'ഒരു മാസത്തിനകം ഹിന്ദി പഠിച്ചില്ലെങ്കിൽ ഇവിടെ തുടരരുത്'; വിദേശിക്കെതിരെ ഭീഷണിയുമായി ബിജെപി കൗണ്‍സിലര്‍

വിദേശത്ത് ജോലിയെടുക്കുന്ന ഇന്ത്യക്കാര്‍ വളരെ വിരളമായാണ് അവിടത്തെ ഭാഷകള്‍ ശീലിക്കുന്നത് എന്നിരിക്കെ എന്തിനാണ് ഇന്ത്യയിലെത്തുന്നവരോട് ഇത്രയധികം വംശീയബോധത്തെ പെരുമാറുന്നതെന്നാണ് നിരവധി പേരുടെ ചോദ്യം

Update: 2025-12-22 06:11 GMT

ന്യൂഡല്‍ഹി: ഹിന്ദി സംസാരിക്കാന്‍ അറിയാത്തതിന്റെ പേരില്‍ സൗത്ത് ആഫ്രിക്കന്‍ വിദേശിക്കെതിരെ ഭീഷണിയുമായി ബിജെപി കൗണ്‍സിലര്‍. ഡല്‍ഹിയിലെ പ്രതാപ്ഗഞ്ച് ബിജെപി കൗണ്‍സിലറായ രേണു ചൗധരിയാണ് ഭീഷണിപ്പെടുത്തിയത്. സൗത്ത് ആഫ്രിക്കയിൽ നിന്നെത്തിയ ഫുട്ബോൾ പരിശീലകനെ ഇവര്‍ ഭീഷണിപ്പെടുത്തുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്.

ഡല്‍ഹിയിലെ കുട്ടികള്‍ക്ക് വര്‍ഷങ്ങളായി ഫുട്‌ബോള്‍ പരിശീലനം നല്‍കുന്ന കോച്ചിനെതിരെയാണ് ബിജെപി കൗണ്‍സിലറിന്റെ ആക്രോശം. പബ്ലിക് പാര്‍ക്കില്‍ വെച്ച് ആള്‍ക്കൂട്ടത്തിനിടയില്‍ വിദേശിയോട് ദേഷ്യപ്പെട്ട് സംസാരിക്കുന്ന ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചുകൊണ്ടിരിക്കുന്നത്. എന്തുകൊണ്ടാണ് ഇന്ത്യയിലെത്തിയ വിദേശികള്‍ ഹിന്ദി ഭാഷ പഠിക്കാത്തതെന്നും ഇത് ശരിയല്ലെന്നും വീഡിയോയിൽ ഇവർ പറയുന്നുണ്ട്.

Advertising
Advertising

താന്‍ പറയുന്നതിന്റെ ഗൗരവം മനസ്സിലാക്കാൻ ഒരാളും തയ്യാറാകുന്നില്ലെന്ന് ചുറ്റിലും തടിച്ചുകൂടിയ ആള്‍ക്കൂട്ടത്തെ കുറ്റപ്പെടുത്തിയ ബിജെപി നേതാവ്, കോച്ച് എന്തുകൊണ്ടാണ് ഇത്രയും കാലമായിട്ടും ഹിന്ദി പഠിക്കാതിരുന്നതെന്നതിന്റെ വിശദീകരണം ആവശ്യപ്പെടുകയും ചെയ്തു.

'അയാള്‍ക്ക് ഒരു മാസത്തിനകം ഹിന്ദി പഠിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ ഈ പാര്‍ക്കില്‍ നിന്ന് പിടിച്ച് പുറത്താക്കിയേക്കുക.'അവര്‍ അട്ടഹസിച്ചു.

ബിജെപി നേതാവിന്റെ യുക്തിരഹിതമായ പ്രവര്‍ത്തിയെ വിമര്‍ശിച്ചുകൊണ്ട് നിരവധി പേരാണ് സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ച വീഡിയോക്ക് താഴെ ഒരുമിച്ച് കൂടിയിരിക്കുന്നത്. 'ഒരു നേതാവിന് ഒട്ടും ചേരാത്ത പ്രവൃത്തി, വല്ലാത്ത ഉപദ്രവമായി, അധികാരത്തിന്റെ ദുരുപയോഗം' എന്നിങ്ങനെ നിരവധി അഭിപ്രായങ്ങളാണ് വന്നുകൊണ്ടിരിക്കുന്നത്.

വിദേശത്ത് ജോലിയെടുക്കുന്ന ഇന്ത്യക്കാര്‍ വളരെ വിരളമായാണ് അവിടത്തെ ഭാഷകള്‍ ശീലിക്കുന്നത് എന്നിരിക്കെ എന്തിനാണ് ഇന്ത്യയിലെത്തുന്നവരോട് ഇത്രയധികം വംശീയബോധത്തെ പെരുമാറുന്നതെന്നാണ് നിരവധി പേരുടെ ചോദ്യം. സൗത്ത് ഇന്ത്യയിലോ ആഫ്രിക്കയിലോ പോകുന്ന ഇന്ത്യക്കാരോട് അവിടെയുള്ളവര്‍ ഇങ്ങനെ പെരുമാറിയാല്‍ എങ്ങനെയുണ്ടാകുമെന്നാണ് മറ്റ് ചിലരുടെ അഭിപ്രായം. 

Tags:    

Writer - അൻഫസ് കൊണ്ടോട്ടി

contributor

anfas123

Editor - അൻഫസ് കൊണ്ടോട്ടി

contributor

anfas123

By - Web Desk

contributor

Similar News