'താഴത്തില്ലെടാ..'; പുഷ്പ ഡയലോഗുമായി ഉദ്ധവ് താക്കറെ, സഞ്ജയ് റാവത്ത് യഥാർഥ ശിവസൈനികനെന്ന് പരാമർശം

സഞ്ജയ് റാവത്തിൻറെ അറസ്റ്റിന് പിന്നാലെ അദ്ദേഹത്തിൻറെ വീട് സന്ദർശിച്ച ഉദ്ധവ് താക്കറെ പാർട്ടിയുടെ പിന്തുണ അറിയിക്കുകയും ചെയ്തിരുന്നു.

Update: 2022-08-01 14:16 GMT
Advertising

മുംബൈ: സഞ്ജയ് റാവത്തിനെ ഓര്‍ത്ത് അഭിമാനമുണ്ടെന്ന് ശിവസേന നേതാവും മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രിയുമായ ഉദ്ധവ് താക്കറെ. അല്ലു അര്‍ജുന്‍റെ പുഷ്പ എന്ന ചിത്രത്തിലെ 'ജൂഖേക നഹി" (താഴത്തില്ല) എന്ന ഹിറ്റ് ഡയലോഗ് ഉദ്ധരിച്ചായിരുന്നു അദ്ദേഹത്തിന്‍റെ പരാമര്‍ശം. സഞ്ജയ് റാവത്താണ് യഥാര്‍ഥ ശിവസൈനികനെന്ന് ചൂണ്ടിക്കാട്ടിയ അദ്ദേഹം പുഷ്പയിലെ വൈറലായ ആക്ഷനും പത്രസമ്മേളനത്തിനിടെ കാണിച്ചു.  

"സഞ്ജയ് റാവത്തിനെക്കുറിച്ചോര്‍ത്ത് അഭിമാനിക്കുന്നു. പുഷ്പ എന്ന ചിത്രത്തില്‍ ഒരു ഡയലോഗുണ്ട് 'ജൂഖേക നഹി'. റാവത്ത് ശരിയായ ശിവസൈനികന്‍ തന്നെയാണ്. ആരുടെ മുമ്പിലും കുമ്പിടില്ലെന്ന് പറഞ്ഞ പലരും ഇന്ന് മറുകണ്ടം ചാടിയിരിക്കുകയാണ്. ബാലാസാഹെബ് താക്കറെ കാണിച്ചു തന്ന പാത ഒരിക്കലും അതല്ല"- ഉദ്ധവ് താക്കറെ പറഞ്ഞു.

കേന്ദ്രസര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച അദ്ദേഹം ബി.ജെ.പി സര്‍ക്കാരിനെ ജര്‍മ്മന്‍ ഏകാധിപതി ഹിറ്റലറുടെ ഭരണവുമായി ഉപമിക്കുകയും ചെയ്തു. ഇ.ഡിയെയും സി.ബി.ഐയെയുമൊക്കെ കയ്യടക്കിവെച്ചാല്‍ എവിടെയാണ് ജനാധിപത്യമെന്നും താക്കറെ ചോദിച്ചു. സഞ്ജയ് റാവത്തിന്‍റെ അറസ്റ്റിന് പിന്നാലെ അദ്ദേഹത്തിന്‍റെ വീട് സന്ദര്‍ശിച്ച ഉദ്ധവ് താക്കറെ പാര്‍ട്ടിയുടെ പിന്തുണ അറിയിക്കുകയും ചെയ്തിരുന്നു.     

1034 കോടിയുടെ പത്രചൗൾ ഭൂമി അഴിമതി കേസിലാണ് സഞ്ജയ് റാവത്തിനെ ഇ.ഡി അറസ്റ്റ് ചെയ്തത്. ആഗസ്റ്റ് നാല് വരെ അദ്ദേഹത്തെ ഇ.ഡി കസ്റ്റഡിയില്‍ വിട്ടു. റാവത്തിനെതിരെയുള്ള കേസ് പ്രഥമ ദൃഷ്ട്യാ നിലനിൽക്കുമെന്ന് വിലയിരുത്തിയാണ് കോടതി നടപടി.

പത്രചൗൾ പുനർവികസനവുമായി ബന്ധപ്പെട്ട് സഞ്ജയ് റാവത്തും ഭാര്യയും ഒരു കോടി 60 ലക്ഷം രൂപയുടെ നേട്ടമുണ്ടാക്കിയതായി ഇ.ഡി കോടതിയെ അറിയിച്ചു. നാല് തവണ സമൻസ് അയച്ചെങ്കിലും സഞ്ജയ് റാവത്ത് ഒരു തവണ മാത്രമാണ് ഹാജരായത്. തെളിവുകളും പ്രധാനസാക്ഷിയെയും ഇല്ലാതാക്കാൻ അദ്ദേഹം ശ്രമിച്ചതായും ഇ.ഡിയുടെ അഭിഭാഷകൻ കോടതിയിൽ ആരോപിച്ചു. കേസ് രാഷ്ട്രീയപ്രേരിതമാണെന്ന് സഞ്ജയ് റാവത്തിന്‍റെ അഭിഭാഷകൻ വാദിച്ചെങ്കിലും കോടതി അംഗീകരിച്ചില്ല.

ഷിൻഡെ പക്ഷത്തോടു തെറ്റിയ ഉദ്ധവ് പക്ഷ ശിവസേനയിലെ വിശ്വസ്തനായ നേതാവായിരുന്നു സഞ്ജയ് റാവത്ത്. ഏകനാഥ് ഷിൻഡെ മുഖ്യമന്ത്രിപദം ഏറ്റെടുത്തതിനു പിന്നാലെയാണ് പത്രചൗൾ ഭൂമി കുംഭകോണക്കേസിൽ സഞ്ജയ് റാവത്തിനെതിരായ അന്വേഷണം ഇ.ഡി ശക്തമാക്കിയത്. ശിവസേനയുടെ രാജ്യസഭാ എം.പിയായ റാവത്ത്, പാർട്ടി മുഖപത്രമായ സാമ്നയുടെ എഡിറ്ററുമാണ്. 

Tags:    

Writer - ഹരിഷ്മ വടക്കിനകത്ത്

contributor

Editor - ഹരിഷ്മ വടക്കിനകത്ത്

contributor

By - Web Desk

contributor

Similar News