യു.പിയിൽ അഖിലേഷ് യാദവിന്റെ നിർണായക നീക്കം; കേശവ് പ്രസാദ് പാണ്ഡെ പ്രതിപക്ഷ നേതാവാകുമ്പോൾ...

ബ്രാഹ്മണ വിഭാഗത്തിൽ നിന്നുള്ള മുതിർന്ന നേതാവ് മാതാ പ്രസാദ് പാണ്ഡയെ പ്രതിപക്ഷ നേതാവാക്കിയാണ് അഖിലേഷ് എതിർപാളയത്തെ ഞെട്ടിച്ചത്

Update: 2024-07-29 08:03 GMT
Editor : rishad | By : Web Desk

ലക്‌നൗ: ഉത്തർപ്രദേശ് നിയമസഭയിൽ മൺസൂൺ സെഷൻ ആരംഭിക്കാനിക്കെ നിർണായക നീക്കം നടത്തി സമാജ്‌വാദി പാർട്ടി(എസ്.പി) അദ്ധ്യക്ഷൻ അഖിലേഷ് യാദവ്. ബ്രാഹ്മണ വിഭാഗത്തിൽ നിന്നുള്ള മുതിർന്ന നേതാവ് മാതാ പ്രസാദ് പാണ്ഡയെ പ്രതിപക്ഷ നേതാവാക്കിയാണ് അഖിലേഷ് എതിർപാളയത്തെ ഞെട്ടിച്ചത്. 

പ്രതിപക്ഷ നേതാവായിരുന്ന അഖിലേഷ് യാദവ് ലോക്‌സഭയിലേക്ക് വിജയിച്ചതിനാൽ എം.എൽ.എ സ്ഥാനം രാജിവെച്ചിരുന്നു. ഇതോടെ ഉത്തർപ്രദേശിലെ പ്രതിപക്ഷ നേതാവായി പകരം ആര് വരും എന്നത് രാഷ്ട്രീയ കേന്ദ്രങ്ങൾ ഉറ്റുനോക്കിയ കാര്യമായിരുന്നു. അതിനാണിപ്പോള്‍ തീരുമാനമായിരിക്കുന്നത്. 

Advertising
Advertising

അഞ്ച് ദിവസത്തെ മൺസൂൺ സെഷനിലൂടെ എസ്.പിയെ നയിക്കുക എന്നതാണ് പാണ്ഡെയുടെ ആദ്യ ദൗത്യം. കിഴക്കൻ യുപിയിലെ സിദ്ധാർത്ഥനഗർ ജില്ലയിലെ ഇത്വായിൽ നിന്ന് ഏഴ് തവണ എം.എൽ.എയായ പാണ്ഡെ, 2004ൽ മുലായം സിങ് യാദവിൻ്റെ നേതൃത്വത്തിലുള്ള സർക്കാരില്‍ നിയമസഭാ സ്പീക്കറായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. 

2012ൽ അഖിലേഷ് യാദവ്, എസ്.പിയെ അധികാരത്തിലെത്തിച്ചപ്പോഴും സ്പീക്കര്‍ ചുമതല പാണ്ഡെയ്ക്കായിരുന്നു. അഖിലേഷിന്റെ അമ്മാവനും എസ്.പി സ്ഥാപക അംഗവുമായ ശിവപാൽ സിങ് യാദവിനെ ഈ സ്ഥാനത്തേക്ക് പാര്‍ട്ടിയിലെ ഒരുവിഭാഗം ആളുകള്‍ പരിഗണിച്ചിരുന്നുവെങ്കിലും നേതൃത്വത്തിന്റെ മനസില്‍ മറ്റൊരു പ്ലാനായിരുന്നു. പിന്നാക്ക-ദലിത്- മുസ്‌ലിം വിഭാഗങ്ങളെ ഒപ്പം നിര്‍ത്തിയാണ് ലോക്സഭാ തെരഞ്ഞെടുപ്പിനെ പാര്‍ട്ടി നേരിട്ടത്. ഇത് വിജയം കാണുകയും ചെയ്തു. ഈ ഫോര്‍മുലയിലൂടെ മുന്നോക്ക വിഭാഗമായ ബ്രാഹ്മണരെ തഴഞ്ഞൂവെന്ന തോന്നല്‍ അവര്‍ക്കിടിയിലുണ്ട്.

ഈ വിടവ് നികത്താനാണ് മുതിര്‍ന്ന ബ്രാഹ്മണ നേതാവിനെ തന്നെ അഖിലേഷ് യാദവ് പ്രതിപക്ഷ നേതാവ് ആക്കുന്നത്. ഇതിന് പുറമെ രണ്ട് സുപ്രധാന നിയമനങ്ങൾ കൂടി എസ്.പി നടത്തി. മുൻ രാജ്യസഭാ എം.പിയും അഖിലേഷ് സർക്കാരില്‍ ക്യാബിനറ്റ് മന്ത്രിയുമായിരുന്ന കമൽ അക്തറിനെ ചീഫ് വിപ്പായും പ്രതാപ്ഗഡിൽ നിന്നുള്ള കുർമി നേതാവും റാണിഗഞ്ച് എം.എൽ.എയുമായ ആർ.കെ വർമയെ ഡെപ്യൂട്ടി വിപ്പായും നിയമിച്ചു. 2022ലെ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായാണ് വർമ ​​എസ്.പിയില്‍ ചേര്‍ന്നത്.

പിന്നാക്ക വിഭാഗക്കാര്‍ക്ക് വേണ്ടി ശബ്ദിക്കുന്ന പാര്‍ട്ടി എന്ന നിലയില്‍, അവരെ ഒഴിവാക്കി  മുന്നോക്ക വിഭാഗത്തില്‍ നിന്നൊരു നേതാവിനെ പ്രധാന പദവിയിലേക്ക് കൊണ്ടുവരുന്നത് ചിലരെ അത്ഭുതപ്പെടുത്തിയെങ്കിലും ബ്രാഹ്മണ വിഭാഗത്തില്‍ നിന്നൊരാള്‍ ഈ സ്ഥാനത്ത് എത്തുന്നത് ഗുണം ചെയ്യുമെന്നാണ് പാര്‍ട്ടി വിലയിരുത്തുന്നത്. പ്രത്യേകിച്ച് പൂർവാഞ്ചല്‍ മേഖലയില്‍ കാര്യമായ നേട്ടമുണ്ടാക്കാമെന്നാണ് പാര്‍ട്ടി പ്രതീക്ഷിക്കുന്നത്. 

അതോടെ എല്ലാ വിഭാഗത്തേയും ഒപ്പം നിര്‍ത്തിയെന്ന് അവകാശപ്പെടാനും പാര്‍ട്ടിക്ക് ആകും. അതിനിടെ ബ്രാഹ്‌മണ വിഭാഗത്തില്‍ നിന്നുള്ള എം.എല്‍.എയെ പ്രതിപക്ഷ നേതാവാക്കിയതിലൂടെ അഖിലേഷ് യാദവ് പിന്നാക്ക വിഭാഗക്കാരെ വഞ്ചിച്ചതായി ബി.ജെ.പി നേതാവും ഉത്തര്‍പ്രദേശ് ഉപമുഖ്യമന്ത്രിയുമായ കേശവ് പ്രസാദ് മൗര്യ ആരോപിച്ചു. ഈ വാദം ഉയർത്തിയാണ് ബി.ജെ.പി അഖിലേഷിനെ പ്രതിരോധിക്കുന്നത്.

Tags:    

Writer - rishad

contributor

Editor - rishad

contributor

By - Web Desk

contributor

Similar News