'ഞാൻ കണ്ടിട്ടുള്ളതിൽ വച്ച് ലോകത്തിലെ ഏറ്റവും വലിയ ഫെമിനിസ്റ്റാണ് അദ്ദേഹം'; മോദിയെ പുകഴ്ത്തി കങ്കണ റണാവത്ത്
രാജ്യത്തെ സ്ത്രീകളുടെ ജീവിതം സുഗമമാക്കുന്നതിന് മോദി നിരവധി നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും നടി
ന്യൂഡല്‍ഹി: ലോകത്തിലെ ഏറ്റവും വലിയ ഫെമിനിസ്റ്റ് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണെന്ന് നടിയും ബിജെപി എംപിയുമായ കങ്കണ റണാവത്ത്. പ്രധാനമന്ത്രി അധികാരത്തിൽ വന്നതുമുതൽ സ്ത്രീകൾക്കുവേണ്ടി അദ്ദേഹം അക്ഷീണം പ്രവർത്തിച്ചു വരികയാണെന്നും എന്നാല്‍ ഇതൊന്നും ഒരിക്കലും പുറത്തു കാണിക്കാതെ പ്രവർത്തിക്കുകയാണെന്നും കങ്കണ പറഞ്ഞു. രാജ്യത്തെ സ്ത്രീകളുടെ ജീവിതം സുഗമമാക്കുന്നതിന് മോദി നിരവധി നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് കങ്കണ ഒരു അഭിമുഖത്തില്‍ പറഞ്ഞു.
'ലോകത്തിലെ ഏറ്റവും വലിയ ഫെമിനിസ്റ്റാണ് അദ്ദേഹം. അധികാരത്തിലെത്തിയ ശേഷം അദ്ദേഹം ആദ്യം ചെയ്തത് ശൗചാലയങ്ങൾ നിർമ്മിക്കുക എന്നതായിരുന്നു, അദ്ദേഹം എന്താണ് ചെയ്യുന്നതെന്ന് എല്ലാവരും ആശ്ചര്യപ്പെട്ടു. പിന്നെ സ്ത്രീകൾക്ക് വിറകുകീറേണ്ടിവരാതിരിക്കാൻ ഗ്യാസ് ഓവൻ നൽകി. സ്ത്രീകളെ ബാങ്ക് അക്കൗണ്ടുകൾ തുറക്കാൻ പ്രേരിപ്പിച്ചു, പിന്നെ രാഷ്ട്രീയത്തിൽ സംവരണം നൽകി'.. കങ്കണ പറഞ്ഞു സ്ത്രീകൾക്ക് വേണ്ടി ഇത്രയധികം കാര്യങ്ങൾ ചെയ്തിട്ടുണ്ടെന്ന് അദ്ദേഹം ഒരിക്കലും പുറത്ത് കാണിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞദിവസം സമാജ്‍വാദി പാര്‍ട്ടി എംപിയും നടിയുമായ ജയാ ബച്ചനെതിരെ രൂക്ഷവിമര്‍ശനമാണ് കങ്കണ ഉയര്‍ത്തിയത്. സെൽഫി എടുക്കാനെത്തിയ യുവാവിനെ ജയാ ബച്ചൻ ദേഷ്യത്തോടെ തള്ളിമാറ്റുന്ന വീഡിയോ സോഷ്യൽമീഡിയയിൽ വൈറലായിരുന്നു. ജയയുടെ പ്രവൃത്തിയെയാണ് കങ്കണ വിമര്‍ശിച്ചത്. 'അധികാര സ്ഥാനത്തിരിക്കുന്ന ഏറ്റവും മോശം സ്ത്രീയാണിവർ. അമിതാഭ് ബച്ചന്റെ ഭാര്യയായതിനാലാണ് ആളുകൾ ഇവരെ സഹിക്കുന്നത്. പൂവൻകോഴിയുടെതു പോലെയാണ് ജയയുടെ തലയിലെ സമാജ്‌വാദി തൊപ്പി. അവരെ കാണാൻ പൂവൻകോഴിയെ പോലെയുണ്ട്. ലജ്ജ തോന്നുന്നു'' കങ്കണ ഇൻസ്റ്റഗ്രാമിൽ കുറിച്ചു.
2024 ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഹിമാചൽ പ്രദേശിലെ മാണ്ഡി മണ്ഡലത്തില്‍ നിന്നാണ് ബിജെപി സ്ഥാനാര്‍ഥിയായി കങ്കണ വിജയിച്ചത്.' എമർജൻസി' എന്ന ചിത്രത്തിലാണ് കങ്കണ അവസാനമായി പ്രവര്‍ത്തിച്ചത്. ജനുവരിയിൽ പുറത്തിറങ്ങിയ ചിത്രം മുൻ ഇന്ത്യൻ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയുടെ ജീവചരിത്രത്തെ ആസ്പദമാക്കിയുള്ളതായിരുന്നു.