോലി ആവശ്യാർഥം ഗംഗോത്രിയിലേക്ക് യുവാക്കൾ യാത്രചെയ്യുന്നത്. അപ്രതീക്ഷിതമായി ഉണ്ടായ മണ്ണിടിച്ചിലും തുടർന്നുണ്ടായ പ്രളയവും കാരണം മേഖലയിൽ ആശയവിനിമയത്തിന് തടസം നേരിട്ടിരുന്നു. ഇതാണ് യുവാക്കളുടെ യാതൊരു വിവരവും ലഭിക്കാതിരിക്കാൻ കാരണം.

' ഗംഗോത്രിയിൽ മൊബൈൽ സിഗ്നലുണ്ടായിരുന്നില്ല. ഞങ്ങൾക്കായി ആളുകൾ തിരച്ചിൽ നടത്തുന്നുണ്ടെന്ന കാര്യമോ, പ്രളയമുണ്ടായെന്നോ ഒന്നും ഞങ്ങൾക്കറിയില്ലായിരുന്നുവെന്ന് ടൈംസ് ഓഫ് ഇന്ത്യയോട് രാഹുൽ പറഞ്ഞു.

രക്ഷാപ്രവർത്തനങ്ങൾക്കിടെയാണ് സേന മൂന്നുയുവാക്കളെയും കണ്ടെത്തുന്നതും ഡെറാഡൂണിലേക്ക് വ്യോമ മാർഗം രക്ഷപ്പെടുത്തിയതും. പിന്നീട് മൂന്നുപേരും ഗ്രാമത്തിലേക്ക് മടങ്ങുകയായിരുന്നു. മരിച്ചെന്നു കരുതിയ മക്കൾ തിരിച്ചെത്തിയ സന്തോഷത്തിലാണ് കുടുംബം.

Tags:    

Writer - അരീജ മുനസ്സ

വെബ് ജേണലിസ്റ്റ്, മീഡിയവൺ

Editor - അരീജ മുനസ്സ

വെബ് ജേണലിസ്റ്റ്, മീഡിയവൺ

By - Web Desk

contributor

Similar News