ജയ് ഭീം വിവാദം; സൂര്യയ്‌ക്കും ആമസോണിനുമെതിരെ വണ്ണിയാർ സംഘം കോടതിയിലേക്ക്

ഇരുവിഭാഗങ്ങൾക്കിടയിൽ ശത്രുത വളർത്തൽ, അപകീർത്തിപ്പെടുത്തൽ ഉൾപ്പെടെ വിവിധ വകുപ്പുകൾ പ്രകാരമാണ് ചിദംബരത്തെ പ്രാദേശിക കോടതിയിൽ കേസ് ഫയൽ ചെയ്തിട്ടുള്ളത്.

Update: 2021-11-24 02:54 GMT
Advertising

'ജയ് ഭീം' എന്ന ചിത്രത്തില്‍ തങ്ങളുടെ സമുദായത്തെ മോശമായി ചിത്രീകരിച്ചെന്നാരോപിച്ച് വണ്ണിയാര്‍ സംഘം കോടതിയിലേക്ക്. ചിത്രത്തിന്റെ നിര്‍മാതാക്കളായ നടന്‍ സൂര്യ, ജ്യോതിക, പ്രൊഡക്ഷന്‍ ഹൗസായ 2ഡി എന്റര്‍ടെയ്ന്‍മെന്റ്, ചിത്രത്തിന്റെ സംവിധായകന്‍ ടി. ജെ. ജ്ഞാനവേല്‍, ഒ.ടി.ടി പ്ലാറ്റ്‌ഫോം ആമസോണ്‍ എന്നിവര്‍ക്കെതിരെയാണ് പരാതി. ഇരുവിഭാഗങ്ങള്‍ക്കിടയില്‍ ശത്രുത വളര്‍ത്തല്‍, അപകീര്‍ത്തിപ്പെടുത്തല്‍ ഉള്‍പ്പെടെ സി.ആര്‍.പി.സിയുടെയും ഐ.പി.സിയുടെയും വിവിധ വകുപ്പുകള്‍ പ്രകാരമാണ് അസോസിയേഷന്‍ കടലൂര്‍ ജില്ലയിലെ ചിദംബരത്തെ പ്രാദേശിക കോടതിയില്‍ കേസ് ഫയല്‍ ചെയ്തിട്ടുള്ളത്.

സമുദായത്തെ മോശമായി ചിത്രീകരിക്കുന്നുവെന്ന് ആരോപിച്ച് ചിത്രത്തിന്റെ നിർമാതാക്കളായ സൂര്യയ്ക്കും ജ്യോതികയ്ക്കും സംവിധായകൻ ജ്ഞാനവേലിനും വണ്ണിയാർ സംഘം കഴിഞ്ഞ ദിവസം നോട്ടീസ് അയച്ചിരുന്നു. വണ്ണിയാർ സംഘം സംസ്ഥാന പ്രസിഡന്റാണ് വക്കീൽ നോട്ടീസയച്ചത്. സമുദായത്തെ മോശമായി ചിത്രീകരിച്ചതിന് നിർമാതാക്കൾ മാപ്പുപറയണമെന്നും നോട്ടീസ് ലഭിച്ച് ഏഴു ദിവസത്തിനകം അഞ്ചു കോടി രൂപ നഷ്ടപരിഹാരമായി നല്‍കണമെന്നുമായിരുന്നു ആവശ്യം. 

മാപ്പ് പറഞ്ഞ് നഷ്ടപരിഹാരം നല്‍കാത്ത പക്ഷം സൂര്യയെ റോഡില്‍ ഇറങ്ങി നടക്കാന്‍ അനുവദിക്കില്ലെന്നും സൂര്യയുടെ ഒരു സിനിമ പോലും തിയേറ്ററില്‍ റിലീസ് ചെയ്യാന്‍ അനുവദിക്കില്ലെന്നും വണ്ണിയാര്‍ സമുദായ നേതാവ് അരുള്‍മൊഴി പറഞ്ഞിരുന്നു.

ഇതിനു പിന്നാലെ വിശദീകരണവുമായി സംവിധായകന്‍ ജ്ഞാനവേല്‍ തന്നെ രംഗത്തെത്തിയിരുന്നു. സിനിമയിലൂടെ ഏതെങ്കിലും സമുദായത്തെ വേദനിപ്പിക്കാന്‍ ഉദ്ദേശിച്ചിട്ടില്ലെന്നും ആരുടെയെങ്കിലും സാമുദായിക വികാരം വ്രണപ്പെട്ടിട്ടുണ്ടെങ്കില്‍ ഖേദം പ്രകടിപ്പിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. സിനിമയുടെ പൂർണ ഉത്തരവാദിത്തം ഏറ്റെടുക്കുന്നതായും നടൻ സൂര്യയെ വിവാദത്തിലേക്ക് വലിച്ചിഴയ്ക്കരുതെന്നും സംവിധായകന്‍ അഭ്യര്‍ഥിച്ചു.

ചിത്രത്തിലെ ഗുരുമൂര്‍ത്തി എന്ന വില്ലനായ പൊലീസുകാരന്‍ വണ്ണിയാർ സമുദായക്കാരനാണെന്ന് വരുത്തി തീർക്കാൻ സ്റ്റേഷന്‍റെ ഭിത്തിയിൽ സമുദായത്തിന്റെ ചിത്രമുള്ള കലണ്ടർ തൂക്കിയെന്നായിരുന്നു ആരോപണം. എന്നാല്‍ ഇത് ഒരു സമുദായത്തെക്കുറിച്ചുള്ള പരാമർശമായി വായിക്കപ്പെടുമെന്ന് അറിയില്ലായിരുന്നെന്ന് സംവിധായകൻ പറഞ്ഞു. 1995 എന്ന വര്‍ഷത്തെ സൂചിപ്പിക്കുക മാത്രമായിരുന്നു ഉദ്ദേശ്യം. ചിത്രീകരണത്തിനിടയിലോ പോസ്റ്റ്- പ്രൊഡക്ഷൻ സമയത്തോ, കുറച്ച് നിമിഷങ്ങൾ മാത്രം പ്രത്യക്ഷപ്പെടുന്ന കലണ്ടർ ഫൂട്ടേജ് ശ്രദ്ധയിൽപെട്ടില്ലെന്നും സംവിധായകന്‍ വ്യക്തമാക്കിയിരുന്നു. 

Jai Bhim Row: Vanniyar Sangam Files Criminal Defamation Complaint Against Makers; Says Can't Insult Community Under Guise Of Free Speech

Tags:    

Writer - ഹരിഷ്മ വടക്കിനകത്ത്

contributor

Editor - ഹരിഷ്മ വടക്കിനകത്ത്

contributor

By - Web Desk

contributor

Similar News