കശ്മീരികളുടെ യാതന തുടരുന്നു; കേന്ദ്രസർക്കാർ വാഗ്ദാനങ്ങളൊന്നും പാലിച്ചില്ല- ഇ.ടി മുഹമ്മദ് ബഷീർ എം.പി

''തീവ്രവാദം തടയും, കശ്മീരിലേക്ക് സമഗ്രമായ വികസനം കൊണ്ടുവരും, പണ്ഡിറ്റുകളെ തിരികെക്കൊണ്ടുവരുമെന്നെല്ലാം കേന്ദ്രം വാഗ്ദാനം ചെയ്തു. ഇവയിൽ ഒന്നുപോലും ഫലപ്രദമായി നടപ്പാക്കാൻ ഇതുവരെ അവർക്ക് കഴിഞ്ഞിട്ടില്ല..''

Update: 2022-03-14 17:01 GMT
Editor : Shaheer | By : Web Desk
Advertising

പ്രത്യേക പദവി എടുത്തുകളഞ്ഞ കേന്ദ്ര സർക്കാർ നടപടിക്ക് മുമ്പും ശേഷവും കടുത്ത യാതനയും കണ്ണുനീരും ചോരയുമെല്ലാം കണ്ടു പ്രയാസപ്പെടുന്ന ജനതയാണ് കശ്മീരികളെന്ന് മുസ്‌ലിം ലീഗ് പാർലമെന്ററി പാർട്ടി ലീഡറും ദേശീയ ഓർഗനൈസിങ് സെക്രട്ടറിയുമായ ഇ.ടി മുഹമ്മദ് ബഷീർ എം.പി. കശ്മീരികളുടെ യാതന ഇന്നും തുടരുകയാണെന്നും ഇ.ടി പാർലമെന്റിൽ പറഞ്ഞു.

കശ്മീരിന്റെ സപ്ലിമെന്ററി അഭ്യർത്ഥന പ്രകാരമുള്ള ഗ്രാന്റ് അനുവദിക്കുന്നതിനുള്ള ചർച്ചയിൽ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. അമിത്ഷാ തന്നെ ഒരു പ്രസ്താവനയിൽ പറഞ്ഞത് കശ്മീരിൽ എപ്പോൾ സ്ഥിതിഗതികൾ സാധാരണഗതിയിലാവുന്നോ അപ്പോൾ അവർക്ക് സംസ്ഥാനപദവി തിരിച്ചുകൊടുക്കുമെന്നാണ്. ബി.ജെ.പിയെ അനുകൂലിച്ചവരെല്ലാം അവിടം ശാന്തസുന്ദരമാണെന്നാണ് വ്യക്തമാക്കിയത്. ഒരു മന്ദമാരുതനെപ്പോലെയാണ് കശ്മീരെന്നാണ് അവർ പറഞ്ഞിട്ടുള്ളത്. എന്നാൽ, കഴിഞ്ഞകാലത്തെ ദുഃഖഭാരം തന്നെ ഇപ്പോഴും പേറി കഴിയേണ്ടിവരുന്ന ദുർഗതിയാണ് അവർക്കുള്ളതെന്ന് ഈ പറയുന്നവർ മനസ്സിലാക്കുന്നില്ലെന്നും ഇ.ടി ചൂണ്ടിക്കാട്ടി.

എന്തെല്ലാം മോഹനസുന്ദരങ്ങളായ കാര്യങ്ങളായിരുന്നു ഈ സർക്കാർ കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞപ്പോൾ പറഞ്ഞിരുന്നതെന്ന് ഇപ്പോഴും ഓർക്കുന്നുണ്ടോ? തീവ്രവാദം തടയും, ജമ്മുകശ്മീരിലേക്ക് സമഗ്രമായ വികസനം കൊണ്ടുവരും, കശ്മീർ പണ്ഡിറ്റുമാരെ തിരികെക്കൊണ്ടുവരാൻ നടപടി സ്വീകരിക്കും, സർക്കാർ വിഹിതങ്ങളിൽ അവർക്കും നീതിപൂർവമായ വിതരണം നടത്തുമെന്നെല്ലാം അന്നു വാഗ്ദാനം ചെയ്തു. എന്നാൽ ഇവയിൽ ഏതെങ്കിലും ഒന്ന് ഫലപ്രദമായി നടപ്പാക്കാൻ ഇതുവരെ അവർക്ക് കഴിഞ്ഞിട്ടില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

''ഈ സർക്കാരിന്റെ ഏറ്റവും വലിയ ശത്രുവായി അവർ കാണുന്നത് ജനങ്ങളുടെ വികാരവിചാരങ്ങൾ പുറത്തുകൊണ്ടുവന്ന പത്രമാധ്യമങ്ങളാണ്. രാജ്യത്തിന്റെ ചരിത്രത്തിൽ ഏതെങ്കിലും ഒരു ഭരണകൂടം അഞ്ച് മുൻ മുഖ്യമന്ത്രിമാരെ മാസങ്ങളോളം വീട്ടുതടങ്കലിൽ താമസിപ്പിച്ച ചരിത്രം കേട്ടുകേൾവി പോലുമുള്ളതാണോ? തങ്ങൾക്ക് ഇഷ്ടമില്ലാത്തവരെ മുഴുവനും കടുത്തപീഡനങ്ങൾക്ക് ഇരയാക്കുകയാണ് ബി.ജെ.പി സർക്കാർ ചെയ്യുന്നത്. അതിന്റെ ഭാഗം തന്നെയാണ് പത്രമാധ്യമങ്ങളുടെ കാര്യം. ജമ്മുകശ്മീരിലെ സംഭവവികാസങ്ങളെ സംബന്ധിച്ച് അവിടുത്തെ പത്രക്കാരുടെ സമിതി നിഷ്പക്ഷ അന്വേഷണം നടത്തിയിരുന്നു. അവർ കണ്ടെത്തിയ വസ്തുതകൾ ഞെട്ടിപ്പിക്കുന്നതാണ്. യാത്രക്കാർക്കുനേരെ പലതരത്തിൽ അതിക്രമം നടക്കുന്നു. അവർക്ക് താമസിക്കാൻ കൊടുത്തിരുന്ന സ്ഥലങ്ങളിൽനിന്നുവരെ ബോധപൂർവം ഒഴിപ്പിക്കുന്നു. സർക്കാർപരസ്യങ്ങൾ സർക്കാരിനുവേണ്ടി കുഴലൂത്ത് നടത്തുന്ന പത്രക്കാർക്ക് മാത്രമേ കൊടുക്കുന്നുള്ളൂ. ഇന്റർനെറ്റ് മാസങ്ങളോളം തടസ്സപ്പെടുത്തി. പത്രക്കാർക്ക് കൊടുക്കേണ്ട അക്രെഡിറ്റേഷൻ പലതും യാതൊരു നീതീകരണവുമില്ലാതെ നിർത്തൽ ചെയ്തു.''

ലോകത്ത് ഏറ്റവും വലിയ ജനാധിപത്യ രാജ്യമെന്ന് വിശേഷിപ്പിക്കപ്പെടുന്ന ഇന്ത്യയുടെ ചിത്രം തന്നെ അവർ പരിഹാസമാക്കുകയാണ്. യു.പി.എ സർക്കാരിന്റെ കാലത്ത് കൊണ്ടുവന്ന ഏറ്റവും സുതാര്യമായ നിയമസംവിധാനമായിരുന്നു വിവരാവകാശം. കശ്മീരിൽ സാധാരണക്കാരന് ഏതെങ്കിലുമൊരു ഔദ്യോഗികമായ വിവരം ഈ നിയമപ്രകാരം കിട്ടില്ല. ജനാധിപത്യ സർക്കാർ വന്നാൽ അത് ജനങ്ങൾക്കും ഭരണകൂടത്തിനും ഇടയിലുള്ള പാലമായി തീരും. ആ പാലമാണ് നേരത്തെ തന്നെ കേന്ദ്രം പൊളിച്ചുകളഞ്ഞത്. ഫെഡറലിസം ഇന്ത്യൻ ഭരണഘടനയുടെ അടിസ്ഥാന സങ്കൽപമാണ്. എന്നാൽ അതിനെ ഓരോ ഘട്ടത്തിലും തകർത്തുകളയുകയാണ് കേന്ദ്ര സർക്കാർ ചെയ്യുന്നത്.

എല്ലാ സർക്കാരിനും അതിന്റേതായ അജണ്ടകളുണ്ടാകും. അതിൽ രാഷ്ട്രീയ അജണ്ടയുമുണ്ടാകും. എന്നാൽ, ഒരു പ്രദേശത്തിന്റെ അല്ലെങ്കിൽ ഒരു സംസ്ഥാനത്തിന്റെ ജനസംഖ്യാനുപാതം തങ്ങളുടെ രാഷ്ട്രീയ ഇച്ഛയ്ക്ക് അനുസരിച്ച് പുനഃക്രമീകരണം ചെയ്യാൻ വഴിയൊരുക്കുന്ന ഏതു നീക്കവും തെറ്റായ നിയമവും കീഴ്വഴക്കവുമാണ്. അത് ജമ്മുകശ്മീരിലാണെങ്കിലും ലക്ഷദ്വീപിലാണെങ്കിലും ഇത്തരം വിക്രിയകളെ ശക്തമായി എതിർക്കുകയാണ് വേണ്ടതെന്നും ഇ.ടി മുഹമ്മദ് ബഷീർ എം.പി പറഞ്ഞു.

Summary: Kashmiris' sufferings still continue; The central government has not kept any of its promises, says ET Mohammed Basheer MP

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News