ബി.ജെ.പിക്ക് 400ലധികം സീറ്റ് ലഭിച്ചാല്‍ ഭരണഘടന തിരുത്തുമെന്ന് ബി.ജെ.പി എം.പി

ഹിന്ദു മതത്തെ സംരക്ഷിക്കും വിധത്തില്‍ ഭരണഘടന തിരുത്തണമെന്ന് ആനന്ദ് കുമാര്‍ ഹെഗ്‌ഡെ

Update: 2024-03-10 14:40 GMT
Editor : ദിവ്യ വി | By : Web Desk

ബംഗളൂരു: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് 400ലധികം സീറ്റ് ലഭിച്ചാല്‍ ഭരണഘടന തിരുത്തുമെന്ന് കര്‍ണാടക ബി.ജെ.പി എം.പിയും മുന്‍ കേന്ദ്ര മന്ത്രിയുമായ ആനന്ദ് കുമാര്‍ ഹെഗ്‌ഡെ. ഹാവേരി ജില്ലയിലെ സിദ്ധപുരയിലെ ഹലഗേരി ഗ്രാമത്തില്‍ സംസാരിക്കുകയായിരുന്നു ഹെഗ്‌ഡെ.

'ബി.ജെ.പിയെ 400 ലധികം സീറ്റുകള്‍ നേടി ജയിക്കാന്‍ നിങ്ങള്‍ സഹായിക്കണം. എന്തിനാണ് അത്രയും സീറ്റുകള്‍ നേടേണ്ടത് എന്നാല്‍, മുന്‍പ് കോണ്‍ഗ്രസ് നേതാക്കള്‍ ഹിന്ദു മതത്തിന് മുന്‍ഗണന നല്‍കാതെ ഭരണഘടനയില്‍ മാറ്റം വരുത്തിയിരുന്നു. അതില്‍ നമുക്ക് മാറ്റം വരുത്തണം. ഹിന്ദുമതത്തെ സംരക്ഷിക്കണം. നിലവില്‍ ലോക്‌സഭയില്‍ മൂന്നില്‍ രണ്ട് ഭൂരിപക്ഷം നമുക്കുണ്ട്. എന്നാല്‍ ഭരണഘടന തിരുത്താന്‍ രാജ്യസഭയില്‍ നമുക്കത്ര പ്രാതിനിധ്യമില്ല. 400 ലധികം അംഗങ്ങളായാല്‍ നമുക്കതിന് സാധിക്കുമെന്നും' അദ്ദേഹം പറഞ്ഞു.

Advertising
Advertising

'400 ലധികം ലോക്‌സഭാ സീറ്റുകളില്‍ ജയിച്ചാല്‍ നിയമസഭാ തെരഞ്ഞെടുപ്പിലും നമുക്ക് ജയിക്കാം. അങ്ങിനെ വന്നാല്‍ 20ലധികം സംസ്ഥാനങ്ങള്‍ ബി.ജെ.പിക്കൊപ്പമെത്തും. സംസ്ഥാനങ്ങളില്‍ മൂന്നില്‍ രണ്ടും നമ്മുടെ കൈകളിലാകും. രാജ്യസഭയിലും ലോക്‌സഭയിലും സംസ്ഥാന നിയമസഭകളിലും ഭൂരിപക്ഷമുണ്ടായാല്‍ ഭരണഘടന ഭേദഗതി ചെയ്യാമെന്നും' അദ്ദേഹം പറഞ്ഞു.

കര്‍ണാടകയില്‍ സംസ്ഥാന സര്‍ക്കാര്‍ ജനങ്ങള്‍ക്ക് ഭരണഘടന അവബോധ പരിപാടികള്‍ സംഘടിപ്പിക്കുന്നതിനിടെയാണ് ബി.ജെ.പി നേതാവിന്റെ പരാമര്‍ശം. അതേസമയം, ഭരണഘടന തിരുത്തുമെന്ന് പറയുന്നവര്‍ക്ക് ഭരണഘടനയുടെ ശക്തി അറിയില്ലെന്ന് മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ സിദ്ധരാമയ്യ പറഞ്ഞു. 'ചിലര്‍ അധികാരത്തിലെത്തിയാല്‍ ഭരണഘടന തിരുത്തുന്നതിനെ കുറിച്ച് സംസാരിക്കുന്നുണ്ട്. എന്നാല്‍ അവര്‍ക്ക് ഇന്ത്യന്‍ ഭരണഘടനയുടെ ശക്തിയറിയില്ല. വിടുവായിത്തം പറയുകയാണെന്നും' സിദ്ധരാമയ്യ പറഞ്ഞു.

നരേന്ദ്രമോദിയുടെയും സംഘപരിവാറിന്റെയും ഗൂഢലക്ഷ്യങ്ങളുടെ പരസ്യ പ്രഖ്യാപനമാണിതെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി പ്രതികരിച്ചു. മോദിയുടേയും ബി.ജെ.പിയുടേയും പ്രധാന ലക്ഷ്യം അംബേദ്കറുടെ ഭരണഘടന തകര്‍ക്കുക എന്നതാണ്. അവര്‍ നീതി, തുല്യത, മാനുഷിക അവകാശങ്ങള്‍, ജനാധിപത്യം എന്നിവയെ വെറുക്കുകയാണെന്നും രാഹുല്‍ എക്‌സില്‍ കുറിച്ചിരുന്നു.

ഭരണഘടന തിരുത്താന്‍ ബി.ജെ.പിക്ക് പദ്ധതിയുണ്ടെന്ന് സമാജ് വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മമത ബാനര്‍ജിയും മുന്‍പ് ആരോപിച്ചിരുന്നു.

Tags:    

Writer - ദിവ്യ വി

contributor

Editor - ദിവ്യ വി

contributor

By - Web Desk

contributor

Similar News