ലോക്‌സഭാ ഹാജർ; മുസ്‌ലിം ലീഗ് എംപിമാർ നമ്പർ വൺ

കണക്കുകൾ ഉദ്ധരിച്ച് ഡാറ്റാ വെബ്‌സൈറ്റായ ഫാക്ട്‌ലി ഡോട് ഇൻ ആണ് വാർത്ത റിപ്പോർട്ട് ചെയ്തത്

Update: 2022-01-13 07:18 GMT
Editor : abs | By : Web Desk

ന്യൂഡൽഹി: 17-ാം ലോക്‌സഭയിലെ ഹാജർനിലയിൽ ഇന്ത്യൻ യൂണിയൻ മുസ്‌ലിം ലീഗ് എംപിമാർ ഒന്നാം സ്ഥാനത്ത്. പാർട്ടി അടിസ്ഥാനത്തിൽ, ലീഗിലെ 67 ശതമാനം അംഗങ്ങൾക്കും സഭയിൽ 90 ശതമാനത്തിലേറെ ഹാജരുണ്ട്. കേരളത്തിൽനിന്നുള്ള ഇ.ടി മുഹമ്മദ് ബഷീർ, എം.പി അബ്ദുസ്സമദ് സമദാനി, തമിഴ്‌നാട്ടിൽ നിന്നുള്ള കെ നവാസ് ഗനി എന്നിവരാണ് ലോക്‌സഭയിലെ ലീഗ് എംപിമാർ. കണക്കുകൾ ഉദ്ധരിച്ച് ഡാറ്റാ വെബ്‌സൈറ്റായ ഫാക്ട്‌ലി ഡോട് ഇൻ ആണ് വാർത്ത റിപ്പോർട്ട് ചെയ്തത്.

പാർട്ടിയിലെ അമ്പത് ശതമാനത്തിലേറെ എംപിമാരും 90 ശതമാനത്തിലേറെ ഹാജർ നേടിയ മൂന്നു പാർട്ടികളാണ് ഈ ലോക്‌സഭയിലുള്ളത്. മൂന്ന് എംപിമാരുള്ള ഇന്ത്യൻ യൂണിയൻ മുസ്‌ലിം ലീഗിനു പുറമേ, പത്ത് എംപിമാരുള്ള ബഹുജൻ സമാജ്‌വാദി പാർട്ടി(ബിഎസ്പി)യും 16 എംപിമാരുള്ള ജനതാദൾ യുണൈറ്റഡും. അമ്പത് ശതമാനത്തിലേറെ അംഗങ്ങൾ 90 ശതമാനത്തിൽ കൂടുതൽ ഹാജർ നേടിയ ഏക ദേശീയ കക്ഷി ബിഎസ്പിയാണ്. പാർട്ടിയിലെ 60 ശതമാനം അംഗങ്ങൾക്കും 90 ശതമാനത്തിലേറെ ഹാജരുണ്ട്.

Advertising
Advertising

മറ്റു ദേശീയ കക്ഷികളിൽ അമ്പത് ശതമാനത്തിൽ താഴെ അംഗങ്ങൾ 90 ശതമാനം ഹാജർ നേടിയതിൽ ബിജെപിയാണ് മുമ്പിൽ, 44 ശതമാനം. സിപിഎം 33%, എൻസിപി 20%, കോൺഗ്രസ് 19% എന്നിങ്ങനെയാണ് മറ്റു ദേശീയ രാഷ്ട്രീയപ്പാർട്ടികളുടെ നില. ഡിഎംകെയാണ് ഏറ്റവും താഴെ. പാർട്ടിയില്‍ എട്ടു ശതമാനം പേർക്കു മാത്രമാണ് 90 ശതമാനത്തിൽ കൂടുതൽ ഹാജരുള്ളത്. സഭയില്‍ കോണ്‍ഗ്രസിന് 53 ഉം സിപിഎമ്മിന് മൂന്നും എന്‍സിപിക്ക് അഞ്ചും അംഗങ്ങളാണ് ഉള്ളത്. 301 അംഗങ്ങളുള്ള ബിജെപിയാണ് സഭയിലെ ഏറ്റവും വലിയ ഒറ്റക്കക്ഷി. 

പാര്‍ട്ടികളുടെ ഹാജര്‍നില


ലോക്‌സഭയുടെ, ഇക്കഴിഞ്ഞ ശൈത്യകാല സെഷൻ ഉൾപ്പെടെയുള്ള കണക്കുകളാണ് ഫാക്ട്‌ലി റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ശൈത്യകാല സമ്മേളനം അവസാനിച്ചതോടെ 17-ാം ലോക്‌സഭ അഞ്ചു വർഷക്കാലാവധിയുടെ പാതിയും തികച്ചിരിക്കുകയാണ്. നിലവിൽ വന്ന 2019 മുതൽ ഇതുവരെ ഏഴു സെഷനുകളിലായി 149 ദിവസമാണ് ലോക്‌സഭ സമ്മേളിച്ചിട്ടുള്ളത്.

രജിസ്റ്ററിലോ മൊബൈൽ ആപ്ലിക്കേഷൻ വഴിയോ ഒപ്പു വച്ച അംഗങ്ങളുടെ ഹാജർനിലയാണ് ഫാക്ട്‌ലി പരിശോധിച്ചത്. രജിസ്റ്ററിൽ ഒപ്പിട്ടാൽ മാത്രമേ ചട്ടപ്രകാരം സഭയിൽ ഹാജരായതായി പരിഗണിക്കൂ. 542 അംഗ സഭയിൽ മന്ത്രിസഭയിലുള്ള 59 പേർ ഒഴിച്ചാൽ 481 പേരാണ് രജിസ്റ്ററിൽ ഒപ്പിടേണ്ടത്. ഇതിൽ 148 അംഗങ്ങൾക്ക് മാതമ്രാണ് 90 ശതമാനത്തിൽ കൂടുതൽ ഹാജരുള്ളത് എന്നതാണ് ശ്രദ്ധേയം. 93 അംഗങ്ങൾക്ക് 50 ശതമാനത്തിൽ താഴെയാണ് ഹാജർ. ആറു എംപിമാർ മാത്രമേ സഭ നടന്ന 149 ദിവസവും ഹാജരായിട്ടുള്ളൂ.

ഇതുവരെ സമ്മേളിച്ച ഏഴു സെഷനിൽ ഒന്നിൽപ്പോലും 80 ശതമാനത്തിൽ കൂടുതൽ ശരാശരി ഹാജർ നിലയില്ല. ആദ്യ സെഷനിൽ 76 ശതമാനമാണ് ഹാജർ നില. ഒന്നും രണ്ടും ലോക്ഡൗണിന് ഇടയിൽ നടന്ന നാല്, അഞ്ച് സെഷനുകളിൽ യഥാക്രമം 64, 60 ശതമാനവും. നാലാം സെഷൻ പത്തു ദിവസം മാത്രമേ ഉണ്ടായിരുന്നുള്ളൂ. 25 ദിവസമായിരുന്നു അഞ്ചാം സെഷൻ.

ഏഴു സെഷനുകളിലായി നാലു ദിവസം മാത്രമാണ് സഭയിൽ 90 ശതമാനത്തിലേറെ ഹാജർ രേഖപ്പെടുത്തിയിട്ടുള്ളത്. ആദ്യഘട്ടത്തിൽ സത്യപ്രതിജ്ഞ ചെയ്യാത്ത അംഗങ്ങൾ സത്യവാചകം ചൊല്ലിയ 2019 ജൂൺ 18, പ്രത്യേക സാമ്പത്തിക മേഖലാ ഭേദഗതി ബിൽ, ആധാർ നിയമഭേദഗതി തുടങ്ങിയവ പരിഗണിച്ച 2019 ജൂൺ 26, പാക് കസ്റ്റഡിയിലുള്ള ഇന്ത്യൻ പൗരൻ കുൽഭൂഷൻ ജാദവുമായി ബന്ധപ്പെട്ട് വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കർ പ്രസ്താവന നടത്തിയ 2019 ജൂലൈ 18, യുഎപിഎ ഭേദഗതി ചർച്ച ചെയ്ത 2019 ജൂലൈ 24 എന്നിവയാണ് ആ ദിനങ്ങൾ.

Tags:    

Writer - abs

contributor

Editor - abs

contributor

By - Web Desk

contributor

Similar News