ഷഹീൻ ബാ​ഗ് സമരനായിക ബിൽകീസ് ബാനുവിനെതിരായ അധിക്ഷേപം: കോടതിയിൽ മാപ്പ് പറഞ്ഞ് കങ്കണ

സമരങ്ങളിൽ പങ്കെടുക്കാൻ ബിൽക്കീസ് ബാനു ദാദിയെ 100 രൂപയ്ക്ക് ലഭ്യമാണെന്നായിരുന്നു കങ്കണയുടെ പരാമർശം.

Update: 2025-10-27 11:29 GMT

Photo| Special Arrangement

ന്യൂഡൽഹി: 2020ലെ ഡൽഹി ഷഹീൻബാ​ഗ് സമരനായികയായ ബിൽകീസ് ബാനുവെന്ന വയോധികയെ അധിക്ഷേപിച്ച കേസിൽ കോടതിയിൽ മാപ്പ് പറഞ്ഞ് ബിജെപി എംപിയും ബോളിവുഡ് നടിയുമായ കങ്കണ റണാവത്ത്. 2020ലെ വിവാദ ട്വീറ്റുമായി ബന്ധപ്പെട്ട കേസിലാണ് കങ്കണ ഖേദം പ്രകടിപ്പിച്ചത്. ട്വീറ്റുമായി ബന്ധപ്പെട്ട ക്രിമിനൽ മാനനഷ്ടക്കേസ് റദ്ദാക്കണമെന്ന കങ്കണയുടെ ഹരജി സെപ്തംബർ 25ന് സുപ്രിംകോടതി തള്ളിയിരുന്നു. ഇതോടെയാണ്, ഇന്ന് പഞ്ചാബിലെ ബതിൻ‍‍ഡ കോടതിയിൽ കങ്കണ ഖേദം പ്രകടിപ്പിച്ചത്.

പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഡൽഹിയിലെ ഷഹീൻബാഗിൽ ആരംഭിച്ച ​​സ്​ത്രീ പ്രതിഷേധ കൂട്ടായ്​മയുടെ മുൻനിരയിലുണ്ടായിരുന്ന വ്യക്തിയാണ്​ ബിൽകീസ് ബാനു​. ദാദി എന്ന വിളിപ്പേരിൽ അറിയപ്പെട്ടിരുന്ന അവർ ധീരമായ സമര നിലപാടുകളാൽ വാർത്തകളിൽ ഇടംനേടുകയും വിശ്വപ്രസിദ്ധമായ ടൈം മാഗസിന്റെ ലോകത്തിലെ ഏറ്റവും സ്വാധീനം ചെലുത്തിയ 100 പേരുടെ പട്ടികയിൽ ഉൾപ്പെടുകയും ചെയ്തിരുന്നു. പിന്നാലെ നടന്ന കർഷക സമരകാലത്തായിരുന്നു ബിൽകീസ് ബാനുവിനെ അധിക്ഷേപിച്ച് കങ്കണയുടെ ട്വീറ്റ്.

Advertising
Advertising

2020 ഡിസംബറിൽ, കേന്ദ്രത്തിന്റെ കാർഷിക നിയമങ്ങൾക്കെതിരെ പ്രതിഷേധിച്ച് ആയിരക്കണക്കിന് കർഷകർ ഡൽഹിയിലേക്ക് നടത്തിയ മാർച്ചിൽ പഞ്ചാബിലെ ബതീന്ദാ സ്വദേശിയും 73കാരിയുമായ മഹീന്ദർ കൗർ എന്ന വയോധികയും പങ്കെടുത്തിരുന്നു. ഇത് ബിൽക്കീസ് ബാനു ​​ദാദിയാണെന്ന് പറഞ്ഞായിരുന്നു കങ്കണയുടെ തെറ്റിദ്ധരിപ്പിക്കുന്ന അധിക്ഷേപ റീ- ട്വീറ്റ്. സമരങ്ങളിൽ പങ്കെടുക്കാൻ ബിൽക്കീസ് ബാനു ദാദിയെ 100 രൂപയ്ക്ക് ലഭ്യമാണെന്നായിരുന്നു കങ്കണയുടെ പരാമർശം.

'ഹഹഹ, ഇന്ത്യയിലെ ഏറ്റവും ശക്തരായ സ്ത്രീകളിൽ ഒരാളായി ടൈം മാഗസിനിൽ പ്രത്യക്ഷപ്പെട്ട അതേ മുത്തശ്ശിയാണിത്. അവർ 100 രൂപയ്ക്ക് ലഭ്യമാണ്. പാകിസ്താൻ പത്രപ്രവർത്തകൻ ലജ്ജാകരമായ മാർ​ഗത്തിലൂടെ ഇന്ത്യയുടെ അന്താരാഷ്ട്ര പിആർ ഹൈജാക്ക് ചെയ്തു. അന്താരാഷ്ട്രതലത്തിൽ ഞങ്ങൾക്ക് വേണ്ടി സംസാരിക്കാൻ ഞങ്ങൾക്ക് സ്വന്തം ആളുകൾ വേണം'- എന്നായിരുന്നു കങ്കണയുടെ ട്വീറ്റ്. കങ്കണയുടെ അധിക്ഷേപ പരാമർശം വ്യാപക പ്രതിഷേധത്തിനും വിമർശനത്തിനും ഇടയാക്കിയിരുന്നു.

വിവാദ ട്വീറ്റിൽ കങ്കണയ്ക്കെതിരെ മഹീന്ദർ കൗർ കോടതിയിൽ മാനനഷ്ടക്കേസ് ഫയൽ ചെയ്യുകയായിരുന്നു. കേസിൽ പഞ്ചാബ് ഹരിയാന ഹൈക്കോടതിയിലും കങ്കണ സമാന ഹരജി നൽകിയിരുന്നെങ്കിലും തള്ളിയിരുന്നു. ഇതേ തുടർന്നാണ് സുപ്രിംകോടതിയെ സമീപിച്ചത്. എന്നാൽ, അത് ലളിതമായ ഒരു റീ-ട്വീറ്റ് ആയിരുന്നില്ലെന്നും അതിൽ എരിവ് പകരാൻ നിങ്ങളുടെ സ്വന്തം അഭിപ്രായങ്ങൾ ചേർത്തെന്നും നിരീക്ഷിച്ച് കോടതി ഹരജി തള്ളുകയായിരുന്നു. സുപ്രിംകോടതിയിൽനിന്നും തിരിച്ചടി നേരിട്ടതോടെ കങ്കണ ഹരജി പിൻവലിക്കുകയും ചെയ്തു.

കവിയും ഗാനരചയിതാവുമായ ജാവേദ് അക്തറിനെതിരായ പ്രസ്താവനയിൽ അടുത്തിടെ കങ്കണ മാപ്പ് പറഞ്ഞിരുന്നു. നാല് വർഷത്തെ നിയമനടപടികൾക്കൊടുവിലാണ് ജാവേദ് അക്തറുമായുള്ള പ്രശ്‌നം മാപ്പ് പറഞ്ഞ് ഒത്തുതീർപ്പാക്കിയത്. മുംബൈ ബാന്ദ്രയിലെ മജിസ്‌ട്രേറ്റ് കോടതി മുമ്പാകെയാണ് ഇരുവരും ഒത്തുതീർപ്പിലെത്തിയത്. ജാവേദ് അക്തറിന് എതിരായ തന്റെ പ്രസ്താവന തെറ്റിദ്ധാരണ മൂലം സംഭവിച്ചതാണെന്നും അതുമൂലം അദ്ദേഹത്തിനുണ്ടായ വിഷമത്തിൽ ഖേദം പ്രകടിപ്പിക്കുന്നുവെന്നുമായിരുന്നു കങ്കണയുടെ വിശദീകരണം.


Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

contributor

Editor - ഷിയാസ് ബിന്‍ ഫരീദ്

contributor

By - Web Desk

contributor

Similar News