കാവി ഷാള്‍ ധരിച്ച് എ.ബി.വി.പി പ്രതിഷേധം: കോളജില്‍ ഹിജാബ് നിരോധിച്ചു

850 ഓളം വിദ്യാർത്ഥികൾ പഠിക്കുന്ന കോളജിൽ ജനുവരി 4 നാണ് 50 ഓളം എ.ബി.വി.പിക്കാർ കാവി സ്കാർഫ് ധരിച്ചെത്തിയത്

Update: 2022-01-13 15:24 GMT
Editor : ijas
Advertising

മുസ്‍ലിം വനിതകള്‍ ഹിജാബ് ധരിക്കുന്നതിനെതിരെ എ.ബി.വി.പി നടത്തിയ കാവി ഷാള്‍ പ്രതിഷേധത്തിനൊടുവില്‍ കര്‍ണാടക കോളജ് ഹിജാബ് നിരോധിച്ചു. കര്‍ണാടകയിലെ ചിക്കമഗളൂരൂ ജില്ലയിലെ സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള കോളജിലാണ് ഹിജാബ് നിരോധിച്ചത്. അധ്യാപക-രക്ഷാകര്‍തൃ യോഗത്തിലാണ് ഹിജാബ് നിരോധിക്കാന്‍ തീരുമാനമായത്.

ക്ലാസ് മുറികളില്‍ മുസ്‍ലിം വിദ്യാര്‍ത്ഥിനികള്‍ ഹിജാബ് ധരിക്കുന്നതിനെതിരെയാണ് കാവി ഷാള്‍ ധരിച്ച് എ.ബി.വി.പി പ്രതിഷേധിച്ചത്. 850 ഓളം വിദ്യാർത്ഥികൾ പഠിക്കുന്ന കോളജിൽ ജനുവരി 4 നാണ് 50 ഓളം എ.ബി.വി.പിക്കാർ കാവി സ്കാർഫ് ധരിച്ചെത്തിയത്. കോളജിന്‍റെ ഗേറ്റിന് മുന്നില്‍ മുദ്രാവാക്യം വിളിച്ചു കൊണ്ട് കുത്തിയിരുന്നാണ് എ.ബി.വി.പി പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചത്. പ്രതിഷേധത്തിനൊടുവില്‍ കാവി ഷാളും ഹിജാബും നിരോധിച്ചതായി കോളജ് പ്രിന്‍സിപ്പല്‍ അറിയിച്ചു.

'ഹിന്ദു വിദ്യാർഥികൾ കാവി സ്കാർഫും മുസ്‍ലിം പെൺകുട്ടികൾ ഹിജാബും ധരിക്കരുതെന്ന് തീരുമാനിച്ചു. അതേസമയം, തലമറയ്ക്കാൻ അവർക്ക് ഷാൾ ധരിക്കാം. ആരെങ്കിലും നിയമം ലംഘിച്ചാൽ അവരെ കോളജിൽനിന്ന് പിരിച്ചുവിടും' -പ്രിൻസിപ്പൽ ഇന്ത്യൻ എക്‌സ്പ്രസിനോട് പറഞ്ഞു.

അതിനിടെ ഭരണഘടന ആരുടെയും പ്രേരണയോ രാഷ്ട്രീയ പ്രേരിതമോ അല്ലാതെ ഹിജാബോ കാവി ഷാളോ ധരിക്കാന്‍ അനുമതി നല്‍കുന്നുണ്ടെന്ന് കാമ്പസ് ഫ്രണ്ട് ഓഫ് ഇന്ത്യ വ്യക്തമാക്കി. എന്നാല്‍ സ്കൂളുകളിൽ നിന്നും കോളേജുകളിൽ നിന്നും മതപരമായ ആചാരങ്ങൾ ഒഴിവാക്കാൻ ഏത് സംഘടനയിലും (കാമ്പസ് ഫ്രണ്ട് ഓഫ് ഇന്ത്യ ഉൾപ്പെടെ) ചേരാൻ തയ്യാറാണെന്ന് എ.ബി.വി.പി മറുപടി നല്‍കി.

അതെ സമയം ഭരണഘടനാപരമായ അവകാശങ്ങൾ ലംഘിക്കപ്പെടുന്നുവെന്ന് കാണിച്ച് ഉഡുപ്പി ഡെപ്യൂട്ടി കമ്മീഷണർ കുർമ റാവുവിനെ സമീപിച്ചതിനെത്തുടർന്ന് എട്ട് പെൺകുട്ടികൾക്ക് ക്ലാസുകളിൽ പ്രവേശിക്കാനും പങ്കെടുക്കാനും കോളജ് അനുമതി ലഭിച്ചു.

Tags:    

Writer - ijas

contributor

Editor - ijas

contributor

Similar News