'മദ്രസ ക്ഷേത്രമാണെന്ന്'; കർണാടകയില്‍ മദ്രസയുടെ പൂട്ട് തകര്‍ത്ത് ജയ് ശ്രീറാം മുഴക്കി, പ്രതിഷേധം ശക്തം

ദസറ ഘോഷയാത്രക്കിടെ ഒരു സംഘം മഹമൂദ് ഗവാൻ മദ്രസയുടെ പൂട്ട് തകർത്ത് അകത്ത് കടക്കുകയായിരുന്നു

Update: 2022-10-07 01:29 GMT
Editor : ijas
Advertising

ബെംഗളൂരൂ: ബിദറിലെ മഹമൂദ് ഗവാൻ മദ്രസയുടെ പൂട്ട് തകർത്ത് അകത്ത് കടന്ന് ജയ് ശ്രീറാം മുഴക്കിയ സംഭവത്തിൽ പ്രതിഷേധം ശക്തം. മദ്രസ കെട്ടിടം ക്ഷേത്രമാണെന്ന അവകാശവാദവുമായാണ് ഒരു സംഘം കഴിഞ്ഞ ദിവസം മദ്രസയിൽ അതിക്രമിച്ച് കയറിയത്. കുറ്റക്കാർക്കെതിരെ കർശന നടപടി ഉണ്ടായില്ലെങ്കിൽ പ്രതിഷേധം ശക്തമാക്കാനാണ് മുസ്‍ലിം സംഘടനകളുടെ തീരുമാനം.

വ്യാഴാഴ്ച പുലർച്ചെ രണ്ട് മണിയോടെ ദസറ ഘോഷയാത്രക്കിടെ ഒരു സംഘം മഹമൂദ് ഗവാൻ മദ്രസയുടെ പൂട്ട് തകർത്ത് അകത്ത് കടക്കുകയായിരുന്നു. അവിടെയുണ്ടായിരുന്ന സുരക്ഷാഭടന്മാരെ ഭീഷണിപ്പെടുത്തിയായിരുന്നു സംഘം മദ്രസയിൽ അതിക്രമം കാട്ടിയത്. സംഘം മദ്രസയിൽ കയറി ജയ് ശ്രീറാം മുദ്രാവാക്യം മുഴക്കി. തുടർന്ന് മദ്രസ സ്ഥലത്തെ പാറയിൽ കുങ്കുമം തളിച്ചു. പൊലീസിന്‍റെ സാന്നിധ്യത്തിലായിരുന്നു അതിക്രമം. മദ്രസ ക്ഷേത്രമാണെന്നാണ് സംഘപരിവാറിൻ്റെ അവകാശവാദം. സംഭവത്തിൽ ബിദറിലെ നിരവധി സംഘടനകൾ പ്രതിഷേധവുമായി രംഗത്ത് വന്നു. മദ്രസാ അധികൃതർ പൊലീസിൽ പരാതി നൽകി. നരേഷ് ഗൗളി, പ്രകാശ് മെക്കാനിക്ക്, സഞ്ജു ടെയ്‌ലർ എന്നിവർക്കെതിരെയാണ് പരാതി നൽകിയത്. ഉത്തരവാദികളെ ഉടൻ പിടികൂടുമെന്ന് പൊലീസ് അറിയിച്ചിട്ടുണ്ട്. എന്നാൽ കുറ്റവാളികളുടെ അറസ്റ്റ് അടക്കമുള്ള നടപടി ഉണ്ടായിലെങ്കിൽ പ്രതിഷേധം ശക്തമാക്കാനാണ് തീരുമാനം.

കർണാടകയിലെ ബിദാറിൽ 1460-കളിലാണ് ചരിത്രപ്രസിദ്ധമായ മഹ്മൂദ് ഗവാൻ മദ്രസ സ്ഥാപിച്ചതെന്നാണ് ചരിത്രം. ഇത് ഏഷ്യയിലെ തന്നെ ആദ്യത്തെ സർവ്വകലാശാലയാണെന്ന് വിശ്വസിക്കപ്പെടുന്നു.

Tags:    

Writer - ijas

contributor

Editor - ijas

contributor

Similar News