ബാബരി മസ്ജിദ് പോലെ മറ്റ് പള്ളികളും പൊളിക്കണമെന്ന ആഹ്വാനവുമായി ബിജെപി എം.പി; കേസ്

'1992ൽ ബാബരി മസ്ജിദ് എങ്ങനെ പൊളിച്ചോ അതുപോലെ കർണാടകയിലെ ഭട്കലിലേതുൾപ്പെടെയുള്ള പള്ളികളും പൊളിക്കണം'- ഇയാൾ ആഹ്വാനം ചെയ്തു.

Update: 2024-01-16 16:02 GMT
Advertising

ബെം​ഗളൂരു: വിവിധ പള്ളികൾ പൊളിക്കണമെന്ന ആഹ്വാനവുമായി ബിജെപി എം.പി. കർണാടക ഉത്തര കന്നഡ എം.പി അനന്ത് ​കുമാർ ഹെഗ്‌ഡെയാണ് ആഹ്വാനവുമായി രം​ഗത്തെത്തിയത്. ഭട്കൽ, ഉത്തര കന്നഡ, മാണ്ഡ്യ എന്നിവിടങ്ങളിലെ നിരവധി പള്ളികളെ പരാമർശിച്ചാണ് ഹെഗ്‌ഡെയുടെ പ്രസ്താവന. അവ ഹിന്ദുവിന്റെ മതപരമായ സ്ഥലങ്ങൾ തകർത്ത് നിർമിച്ചതും പൊളിക്കേണ്ടതുമാണെന്നാണ് ഇയാളുടെ വാദം.

ശനിയാഴ്ച കുംതയിൽ നടന്ന പൊതുസമ്മേളനത്തിലാണ് അനന്ത് കുമാർ ഹെഗ്‌ഡെ മുസ്‌ലിം വിരുദ്ധ പ്രസ്താവന നടത്തിയത്. '1992ൽ ബാബരി മസ്ജിദ് എങ്ങനെ പൊളിച്ചോ അതുപോലെ കർണാടകയിലെ ഭട്കലിലേതുൾപ്പെടെയുള്ള പള്ളികളും പൊളിക്കണം'- അനന്ത്കുമാർ ആഹ്വാനം ചെയ്തു.

'സംസ്ഥാനത്തെ എല്ലാ ഗ്രാമങ്ങളിലും ചെറിയ മതപരമായ സ്ഥലങ്ങളിൽ അതിക്രമിച്ചുകയറി നിർമാണം നടത്തിയിട്ടുണ്ട്. അവ പൊളിക്കുന്നതുവരെ ഹിന്ദു സമൂഹം വെറുതെയിരിക്കരുത്. കഴിഞ്ഞുപോയ 1,000 വർഷത്തിന് പ്രതികാരം ചെയ്യണം. അതിൽ പാർട്ടിക്ക് വിഷമിക്കേണ്ടിവരില്ല'- ബിജെപി നേതാവ് പറഞ്ഞു.

'പത്രങ്ങൾ എഴുതട്ടെ. ചിലർ ഇത് ഒരു ഭീഷണിയായി കാണുന്നു. ഒരു ഉറപ്പ് എന്ന നിലയിലാണ് ഞങ്ങൾ ഇത് ചെയ്യുന്നത്. പ്രതികാരം ചെയ്യണം. 1000 വർഷത്തിന് പ്രതികാരം ചെയ്തില്ലെങ്കിൽ ഞങ്ങളുടേത് ഹിന്ദു രക്തമല്ലെന്ന് ഹിന്ദു സമൂഹത്തിന് വ്യക്തമായി പറയാൻ കഴിയും'- ഹെ‍ഡ്​ഗെ പറഞ്ഞു. ബാബരി മസ്ജിദ് തകർത്തത് മുഴുവൻ ഹിന്ദു സമൂഹത്തിനും വേണ്ടിയാണെന്നും ഹെഗ്‌ഡെ അഭിപ്രായപ്പെട്ടു.

ഭട്കൽ മസ്ജിദ് തകർക്കുന്നത് ബാബരി മസ്ജിദ് തകർത്തതു പോലെ ഉറപ്പായ കാര്യമാണ്. ഇത് അനന്ത്കുമാർ ഹെഗ്‌ഡെയുടെ തീരുമാനമല്ല, ഹിന്ദു സമൂഹത്തിന്റെ തീരുമാനമാണെന്നും ബിജെപി എം.പി പറഞ്ഞു.

മുഖ്യമന്ത്രി സിദ്ധരാമയ്യയെ 'മൂകൻ' എന്ന് വിളിച്ച് പരിഹസിച്ച ഹെഗ്‌ഡെ, അദ്ദേഹം ന്യൂനപക്ഷങ്ങൾക്ക് പ്രത്യേക ആനുകൂല്യങ്ങൾ നൽകുന്നുവെന്നും ആരോപിച്ചു. ആരോപണങ്ങളോട് പ്രതികരിക്കവെ, ഹെഡ്‌​ഗെയെ 'അപരിഷ്‌കൃതൻ' എന്ന് വിശേഷിപ്പിച്ച സിദ്ധരാമയ്യ, ആ പെരുമാറ്റം അയാളുടെ സംസ്കാരത്തെ പ്രതിഫലിപ്പിക്കുന്നതായും വ്യക്തമാക്കി.

അതേസമയം, വിദ്വേഷ പ്രസം​ഗത്തിൽ ഹെഡ്​ഗെയ്ക്കെതിരെ പൊലീസ് സ്വമേധയാ കേസെടുത്തു. ഐപിസി സെക്ഷൻ 153 (വിവിധ സമുദായങ്ങൾക്കിടയിൽ ശത്രുത വളർത്തൽ), 505 (വിദ്വേഷം സൃഷ്ടിക്കുന്ന പ്രസ്താവനകൾ) എന്നിവ പ്രകാരമാണ് കുംത പൊലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ ഇയാൾക്കെതിരെ കേസെടുത്തത്.

ഇതിനിടെ, ഹെഗ്‌ഡെയുടെ പ്രസ്താവനയെ തള്ളി രം​ഗത്തെത്തിയ ബിജെപി എംഎൽഎയും മുൻ ഉപമുഖ്യമന്ത്രിയുമായ സി.എൻ അശ്വത് നാരായൺ അവ പാർട്ടി നിലപാടല്ലെന്നും പ്രതികരിച്ചു. അനന്ത് കുമാർ ഹെഗ്‌ഡെ എം.പിയുടെ അഭിപ്രായങ്ങൾ പാർട്ടിയുടെ ഔദ്യോഗിക നിലപാടുമായി യോജിക്കുന്നതല്ലെന്ന് അശ്വത് നാരായൺ പ്രസ്താവനയിൽ വ്യക്തമാക്കി.

Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

contributor

Editor - ഷിയാസ് ബിന്‍ ഫരീദ്

contributor

By - Web Desk

contributor

Similar News