'അങ്ങനെ പാകിസ്താന്‍ സമാധാനത്തിൻ്റെ വക്താക്കളായി, വിശ്വഗുരുവിൻ്റെ കെട്ടിപ്പിടിക്കല്‍ നയതന്ത്രം തോറ്റു'; പരിഹസിച്ച് ജയ്‌റാം രമേശ്

പശ്ചിമേഷ്യയില്‍ എത്രയും വേഗം സമാധാനം പുനസ്ഥാപിക്കണമെന്ന് ജയ്‌റാം രമേശ് പറഞ്ഞു

Update: 2026-04-11 09:57 GMT

ന്യൂഡല്‍ഹി: പശ്ചിമേഷ്യയിലെ സംഘര്‍ഷം പരിഹരിക്കുന്നതില്‍ ഇന്ത്യ നേതൃപരമായ ഇടപെടല്‍ നടത്താത്തതിനെയും പാകിസ്താന്‍ സമാധാനത്തിന്റെ വക്താക്കളെന്ന നിലയില്‍ ഉയര്‍ന്നുവന്ന സാചര്യത്തെയും വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് ജയ്‌റാം രമേശ്. പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നാലെ പാകിസ്താനെ ഒറ്റപ്പെടുത്താന്‍ ഇന്ത്യ ലോകവ്യാപകമായി ശ്രമം നടത്തിയിട്ടും അവര്‍ ഇപ്പോള്‍ സമാധാനത്തിന്റെ വക്താവെന്ന പദവി ഏറ്റെടുത്തിരിക്കുകയാണ്. സ്വയം പ്രഖ്യാപിത വിശ്വഗുരുവിന്റെ 'കെട്ടിപ്പിടിക്കല്‍ നയതന്ത്രത്തിന്റെ' പരാജയമാണ് ഇതില്‍ കാണുന്നതെന്നും ജയ്‌റാം രമേശ് വിമര്‍ശിച്ചു.

Advertising
Advertising

നാല് കാര്യങ്ങളാണ് ഇന്ത്യയുടെ നയതന്ത്ര പരാജയമെന്ന നിലയില്‍ അദ്ദേഹം ചൂണ്ടിക്കാട്ടിയത്.

1. 2025 ഏപ്രിലിലെ പഹല്‍ഗാം ഭീകരാക്രമണത്തില്‍ പങ്ക് വഹിച്ച, ഇന്ത്യ നടത്തിയ നയതന്ത്ര ശ്രമങ്ങള്‍ക്കുശേഷം ഒറ്റപ്പെടേണ്ടി വന്ന പാകിസ്താന്‍ എങ്ങനെ ഇപ്പോള്‍ സമാധാനത്തിന്റെ വക്താക്കളെന്ന പദവി സ്വന്തമാക്കി? 2008 നവംബറിലെ മുംബൈ ഭീകരാക്രമണത്തിന് ശേഷം ഡോ. മന്മോഹന്‍ സിങ് സര്‍ക്കാര്‍ പാകിസ്താനെ ഫലപ്രദമായി ഒറ്റപ്പെടുത്തിയിരുന്നു എന്നത് ഈ പരാജയം കൂടുതല്‍ ഗുരുതരമാക്കുന്നു.

2. 'നമസ്‌തേ ട്രംപ്', 'ഹൗഡി മോഡി' പോലുള്ള പ്രചാരണങ്ങളുടെ ഭാഗമായിട്ടും, ട്രംപിന്റെ ഭരണകാലമായിട്ടും പാകിസ്താന് ഈ പുതിയ പദവി നല്‍കാന്‍ ഇന്ത്യ എങ്ങനെ അനുവദിച്ചു? ഇന്ത്യ വളരെ ഏകപക്ഷീയമായ വ്യാപാര കരാറില്‍ സമ്മതിച്ചിട്ടുപോലും യുഎസില്‍ നിന്ന് ഒരു നേട്ടവും ഉണ്ടാക്കാനായിട്ടില്ല.

3. ബ്രിക്‌സ് കൂട്ടായ്മയുടെ നിലവിലെ അധ്യക്ഷരാജ്യമായിട്ടും, ഇന്ത്യ എന്തുകൊണ്ട് പശ്ചിമേഷ്യയില്‍ സമാധാനത്തിനോ മധ്യസ്ഥതയ്‌ക്കോ യാതൊരു ശ്രമവും നടത്തിയില്ല? ഇറാന്‍, യുഎഇ, സൗദി അറേബ്യ അടക്കമുള്ള രാജ്യങ്ങള്‍ ബ്രിക്‌സ് അംഗങ്ങളായിട്ടുപോലും.

4. കഴിഞ്ഞ 18 മാസങ്ങളായി ചൈനയോടുള്ള ഇന്ത്യയുടെ 'വഴങ്ങല്‍' നയം രാജ്യത്തിന് എന്താണ് നല്‍കിയിരിക്കുന്നത്? പ്രത്യേകിച്ച്, 'ഓപ്പറേഷന്‍ സിന്ദൂറി'ന് എതിരായ പാകിസ്താന്റെ സൈനിക നടപടിയില്‍ ചൈന പ്രധാന പങ്ക് വഹിച്ച സാഹചര്യത്തില്‍. ചൈന തുടര്‍ച്ചയായി പാകിസ്താനെ പിന്തുണയ്ക്കുകയും ചെയ്തു.

പശ്ചിമേഷ്യയില്‍ എത്രയും വേഗം സമാധാനം പുനസ്ഥാപിക്കണമെന്ന് ജയ്‌റാം രമേശ് പറഞ്ഞു. ഹോര്‍മുസ് കടലിടുക്ക് സാധാരണ സ്ഥിതിയിലേക്ക് മടങ്ങണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Tags:    

Writer - ശരത് ലാൽ തയ്യിൽ

Chief Web Journalist

Editor - ശരത് ലാൽ തയ്യിൽ

Chief Web Journalist

By - ശരത് ലാൽ തയ്യിൽ

Chief Web Journalist

Similar News