'വിവേകത്തിന്റെ അർഥമറിയാത്തയാൾ ധ്യാനമിരുന്നിട്ട് എന്തുകാര്യം'; മോദിയെ പരിഹസിച്ച് കബിൽ സിബൽ

വ്യാഴാഴ്ച വൈകുന്നേരം മുതൽ ശനിയാഴ്ച വൈകുന്നേരം വരെയാണ് മോദി വിവേകാനന്ദ പാറയിൽ ധ്യാനമിരിക്കുന്നത്

Update: 2024-05-30 03:16 GMT
Editor : Lissy P | By : Web Desk

ന്യൂഡൽഹി: കന്യാകുമാരിയിലെ വിവേകാനന്ദപ്പാറയിൽ ധ്യാനമിരിക്കാൻ പോകുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയെ പരിഹസിച്ച് രാജ്യസഭാ എംപി കബിൽ സിബൽ. പ്രായശ്ചിത്തം ചെയ്യാനാണ് ധ്യാനത്തിന് പോകുന്നതെങ്കിൽ നന്നായിരുന്നുവെന്നും വിവേകമെന്തെന്ന് മനസിലാകാത്തയാൾ ധ്യാനത്തിന് പോയിട്ട് എന്താണ് കാര്യമെന്നും കബിൽ സിബൽ ചോദിച്ചു. ഇന്ന് വൈകുന്നേരം മുതൽ ശനിയാഴ്ച വൈകുന്നേരം വരെയാണ് മോദി വിവേകാനന്ദ പാറയിൽ ധ്യാനമിരിക്കുന്നത്.  

'അദ്ദേഹം പ്രായശ്ചിത്തത്തിന് പോകുകയാണെങ്കിൽ അത് നല്ല കാര്യമാണ്, അല്ലെങ്കിൽ സ്വാമി വിവേകാനന്ദന്റെ രചനകളിൽ നിന്നും പ്രസംഗങ്ങളിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടാണ് അദ്ദേഹം പോകുന്നതെങ്കിൽ അതും നല്ലതാണെന്നും സിബൽ പറഞ്ഞു.  ഈ തെരഞ്ഞെടുപ്പിൽ ബിജെപിയുടെ നേതൃത്വത്തിലുള്ള കേന്ദ്രസർക്കാർ തങ്ങളുടെ നേട്ടങ്ങളെക്കുറിച്ച് സംസാരിക്കാത്തത് അവർക്ക് ഒന്നും തന്നെ എടുത്ത് കാണിക്കാനില്ലാത്തതുകൊണ്ടാണെന്നും സിബൽ ആരോപിച്ചു. 'കഴിഞ്ഞ 10 വർഷമായി അവർ എന്താണ് ചെയ്തത്? 10 വർഷമായി താൻ എന്താണ് ചെയ്തതെന്ന് പ്രധാനമന്ത്രി തന്റെ പ്രസംഗങ്ങളിൽ പറഞ്ഞിട്ടുണ്ടോ? അവരുടെ നേട്ടങ്ങൾ എന്തൊക്കെയാണ്,' സിബൽ ഇവിടെ വാർത്താ സമ്മേളനത്തിൽ ചോദിച്ചു.

Advertising
Advertising

എന്തെങ്കിലും നേട്ടം കാണിക്കാനുണ്ടായിരുന്നെങ്കിൽ മുജ്റ, മംഗൾസൂത്ര, വോട്ട് ജിഹാദ് എന്നിവയെക്കുറിച്ച് സംസാരിക്കില്ലായിരുന്നു. അധികാരത്തിലെത്തിയ ബിജെപി വാഗ്ദാനങ്ങൾ പാലിക്കുന്നതിൽ പരാജയപ്പെട്ടുവെന്നും അദ്ദേഹം ആരോപിച്ചു.

ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ അവസാനഘട്ട വോട്ടെടുപ്പിന് തൊട്ടുമുമ്പാണ് മോദി ധ്യാനത്തിന് പുറപ്പെടുന്നത്. ഇക്കാര്യത്തിൽ മോദിയെ പരിഹസിച്ച് തൃണമൂൽ കോൺഗ്രസ് അധ്യക്ഷയും പശ്ചിമബംഗാൾ മുഖ്യമന്ത്രിയുമായ മമത ബാനർജി രംഗത്തുവന്നിരുന്നു. ആരെങ്കിലും കാമറയുമായി ധ്യാനത്തിന് പോവുമോ എന്നായിരുന്നു മമതയുടെ ചോദ്യം.

'ആർക്കും പോയി ധ്യാനിക്കാം... എന്നാൽ, ആരെങ്കിലും ധ്യാനത്തിന് കാമറയുമായി പോവുമോ?. തെരഞ്ഞെടുപ്പിന് 48 മണിക്കൂർ മുമ്പാണ് അദ്ദേഹം ധ്യാനത്തിന്റെ പേരിൽ പോവുന്നതും എ.സി മുറിയിൽ ഇരിക്കുന്നതും. എന്തു?കൊണ്ടാണ് ഒരു പാർട്ടിയും ഇതിനെതിരെ ഒന്നും മിണ്ടാത്തത്. കന്യാകുമാരിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ധ്യാനം സംപ്രേഷണം ചെയ്താൽ അത് മാതൃകാ പെരുമാറ്റച്ചട്ട ലംഘനമാണെന്ന് ചൂണ്ടിക്കാട്ടി തെരഞ്ഞെടുപ്പ് കമ്മീഷനിൽ പരാതി നൽകും'- മമത വ്യക്തമാക്കി.

 ധ്യാനത്തിന് പോവുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നീക്കത്തിനെതിരെ കോൺ​ഗ്രസ് തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചിട്ടുണ്ട്. മോദിയുടെ നടപടി തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമാണെന്ന് കോൺ​ഗ്രസ് കമ്മീഷനെ അറിയിക്കുകയും ചെയ്തു.

മെയ് 30ന് തിരുവനന്തപുരത്തെത്തുന്ന പ്രധാനമന്ത്രി ഹെലികോപ്ടറിൽ വൈകീട്ട് 4.55നാണ് കന്യാകുമാരിയിൽ എത്തുക. തുടർന്ന് കന്യാകുമാരി ക്ഷേത്രദർശനത്തിന് ശേഷം ബോട്ടിൽ വിവേകാനന്ദപ്പാറയിലേക്ക് തിരിക്കും. 2000ലേറെ പൊലീസുകാരെയാണ് ഇതിനായി കന്യാകുമാരിയിൽ വിന്യസിച്ചിട്ടുള്ളത്. ധ്യാനത്തിനു ശേഷം ജൂൺ ഒന്നിന് വൈകീട്ടോടെ തിരുവനന്തപുരം വഴി ഡൽഹിയിലേക്ക് തിരിച്ചുപോവും.

ഇതാദ്യമായല്ല തെരഞ്ഞെടുപ്പ് കാലത്ത് മോദി ധ്യാനമിരിക്കുന്നത്. 2019ലെ തെരഞ്ഞെടുപ്പിന്റെ അവസാനഘട്ട വോട്ടെടുപ്പിന് മുമ്പും മോദി ധ്യാനമിരുന്നിരുന്നു. അന്ന് ഉത്തരാഖണ്ഡിലെ കേദാർനാഥ് ക്ഷേത്രത്തിന്റെ ഭാഗമായ രുദ്രദാന ഗുഹയിലായിരുന്നു 17 മണിക്കൂർ ധ്യാനമിരുന്നിരുന്നു.

Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News