ഭാര്യയെ ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തി; 15 ലക്ഷം രൂപയുടെ ഇൻഷുറൻസ് തുക കിട്ടാൻ റോഡപകടമായി ചിത്രീകരിച്ചു, യുവാവ് അറസ്റ്റിൽ
ഹസാരിബാഗിൽ ഒക്ടോബര്‍ 9നാണ് സംഭവം
Representation Image
റാഞ്ചി: 15 ലക്ഷം രൂപയുടെ ഇൻഷുറൻസ് തുക കിട്ടാൻ ഭാര്യയെ കൊലപ്പെടുത്തിയ ശേഷം റോഡപകടമായി ചിത്രീകരിച്ച ഭര്‍ത്താവ് അറസ്റ്റിൽ. ഹസാരിബാഗിൽ ഒക്ടോബര്‍ 9നാണ് സംഭവം.
നാല് മാസം മുൻപായിരുന്നു സേവന്തി കുമാരിയും(23) മുകേഷ് കുമാര്‍ മേത്തയും(30) തമ്മിലുള്ള വിവാഹം. മൂന്ന് മാസം മുൻപ് സേവന്തിയുടെ പേരിൽ ഇൻഷുറൻസ് എടുത്തിരുന്നു. ഈ തുക കിട്ടാനാണ് മുകേഷ് ഭാര്യയെ കൊലപ്പെടുത്തിയത്. തുടര്‍ന്ന് സേവന്തി റോഡപകടത്തിൽ മരിച്ചുവെന്ന് ബന്ധുക്കളെ അറിയിക്കുകയായിരുന്നു. എന്നാൽ, സേവന്തിയുടെ പിതാവ് മഹാവീർ മേത്ത ഇത് വിശ്വസിച്ചില്ല. അദ്ദേഹം പൊലീസിൽ പരാതി നൽകി. മരുമകൻ മകളുടെ പേരിൽ 15 ലക്ഷം രൂപയുടെ ഇൻഷുറൻസ് പോളിസി എടുത്തിട്ടുണ്ടെന്ന് അദ്ദേഹം ഉദ്യോഗസ്ഥരെ അറിയിച്ചു. ഭാര്യയുടെ അന്ത്യകര്‍മ ചടങ്ങിൽ ഭര്‍ത്താവ് പങ്കെടുക്കാതിരുന്നതും സംശയത്തിനിടയാക്കി.
മേത്തയുടെ പരാതിയുടെ അടിസ്ഥാനത്തിൽ അന്വേഷണം ആരംഭിച്ചപ്പോൾ സേവന്തിയുടെ ശരീരത്തിൽ വളരെ കുറച്ചു പരിക്കുകൾ മാത്രമേയുള്ളുവെന്നും വാഹനാപകടമാണെങ്കിൽ ഇതിൽ കൂടുതൽ പരിക്കുകൾ ഉണ്ടാകുമായിരുന്നുവെന്നും പൊലീസ് കണ്ടെത്തി. ചോദ്യം ചെയ്യലിൽ മുകേഷ് കുറ്റം സമ്മതിക്കുകയും ഭാര്യയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയതായും അപകടം വ്യാജമാണെന്നും വെളിപ്പെടുത്തി.
മുകേഷിന്റെ മൊഴികളിലെയും ഭാര്യയുടെ മരണശേഷം അദ്ദേഹത്തിന്റെ പെരുമാറ്റത്തിലെയും പൊരുത്തക്കേടുകളാണ് അദ്ദേഹത്തെ സംശയനിഴലിലാക്കിയതെന്ന് മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ അജിത് കുമാർ വിമൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു.മുകേഷിനെ അറസ്റ്റ് ചെയ്ത് പ്രാദേശിക കോടതിയിൽ ഹാജരാക്കി, ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.