'ഇതെന്റെ സ്വന്തം സ്ഥലം, ഞാനെന്തിന് പൊലീസിനെ അറിയിക്കണം?'; ആന്ധ്രാ ക്ഷേത്ര ദുരന്തത്തിൽ പൂജാരി
സംഭവത്തിൽ തനിക്കെതിരെ എത്ര കേസുകൾ വേണമെങ്കിലും എടുക്കാമെന്നും ഒരു പ്രശ്നവുമില്ലെന്നും ഇയാൾ പ്രതികരിച്ചു.
Photo| NDTV
അമരാവതി: ആന്ധ്രാപ്രദേശിലെ ശ്രീകാകുളം കാശിബുഗ്ഗ വെങ്കിടേശ്വര സ്വാമി ക്ഷേത്രത്തിൽ തിക്കിലും തിരക്കിലുംപെട്ട് 10 പേർ മരിച്ച സംഭവത്തിൽ അധികൃതർക്കെതിരെ പ്രതിഷേധം ശക്തമായിരിക്കെ വീഴ്ചയെ ന്യായീകരിച്ച് പൂജാരി. ഇതുവരെ നിർമാണം പൂർത്തിയാവാത്ത ക്ഷേത്രത്തിൽ ഏകാദശിയോടനുബന്ധിച്ച് നടന്ന പരിപാടിയിൽ അനുവദിക്കപ്പെട്ടതിനേക്കാൾ ആളുകൾ തിങ്ങിനിറഞ്ഞതോടെയാണ് ദുരന്തമുണ്ടായത്.
ഏകാദശി പരിപാടിയെക്കുറിച്ച് തദ്ദേശ ഭരണകൂടത്തെ അറിയിച്ചിട്ടില്ലെന്ന് മുഖ്യ പൂജാരിയും ക്ഷേത്ര സ്ഥാപകനുമായ ഹരി മുകുന്ദ പാണ്ഡ സമ്മതിച്ചു. 'എന്റെ സ്വകാര്യ ഭൂമിയിലാണ് ഞാൻ ക്ഷേത്രം നിർമിച്ചിരിക്കുന്നത്, അപ്പോൾ എന്തിന് പൊലീസിനെയും ഭരണകൂടത്തേയും വിവരമറിയിക്കണം?'- ഇയാൾ ചോദിച്ചു. തിരക്ക് സംബന്ധിച്ച് പൊലീസിനെ അറിയിക്കാതിരുന്ന ക്ഷേത്രം മാനേജ്മെന്റിനെതിരെ മുഖ്യമന്ത്രിയടക്കം രംഗത്തെത്തിയിരുന്നു. ഇതോടെയാണ് വീഴ്ചയെ ന്യായീകരിച്ച് ഇയാൾ രംഗത്തെത്തിയത്.
സംഭവത്തിൽ തനിക്കെതിരെ എത്ര കേസുകൾ വേണമെങ്കിലും എടുക്കാമെന്നും ഒരു പ്രശ്നവുമില്ലെന്നും ഇയാൾ പ്രതികരിച്ചു. ക്ഷേത്രത്തിൽ സാധാരണയായി ദർശകർ കുറവാണെന്നും ഏകാദശി ദിനത്തിൽ ഇത്ര വലിയ ജനപങ്കാളിത്തം പ്രതീക്ഷിച്ചിരുന്നില്ലെന്നും പൂജാരി പറഞ്ഞു. 'സാധാരണയായി ക്ഷേത്രത്തിൽ തിരക്ക് കുറവായിരിക്കും. ദേവിയുടെ ദർശനത്തിനുശേഷം ഭക്തർ പ്രസാദം സ്വീകരിച്ച് പോകും. ഞാനൊന്നും അവരോട് ചോദിക്കാറില്ല. എന്റെ സ്വന്തം പണം ഉപയോഗിച്ചാണ് പ്രസാദവും ഭക്ഷണവും ഉണ്ടാക്കുന്നത്. എന്നാൽ കഴിഞ്ഞദിവസം രാവിലെ ഒമ്പതോടെ പെട്ടെന്ന് തിരക്കുണ്ടാവുകയായിരുന്നു. ഉണ്ടാക്കിവച്ചിരുന്ന പ്രസാദം തീർന്നു. കൂടുതലുണ്ടാക്കാൻ സമയം കിട്ടിയില്ല'- പാണ്ഡ പറഞ്ഞു.
ദുരന്തത്തിനു ശേഷം ക്ഷേത്രം അടയ്ക്കുകയും സുരക്ഷ കണക്കിലെടുത്ത് പരിസരത്ത് പൊലീസിനെ വിന്യസിക്കുകയും ചെയ്തിട്ടുണ്ട്. ദുരന്തത്തിന് ശേഷം നിരവധി വീഴ്ചകളാണ് പുറത്തുവന്നിരിക്കുന്നത്. പ്രധാനഭാഗത്തേക്ക് പോകാൻ ഇടുങ്ങിയ വഴിയാണുണ്ടായിരുന്നത്. ഇവിടെ കൈവരികൾ ഉണ്ടായിരുന്നു. ക്ഷേത്രത്തിലേക്ക് കയറാനും ഇറങ്ങാനും ഒരു വാതിൽ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ആയിരങ്ങൾ തിങ്ങിനിറഞ്ഞതോടെ ഇവർക്ക് അകത്തേക്കോ പുറത്തേക്കോ കടക്കാനായില്ല. ഇതാണ് ദുരന്തത്തിന് കാരണമായത്.
ശ്രീകാകുളം ക്ഷേത്ര ദുരന്തത്തിൽ മാനേജ്മെന്റിനെതിരെ സർക്കാർ രംഗത്തെത്തിയിരുന്നു. ഏകാദശി ആഘോഷത്തോടനുബന്ധിച്ച് ഇത്ര വലിയ തിരക്കുണ്ടാകുമെന്ന് ക്ഷേത്ര മാനേജ്മെന്റ് പ്രാദേശിക ഭരണകൂടത്തെ അറിയിച്ചിരുന്നില്ലെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു. അതിനാൽ ക്ഷേത്രത്തിലേക്ക് ആയിരക്കണക്കിന് ഭക്തർ അപ്രതീക്ഷിതമായി ഒഴുകിയെത്തിയതോടെ അവരെ നിയന്ത്രിക്കാനുള്ള സംവിധാനങ്ങൾ പൊലീസും ഒരുക്കിയിരുന്നില്ല.
ഇത്ര വലിയ ജനക്കൂട്ടം എത്തുമെന്ന് ക്ഷേത്രം മാനേജ്മെന്റ് പൊലീസിനെ അറിയിച്ചിരുന്നെങ്കിൽ തിരക്ക് നിയന്ത്രിക്കാനുള്ള നടപടികൾ സ്വീകരിക്കുമായിരുന്നെന്ന് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു പറഞ്ഞു. 'കൃത്യമായ ആസൂത്രണം കൊണ്ട്, ചുഴലിക്കാറ്റിൽ കൂടുതൽ ജീവഹാനി ഒഴിവാക്കാൻ ഞങ്ങൾക്ക് കഴിഞ്ഞു. എന്നാൽ ദുഃഖകരമെന്നു പറയട്ടെ, തിക്കിലും തിരക്കിലും പെട്ട് ക്ഷേത്രത്തിൽ നിരവധി പേർ മരിച്ചു. ഈ സംഭവത്തിന് ഉത്തരവാദികളായവരെ കസ്റ്റഡിയിലെടുക്കും'- അദ്ദേഹം പറഞ്ഞു.
ദുരന്തം നടന്ന ക്ഷേത്രം സംസ്ഥാന സർക്കാരിന്റെ കീഴിലുള്ളതല്ലെന്ന് ആന്ധ്രാപ്രദേശ് എൻഡോവ്‌മെന്റ് മന്ത്രി ആനം രാമനാരായണ റെഡ്ഡി വ്യക്തമാക്കി. 'ഈ ക്ഷേത്രത്തിൽ സാധാരണ 2,000 മുതൽ 3,000 വരെ ആളുകൾക്ക് മാത്രമേ പ്രവേശനം അനുവദിക്കൂ. ഇന്ന് ഏകാദശി ആയതിനാൽ 25,000 പേർ വരെ ഒരേസമയം എത്തി. അതിനനുസരിച്ച് ക്രമീകരണങ്ങൾ ചെയ്തില്ല, സർക്കാരിന് വിവരങ്ങൾ നൽകിയില്ല. ഇതാണ് അപകടത്തിന് കാരണം'- ആന്ധ്രാപ്രദേശ് സർക്കാരിന്റെ വസ്തുതാ പരിശോധനാ വകുപ്പ് എക്‌സിൽ പോസ്റ്റ് ചെയ്ത വീഡിയോയിൽ അദ്ദേഹം പറഞ്ഞു. ജില്ലാ ഭരണകൂടത്തിന്റെ കണക്കനുസരിച്ച് എട്ട് സ്ത്രീകളും ഒരു കുട്ടിയുമുൾപ്പെടെയാണ് മരിച്ചത്. 17 പേർക്കാണ് പരിക്കേറ്റത്.