ടിപ്പുവിനെ പുസ്തകങ്ങളിൽനിന്ന് ഒഴിവാക്കില്ല, പകരം പാഠഭാഗങ്ങൾ തിരുത്തും; പുതിയ നീക്കവുമായി കർണാടക

പാഠപുസ്തക പുനഃപരിശോധനാ സമിതി അധ്യക്ഷൻ ഹിന്ദുത്വ ആശയക്കാരനാണെന്നും അത്തരമൊരാളെ പാഠപുസ്തകങ്ങൾ വിലയിരുത്താൻ ഏൽപിക്കുന്നത് ശരിയല്ലെന്നും നേരത്തെ കോൺഗ്രസ് വിമർശിച്ചിരുന്നു

Update: 2022-03-26 14:50 GMT
Editor : Shaheer | By : Web Desk
Advertising

18-ാം നൂറ്റാണ്ടിലെ മൈസൂർ രാജാവായിരുന്ന ടിപ്പു സുൽത്താനെക്കുറിച്ച് പഠിപ്പിക്കുന്ന സ്‌കൂൾ പാഠഭാഗങ്ങൾ തിരുത്താൻ കർണാടക സർക്കാർ. ടിപ്പുവിനെക്കുറിച്ചുള്ള പാഠങ്ങൾ പൂർണമായി ഒഴിവാക്കുന്നതിനു പകരം 'മഹത്വവൽക്കരിക്കുന്ന' തരത്തിലുള്ള ഭാഗങ്ങൾ നീക്കം ചെയ്യാനാണ് പാഠപുസ്തക പുനഃപരിശോധനാ കമ്മിറ്റിയുടെ നിർദേശം.

ടിപ്പുവിനെക്കുറിച്ചുള്ള പാഠഭാഗങ്ങൾ പൂർണമായി നീക്കം ചെയ്യുമെന്ന് നേരത്തെ വാർത്തകളുണ്ടായിരുന്നു. എന്നാൽ, ഇക്കാര്യം കഴിഞ്ഞ ദിവസം ബി.സി നാഗേഷ് തള്ളിക്കളഞ്ഞിരുന്നു. പാഠപുസ്തക പുനഃപരിശോധനാ കമ്മിറ്റിയുടെ റിപ്പോർട്ട് ലഭിച്ചിട്ടുണ്ടെന്നും ഇതിലെ നിർദേശങ്ങൾ അടുത്ത അക്കാദമിക വർഷം മുതൽ നടപ്പാക്കുമെന്നും മന്ത്രി അറിയിച്ചു.

കഴിഞ്ഞ സെപ്റ്റംബറിലാണ് എഴുത്തുകാരനും കന്നട വികസന അതോറിറ്റി അംഗവുമായ രോഹിത് ചക്രതീർത്ഥ അധ്യക്ഷനായ സമിതിയെ പാഠപുസ്തക പുനഃപരിശോധന നടത്താൻ ഏൽപിച്ചത്. ടിപ്പുവിനെ പൂർണമായി പാഠപുസ്തകത്തിൽനിന്ന് ഒഴിവാക്കുന്നതിനു പകരം അദ്ദേഹത്തെ മഹാനായി അവതരിപ്പിക്കുന്ന ഭാഗം നീക്കം ചെയ്യാനാണ് സമിതി നിർദേശിച്ചിരിക്കുന്നത്. ഇതോടൊപ്പം 600 വർഷത്തോളം വടക്കുകിഴക്കൻ ഇന്ത്യയിൽ ഭരണം നടത്തിയ അഹോം രാജവംശത്തെയും വടക്കേന്ത്യയിൽ ഭരണം നടത്തിയിട്ടുള്ള കർകോട്ട രാജവശത്തെയും കുറിച്ചുള്ള വിവരണങ്ങൾ, കശ്മീർ ചരിത്രം എന്നിവയെല്ലാം പാഠപുസ്തകങ്ങളിൽ ഉൾപ്പെടുത്താനും നിർദേശമുണ്ട്. ഒന്നു മുതൽ പത്തുവരെയുള്ള ക്ലാസുകളിലെ പാഠപുസ്തകങ്ങളിലാകും പുതിയ തിരുത്തുകൾ വരിക.

ദീർഘദർശിയും മതേതരവാദിയും പുരോഗമനകാരിയുമായ ഭരണാധികാരിയാണ് ടിപ്പുവെന്നും അദ്ദേഹത്തെക്കുറിച്ചുള്ള പാഠഭാഗങ്ങൾ പുസ്തകങ്ങളിൽനിന്ന് നീക്കം ചെയ്യരുതെന്നും കർണാടക കോൺഗ്രസ് നേതാക്കൾ ആവശ്യപ്പെട്ടു. രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള പോരാട്ടത്തിനിടെയാണ് അദ്ദേഹം മരിച്ചതെന്നും കോൺഗ്രസ് നേതാവ് സലീം അഹ്‌മദ് പറഞ്ഞു. പാഠപുസ്തക പുനഃപരിശോധനാ സമിതി അധ്യക്ഷൻ ഹിന്ദുത്വ ആശയക്കാരനാണെന്നും അത്തരമൊരാളെ പാഠപുസ്തകങ്ങൾ വിലയിരുത്താൻ ഏൽപിക്കുന്നത് ശരിയല്ലെന്നും നേരത്തെ കോൺഗ്രസ് വിമർശിച്ചിരുന്നു.

Summary: The Karnataka government has plans to revise school textbooks and delete some chapters, including the one on 18th-century Mysuru ruler Tipu Sultan which shows him allegedly in a 'glorified' manner

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News