'ഇത് നിങ്ങൾക്കുള്ള അവസാന മുന്നറിയിപ്പ്, ഭീഷണിയായി കരുതിയാലും കുഴപ്പമില്ല'; മണ്ഡല പുനർനിർണയത്തില്‍ കേന്ദ്രത്തിനെതിരെ ആഞ്ഞടിച്ച് എം.കെ സ്റ്റാലിൻ

ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുടെ അവകാശങ്ങൾ കവർന്നെടുക്കാനാണ് ഉദ്ദേശ്യമെങ്കിൽ വലിയ പ്രക്ഷോഭത്തിന് സാക്ഷ്യം വഹിക്കേണ്ടിവരുമെന്നും തമിഴ്നാട് മുഖ്യമന്ത്രി വ്യക്തമാക്കി

Update: 2026-04-14 11:13 GMT

ചെന്നൈ:  മണ്ഡല പുനർനിർണയത്തിൽ കേന്ദ്രത്തിന് താക്കീതുമായി തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ.  ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുടെ അവകാശങ്ങൾ കവർന്നെടുക്കാനാണ് ഉദ്ദേശ്യമെങ്കിൽ വലിയ പ്രക്ഷോഭത്തിന് സാക്ഷ്യം വഹിക്കേണ്ടിവരുമെന്നും തെരഞ്ഞെടുപ്പ് സമയത്ത്‌ വേഗത്തിൽ മണ്ഡല പുനർനിർണയം നടത്തുന്നത് സംശയകരമാണെന്നും സ്റ്റാലിന്‍ വിഡിയോ സന്ദേശത്തില്‍ പറഞ്ഞു.

തെരഞ്ഞെടുപ്പല്ല , തമിഴ് നാട്ടിലെ ജനങ്ങളുടെ ആത്മാഭിമാനമാണ് ഡിഎംകെയ്ക്ക് പ്രധാനം.നിർബന്ധപൂർവം നടപ്പാക്കാൻ ശ്രമിച്ചാൽ സംസ്ഥാനം സ്തംഭിക്കുമെന്നും സ്റ്റാലിൻ  പറഞ്ഞു. രാജ്യത്ത് പൊതുതെരഞ്ഞെടുപ്പ് നടന്നുകൊണ്ടിരിക്കെ, പ്രതിപക്ഷ പാർട്ടികളുമായോ സംസ്ഥാനങ്ങളുമായോ ആലോചിക്കാതെ മണ്ഡല പുനർനിർണ്ണയത്തിനായുള്ള ഭരണഘടനാ ഭേദഗതി ഏകപക്ഷീയമായി അടിച്ചേൽപ്പിക്കാനുള്ള നീക്കമാണ് നടക്കുന്നതെന്നും സ്റ്റാലിന്‍ ആരോപിച്ചു. കേന്ദ്ര സർക്കാരിനുള്ള തന്റെ 'അവസാന മുന്നറിയിപ്പാണ് ഇതെന്നും അദ്ദേഹം വ്യക്തമാക്കി.

Advertising
Advertising

'ഏപ്രിൽ 16-ന് പാർലമെന്റിന്റെ പ്രത്യേക സമ്മേളനം വിളിച്ചുചേർത്തിരിക്കുകയാണ്. കൃത്യമായി പറഞ്ഞാൽ, തമിഴ്നാട്ടിലും പശ്ചിമ ബംഗാളിലും തെരഞ്ഞെടുപ്പ് നടക്കുന്നതിനിടയിൽ ഇത് നിർബന്ധപൂർവം വിളിച്ചുചേർത്തതാണ്. ഈ സമ്മേളനത്തിലൂടെ, മണ്ഡല പുനർനിർണയവുമായി ബന്ധപ്പെട്ട ഒരു ഭരണഘടനാ ഭേദഗതി ഏകപക്ഷീയമായി അടിച്ചേൽപ്പിക്കാനാണ് കേന്ദ്ര സർക്കാർ ഉദ്ദേശിക്കുന്നത്," സുതാര്യതയോ കൂടിയാലോചനകളോ ഇല്ലാത്ത നടപടിയാണിത്..' സ്റ്റാലിന്‍ പറഞ്ഞു.

 "തുടക്കം മുതലേ ഞങ്ങൾ ഇതിനെതിരെ നിരന്തരം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ജനങ്ങൾക്കിടയിൽ ഞങ്ങൾ അവബോധം സൃഷ്ടിച്ചു. തമിഴ്‌നാട്ടിൽ മാത്രമല്ല, ഇന്ത്യയിലുടനീളം ഈ നടപടി ബാധിക്കാൻ സാധ്യതയുള്ള സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരെയും പ്രമുഖ രാഷ്ട്രീയ പാർട്ടി നേതാക്കളെയും ഞങ്ങൾ ഒരുമിച്ച് കൊണ്ടുവരികയും ചെന്നൈയിൽ ഒരു ജോയിന്റ് ആക്ഷൻ കമ്മിറ്റി യോഗം വിളിച്ചുചേർക്കുകയും ചെയ്തു. ജനസംഖ്യാ വർOനവ് നിയന്ത്രിക്കാനും ചെറിയ കുടുംബങ്ങൾ എന്ന നയം സ്വീകരിക്കാനും കുടുംബസൂത്രണ നടപടികൾ പാലിക്കാനും കേന്ദ്ര സർക്കാർ ആവശ്യപ്പെട്ടപ്പോൾ ഞങ്ങൾ അത് അനുസരിച്ചു. അച്ചടക്കത്തോടെ അത് നടപ്പിലാക്കിയതിന് ഞങ്ങൾക്ക് ലഭിക്കുന്ന ശിക്ഷയാണോ ഇത്?" അദ്ദേഹം ചോദിച്ചു.

കേന്ദ്രത്തിന്റെ ഭാഗത്തുനിന്നുള്ള പ്രതികരണമില്ലായ്മയെയും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. "ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളെ ഇത് ബാധിക്കില്ലെന്ന് ബഹുമാനപ്പെട്ട പ്രധാനമന്ത്രി പാർലമെന്റിൽ വ്യക്തമായ ഉറപ്പ് നൽകണമെന്ന് ഞങ്ങൾ ആവശ്യപ്പെട്ടു. എന്നാൽ ഒരു പ്രതികരണവും ഉണ്ടായില്ല. വിവിധ പാർട്ടികളിലെ പാർലമെന്റ് അംഗങ്ങൾക്ക് പ്രധാനമന്ത്രിയെ നേരിട്ട് കണ്ട് ആശങ്കകൾ അറിയിക്കാൻ ഞങ്ങൾ സമയം ചോദിച്ചു. അതുപോലും നിഷേധിക്കപ്പെട്ടു," അദ്ദേഹം പറഞ്ഞു.

'ഡിഎംകെയോട് മാത്രമല്ല, ഒരു രാഷ്ട്രീയ പാർട്ടിയോടും ഒരു സംസ്ഥാനത്തോടും കൂടിയാലോചിക്കാതെ അവർ ഏകപക്ഷീയമായി മുന്നോട്ട് പോകാൻ ശ്രമിക്കുകയാണ്,  ജനാധിപത്യ തത്വങ്ങൾക്കെതിരായ ആക്രമണമാണ് ഈ നീക്കമെന്നും സ്റ്റാലിന്‍ പറഞ്ഞു. മണ്ഡല പുനർനിർണ്ണയം നടപ്പിലാക്കാനുള്ള ഈ ധൃതിപിടിച്ച നീക്കം ബിജെപി സർക്കാർ ജനാധിപത്യത്തിന്മേൽ നടത്തുന്ന നഗ്നമായ കടന്നുകയറ്റമാണ്. അതിലുപരി, ഇത് സംസ്ഥാനങ്ങളുടെ അവകാശങ്ങൾക്കു മേലുള്ള നേരിട്ടുള്ള ആക്രമണമാണ്. ഈ മണ്ഡല പുനർനിർണ്ണയ നടപടികൾ എങ്ങനെയാണ് നടപ്പിലാക്കാൻ പോകുന്നതെന്ന് പോലും നമുക്കറിയില്ല. നിർദ്ദിഷ്ട ഭരണഘടനാ ഭേദഗതിയെക്കുറിച്ച് ഇതുവരെ ഒരു വിശദീകരണവും നൽകിയിട്ടില്ല. ഇത്തരം രഹസ്യസ്വഭാവം സംശയങ്ങളെ ബലപ്പെടുത്തുന്നു. വരാനിരിക്കുന്ന പാർലമെന്റ് സമ്മേളനത്തിൽ ഞങ്ങളുടെ എംപിമാർ പങ്കെടുക്കും. എന്നാൽ തമിഴ്‌നാടിനെ ദോഷകരമായി ബാധിക്കുന്നതോ, ഉത്തരേന്ത്യൻ സംസ്ഥാനങ്ങളുടെ രാഷ്ട്രീയ സ്വാധീനം അനാവശ്യമായി വർധിപ്പിക്കുന്നതോ ആയ എന്തെങ്കിലും സംഭവിച്ചാൽ തമിഴ്‌നാട് നിശബ്ദമായിരിക്കില്ല. തമിഴ്‌നാട് ഉണരും, പൂർണ്ണശക്തിയോടെ പ്രതിഷേധിക്കും. ഓരോ കുടുംബവും തെരുവിലിറങ്ങും." തെരഞ്ഞെടുപ്പ് സമയമായതുകൊണ്ട് ശ്രദ്ധ മറ്റ് കാര്യങ്ങളിലാണെന്നും അതിനാൽ ഡൽഹിയിലിരുന്ന് രഹസ്യമായി മണ്ഡല പുനർനിർണ്ണയം നടത്താമെന്നും കരുതേണ്ട. അത്തരമൊരു ചിന്ത പോലും വേണ്ട'- സ്റ്റാലിന്‍ മുന്നറിയിപ്പ് നല്‍കി. 

 "ഞാൻ സംസാരിക്കുന്നത് തമിഴ്‌നാട് മുഖ്യമന്ത്രിയായി മാത്രമല്ല, ദ്രാവിഡ മുന്നേറ്റ കഴകം (ഡിഎംകെ) എന്ന വലിയ പ്രസ്ഥാനത്തിന്റെ നേതാവ് കൂടിയായാണ്. നിങ്ങൾ ഇതുവരെ കാണാത്ത ഒരു തമിഴ്‌നാടിനെ കാണേണ്ടി വരും. 1950-കളിലെയും 60-കളിലെയും ഡിഎംകെയുടെ വീര്യം ഇന്ത്യ വീണ്ടും സാക്ഷ്യം വഹിക്കും.ഇതൊരു ഭീഷണിയാണെന്ന് കരുതരുത്, ഇതൊരു മുന്നറിയിപ്പാണ്. ഇനി നിങ്ങൾ ഇതിനെ ഭീഷണിയായി കരുതിയാൽ കുഴപ്പമില്ല. തമിഴ്‌നാടിനെ ബാധിച്ചാൽ ഞങ്ങൾ അത് രാജ്യം മുഴുവൻ അറിയിക്കും. ബഹുമാനപ്പെട്ട പ്രധാനമന്ത്രി, ഞാൻ ആവർത്തിക്കുന്നു, തമിഴ്‌നാട് നിങ്ങൾക്ക് നൽകുന്ന അവസാന മുന്നറിയിപ്പാണിത്."- സ്റ്റാലിന്‍ പറഞ്ഞു.

2025-ന്റെ തുടക്കം മുതൽ സ്റ്റാലിൻ സ്വീകരിച്ചുവരുന്ന കർശന നിലപാടിന്റെ ഏറ്റവും ശക്തമായ പ്രഖ്യാപനമാണിത്. നിലവിലെ ജനസംഖ്യാ കണക്കുകളുടെ അടിസ്ഥാനത്തിൽ മണ്ഡല പുനർനിർണ്ണയം നടത്തിയാൽ തമിഴ്‌നാടിന് പാർലമെന്റിലെ പ്രാതിനിധ്യം നഷ്ടപ്പെടുമെന്ന ആശങ്ക അദ്ദേഹം നേരത്തെ തന്നെ മുന്നോട്ട് വെച്ചിരുന്നു.

വനിതാ സംവരണ ബിൽ പാസാകുന്നതോടെ രാജ്യത്തെ ലോക്സഭാ സീറ്റുകളുടെ എണ്ണം 850 ആയി വർധിപ്പിക്കാനാണ് കേന്ദ്രസർക്കാറിന്‍റെ നീക്കം. പാർലമെന്റിൽ ചർച്ച ചെയ്യുന്നതിന് മുന്നോടിയായി കരട് ബില്ലിന്റെ പകർപ്പ് എംപിമാർക്ക് കൈമാറി. ബില്ലിലെ നിർദേശങ്ങൾ പ്രകാരം സംസ്ഥാനങ്ങളിൽ നിന്ന് 815 സീറ്റുകളും കേന്ദ്ര ഭരണ പ്രദേശങ്ങളിൽ നിന്ന് 35 സീറ്റുകളുമാണ് വർധിപ്പിക്കുക. നിലവിൽ 543 സീറ്റുകളാണ് ലോക്സഭയിലുള്ളത്.

മണ്ഡല പുനർവിഭജനത്തിനായി പ്രത്യേക ഡീലിമിറ്റേഷൻ കമ്മിറ്റിയെ രൂപീകരിക്കുമെന്നും കരട് ബില്ലിൽ വ്യക്തമാക്കുന്നുണ്ട്. ഏപ്രിൽ 16, 17, 18 തീയതികളിൽ വനിതാ സംവരണ ബില്ലുമായി ബന്ധപ്പെട്ട വിശദമായ ചർച്ചകൾ പാർലമെന്റിൽ നടക്കും. മൂന്ന് ദിവസം നീളുന്ന ഈ ചർച്ചകൾക്ക് ശേഷമായിരിക്കും ബിൽ പാസാക്കുന്ന നടപടികളിലേക്ക് കേന്ദ്ര സർക്കാർ കടക്കുക.

അതേസമയം, കേന്ദ്രസർക്കാർ തീരുമാനത്തിനെതിരെ ശക്തമായ എതിർപ്പുമായി പ്രതിപക്ഷം രംഗത്തെത്തി. വനിതാ സംവരണത്തെ എതിർക്കുന്നില്ലെങ്കിലും, തിടുക്കപ്പെട്ട് മണ്ഡല പുനർനിർണയം നടത്തി സീറ്റുകളുടെ എണ്ണം വർധിപ്പിക്കുന്നതിനോടാണ് വിയോജിപ്പെന്ന് പ്രതിപക്ഷ പാർട്ടികൾ വ്യക്തമാക്കി. നിലവിലുള്ള 543 സീറ്റുകളിൽ തന്നെ എന്തുകൊണ്ട് വനിതാ സംവരണം നടപ്പിലാക്കിക്കൂടാ എന്നാണ് പ്രതിപക്ഷത്തിന്റെ പ്രധാന ചോദ്യം.

Full View


Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

By - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Similar News