പഹൽഗാം ഭീകരാക്രമണം: ലഫ്.വിനയ് നർവാളിന് നാവിക സേന മേധാവി അന്തിമോപചാരമർപ്പിച്ചു, ഉള്ളുലഞ്ഞ് ഭാര്യ ഹിമാൻഷി
26 കാരനായ വിനയിന്റെ വിവാഹം ആറുദിവസം മുന്‍പായിരുന്നു
ന്യൂ ഡൽഹി: പഹൽഗാം ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട നേവി ഉദ്യോഗസ്ഥൻ ലഫ്.വിനയ് നർവാളിന് വികാരഭരിതമായ വിട നൽകി ഭാര്യ ഹിമാൻഷി. വിനയ് യുടെ മൃതദേഹത്തിനരികെ ഇരിക്കുന്ന ഹിമാൻഷിയുടെ ചിത്രം ഇന്നലെ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഡൽഹി വിമാനത്താവളത്തിൽ നിന്ന് വിനയ് യുടെ മൃതദേഹം ഏറ്റുവാങ്ങുന്ന ഹിമാൻഷിയുടെ ദൃശ്യങ്ങൾ കണ്ടുനിന്നവരുടെ ഉള്ളുലച്ചു.
ഡൽഹി മുഖ്യമന്ത്രി രേഖ ഗുപ്തയാണ് വിനയ് നർവാളിന്റെ മൃതദേഹം ഏറ്റുവാങ്ങിയത്. വിനയ് നർവാളിന് നാവിക സേന മേധാവി അന്തിമോപചാരമർപ്പിച്ചു. അൽപ്പസമയത്തിനകം മൃതദേഹം ജന്മനാട്ടിലേക്ക് കൊണ്ടുപോകും.
26 കാരനായ വിനയിന്റെ വിവാഹം ആറുദിവസം മുന്‍പായിരുന്നു. ഭാര്യയോടൊത്ത് മധുവിധു ആഘോഷിക്കാനാണ് വിനയ് കശ്മീരിലെത്തിയത്.എന്നാൽ ആ സന്തോഷം ഏറെനേരം നിന്നില്ല. ഭീകരുടെ വെടിയേറ്റ് ഭാര്യയുടെ മുന്നിൽവെച്ച് വിനയ് കൊല്ലപ്പെടുകയായിരുന്നു. ഏപ്രിൽ 16 നായിരുന്നു വിനയ് നർവാളിന്റെയും ഹിമാൻഷിയുടെയും വിവാഹം. റിസപ്ക്ഷന്‍ 19 നും നടന്നു. വിവാഹാഘോഷങ്ങള്‍ക്ക് ശേഷം അവധിയെടുത്താണ് ഇരുവരും കശ്മീരിലേക്ക് പോയതെന്ന് പ്രതിരോധ ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചതായി എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തുോ. രണ്ട് വർഷം മുമ്പാണ് വിനയ് നാവികസേനയിൽ ചേർന്നത്.കൊച്ചിയിലായിരുന്നു വിനയിന്റെ ആദ്യപോസ്റ്റിങ്.
അതേസമയം, റിയാസി (ജമ്മു മേഖല)യിലെ കത്രയില്‍നിന്ന് ന്യൂഡല്‍ഹി റയില്‍വേ സ്റ്റേഷനിലേക്ക് പ്രത്യേക ട്രെയിന്‍ സര്‍വീസ് നടത്തും. കുടുങ്ങിടക്കുന്ന യാത്രക്കാരെ കൊണ്ടുവരാനാണ് പ്രത്യേക ട്രെയിന്‍. ഉദ്ദംപൂര്‍, ജമ്മു, കത്ര സ്റ്റേഷനുകളില്‍നിന്ന് ടിക്കറ്റുകള്‍ വാങ്ങാം. ഭീകരാക്രമണത്തെ സുപ്രീം കോടതി അപലപിച്ചു. വൈകുന്നേരം ആറിന് മുഖ്യമന്ത്രി ഒമർ അബ്ദുള്ളയുടെ അധ്യക്ഷതയിൽ മന്ത്രിസഭാ യോഗം ചേരും.