'വാക്‌സിൻ തന്ന് നിങ്ങളുടെ ജീവൻ രക്ഷിച്ചു, ഇപ്പോൾ പാർട്ടിയെ രക്ഷിക്കുക'; ആഹ്വാനവുമായി ബിജെപി തലവൻ

ഏറെ വിമർശനങ്ങൾ നേരിടേണ്ടി വന്നതിനെ തുടർന്നാണ്‌ വാക്സിൻ സൗജന്യമായി നൽകാൻ തുടങ്ങിയിരുന്നത്

Update: 2022-11-02 14:59 GMT
Advertising

കോവിഡ് വാക്‌സിൻ മുൻനിർത്തി വോട്ടുചോദിച്ച് ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി നഡ്ഡ. സംസ്ഥാന തെരഞ്ഞെടുപ്പ് നടക്കുന്ന ഹിമാചൽ പ്രദേശിലെ ബിലാസ്പൂരിലാണ് നഡ്ഡ വാക്‌സിൻ വിതരണത്തെ വോട്ടാക്കാൻ ശ്രമിച്ചത്. 'പ്രധാനമന്ത്രി മോദിജി ഒമ്പതു മാസത്തിനുള്ളിൽ നമ്മുടെ മണ്ണിൽ രണ്ടു വാക്‌സിൻ നിർമിച്ചു. ഇരട്ടവാക്‌സിനും ബൂസ്റ്റർ വാക്‌സിനും നൽകി നിങ്ങളെയെല്ലാവരെയും സംരക്ഷിച്ചു. ഇപ്പോൾ സംരക്ഷിക്കാനുള്ള സമയമാണ്, നിങ്ങളെ സംരക്ഷിച്ച പാർട്ടിയെ സംരക്ഷിക്കുകയയെന്നത് നമ്മുടെ ദൗത്യമാണ്' ബിജെപി ദേശീയ തലവൻ പ്രസംഗിച്ചു.

2021 ജനുവരി 16 മുതലാണ് ദേശവ്യാപകമായി വാക്സിൻ വിതരണം തുടങ്ങിയത്. 2021 ജൂൺ 21 മുതലാണ് കോവിഡ് വാക്സിൻ സാർവത്രികമായി ലഭ്യമാക്കിയത്. തുടർന്ന് കൈമാറിയവയിൽ 75 ശതമാനവും രാജ്യത്തെ വാക്സിൻ നിർമാതാക്കൾ ഉത്പാദിപ്പിച്ച വാക്സിനുകളായിരുന്നു.

ഏറെ വിമർശനങ്ങൾ നേരിടേണ്ടി വന്നതിനെ തുടർന്നാണ്‌ വാക്സിൻ സൗജന്യമായി നൽകാൻ തുടങ്ങിയിരുന്നത്. 2021 മെയ് 1 മുതൽ ആരംഭിക്കുന്ന വാക്‌സിനേഷനിൽ സംസ്ഥാനങ്ങളും സ്വകാര്യ ആശുപത്രികളും സ്വന്തം നിലക്ക് വാക്‌സിൻ നിർമാതാക്കളിൽ നിന്ന് വാങ്ങണമെന്ന് കേന്ദ്രം അറിയിക്കുകയായിരുന്നു. 400 രൂപയാണ് കോവിഷീൽഡിന് സെറം ഇൻസ്റ്റിറ്റ്യൂട്ട് സംസ്ഥാനങ്ങളോട് ഈടാക്കിയിരുന്നത്. സ്വകാര്യ ആശുപത്രികൾ 600 രൂപ നൽകിയാണ് ഇതേ വാക്‌സിൻ വാങ്ങിയിരുന്നത്.

ജൂലൈ 17നകം രാജ്യത്ത് 200 കോടി കോവിഡ് വാക്സിൻ വിതരണം ചെയ്തെന്നാണ് കേന്ദ്രസർക്കാർ പറയുന്നത്. സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികാഘോഷത്തിന്റെ ഭാഗമായി 'കോവിഡ് വാക്സിനേഷൻ അമൃത് മഹോത്സവ്' എന്ന പേരിൽ ജൂലൈ 15 മുതൽ സെപ്റ്റംബർ 30 വരെ പ്രത്യേക വാക്സിനേഷൻ ഡ്രൈവും സംഘടിപ്പിച്ചിട്ടുണ്ട്.

BJP national president J.P. Nadda asked for votes on the basis of Covid vaccine.

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News