ഭൂതകാലത്തിന്‍റെ പ്രതീകമെന്ന നിലയില്‍ ചെങ്കോലിനെ നമുക്ക് സ്വീകരിക്കാമെന്ന് ശശി തരൂര്‍

പവിത്രമായ പരമാധികാരവും ധർമ്മ ഭരണവും ഉൾക്കൊണ്ടുകൊണ്ട് പാരമ്പര്യത്തിന്‍റെ തുടർച്ചയെയാണ് ചെങ്കോൽ പ്രതിഫലിപ്പിക്കുന്നതെന്ന് സർക്കാർ ശരിയായി വാദിക്കുന്നു

Update: 2023-05-28 06:35 GMT
Editor : Jaisy Thomas | By : Web Desk

ശശി തരൂര്‍

ഡല്‍ഹി: ചെങ്കോല്‍ വിവാദത്തില്‍ വാദപ്രതിവാദങ്ങള്‍ തുടരുന്നതിനിടെ അനുകൂല പ്രതികരണവുമായി ശശി തരൂര്‍ എം.പി. ചെങ്കോല്‍ സംബന്ധിച്ച വിവാദത്തില്‍ ഇരുവിഭാഗങ്ങളുടെയും വാദങ്ങളില്‍ കഴമ്പുണ്ടെന്ന് തരൂര്‍ ട്വിറ്ററില്‍ കുറിച്ചു.

''പവിത്രമായ പരമാധികാരവും ധർമ്മ ഭരണവും ഉൾക്കൊണ്ടുകൊണ്ട് പാരമ്പര്യത്തിന്‍റെ തുടർച്ചയെയാണ് ചെങ്കോൽ പ്രതിഫലിപ്പിക്കുന്നതെന്ന് സർക്കാർ ശരിയായി വാദിക്കുന്നു.ഭരണഘടന സ്വീകരിക്കപ്പെട്ടത് ജനങ്ങളുടെ പേരിലാണെന്നും അവരുടെ പാർലമെന്‍റില്‍ പ്രതിനിധീകരിക്കുന്നതുപോലെ പരമാധികാരം ഇന്ത്യയിലെ ജനങ്ങളിൽ നിലനിൽക്കുന്നുവെന്നും അത് ദൈവിക അവകാശത്താൽ കൈമാറ്റം ചെയ്യപ്പെടുന്ന രാജകീയ പദവിയല്ലെന്നുമുള്ള പ്രതിപക്ഷത്തിന്‍റെ വാദവും തെറ്റല്ല.

Advertising
Advertising



ചെങ്കോൽ അധികാരത്തിന്‍റെ പരമ്പരാഗത പ്രതീകമാണെന്നും അത് ലോക്‌സഭയിൽ വയ്ക്കുന്നതിലൂടെ പരമാധികാരം അവിടെ കുടികൊള്ളുന്നുവെന്നും ഏതെങ്കിലും രാജാവിന് കീഴിലല്ലെന്നും ഇന്ത്യ ഉറപ്പിച്ചുപറയുകയാണ്.നമ്മുടെ വർത്തമാനകാല മൂല്യങ്ങൾ സ്ഥിരീകരിക്കാൻ നമുക്ക് ഈ ചിഹ്നം ഭൂതകാലത്തിൽ നിന്ന് സ്വീകരിക്കാം.'' ശശി തരൂര്‍ ട്വീറ്റ് ചെയ്തു. എന്നാല്‍ ഈ ചെങ്കോല്‍ മൗണ്ട് ബാറ്റണ്‍ പ്രഭു നെഹ്രുവിന് അധികാര കൈമാറ്റത്തിന്‍റെ പ്രതീകമായി കൈമാറ്റം ചെയ്യുകയായിരുന്നു എന്നതിന് രേഖപ്പെടുത്തിയ തെളിവൊന്നുമില്ലെന്ന് തരൂരും സമ്മതിക്കുന്നു.

അധികാരക്കൈമാറ്റത്തിന്‍റെ ഭാഗമായി ബ്രിട്ടൻ കൈമാറിയെന്ന് പറയപ്പെടുന്ന ചെങ്കോൽ പുതിയ പാർലമെന്‍റ് മന്ദിരത്തിൽ സ്ഥാപിക്കുമെന്ന് കഴിഞ്ഞ ദിവസം ആഭ്യന്തര മന്ത്രി അമിത് ഷാ അറിയിച്ചിരുന്നു. എന്നാല്‍ ഇതു വ്യാജമെന്നായിരുന്നു കോണ്‍ഗ്രസ് പറഞ്ഞത്. വാട്‌സ്ആപ് യൂണിവേഴ്‌സിറ്റിയിൽനിന്ന് ലഭിച്ച വിവരമാകുമിതെന്ന് പാർട്ടി ജനറൽ സെക്രട്ടറി ജയറാം രമേശ് പരിഹസിച്ചിരുന്നു. 

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News