കൊലപാതകക്കേസിൽ സഹായി അറസ്റ്റിൽ: മഹാരാഷ്ട്രയിൽ മന്ത്രിസ്ഥാനം രാജിവെച്ച് ധനഞ്ജയ് മുണ്ടെ
ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പായിരുന്നു എൻസിപി അജിത് പവാർ വിഭാഗം നേതാവായ മുണ്ടെ കൈകാര്യം ചെയ്തിരുന്നത്
ധനഞ്ജയ് മുണ്ടെ
മുംബൈ: മഹാരാഷ്ട്രയിൽ മന്ത്രിസ്ഥാനം രാജിവെച്ച് എൻസിപി അജിത് പവാർ വിഭാഗം നേതാവ് ധനഞ്ജയ് മുണ്ടെ. ബീഡ് ജില്ലയിലെ സർപഞ്ചായ ദേശ്മുഖിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് തന്റെ അടുത്ത സഹായി വാൽമിക് കരാഡ് അറസ്റ്റിലായതിനെ തുടർന്നാണ് മഹാരാഷ്ട്ര മന്ത്രിയുടെ രാജി.
മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് അദ്ദേഹത്തോട് രാജി ചോദിച്ചുവാങ്ങുകയായിരുന്നുവെന്നാണ് വിവരം. മുണ്ടെയുടെ രാജി സ്വീകരിച്ചതായും ഗവർണർ സി.പി രാധാകൃഷ്ണന് അയച്ചതായും ഫഡ്‌നാവിസ് മാധ്യമങ്ങളോട് പറഞ്ഞു. ദേശ്മുഖ് വധക്കേസിൽ സിഐഡി സമർപ്പിച്ച കുറ്റപത്രവുമായി ബന്ധപ്പെട്ട് ഉപമുഖ്യമന്ത്രി അജിത് പവാര്‍, മുഖ്യമന്ത്രി ഫഡ്നാവിസിനെ തിങ്കളാഴ്ച രാത്രി കണ്ടിരുന്നു. ഇതിന് പിന്നാലെയാണ് മന്ത്രി രാജി പ്രഖ്യാപിച്ചത്.
ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പായിരുന്നു മുണ്ടെ കൈകാര്യം ചെയ്തിരുന്നത്. ബീഡ് ജില്ലയിലെ പാർളിയിൽ നിന്നുള്ള എംഎൽഎയാണ് അദ്ദേഹം. കഴിഞ്ഞ മന്ത്രിസഭയില്‍ ബീഡിൻ്റെ ചുമതലയുള്ള മന്ത്രിയായും പ്രവര്‍ത്തിച്ചിരുന്നു. സന്തോഷ് ദേശ്മുഖിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് സഹായി വാൽമിക് കരാഡിന്റെ പേര് ഉയർന്നപ്പോൾ തന്നെ മന്ത്രിക്ക് മേൽ രാജി സമ്മർദമുണ്ടായിരുന്നു.
എന്നാൽ അതിനെ അതിജീവിച്ച് മുന്നോട്ടുപോകുകയാണ് ഇക്കാലമത്രയും മന്ത്രി ചെയ്തിരുന്നത്. പാർളി തഹസിൽ മസാജോഗ് ഗ്രാമത്തിൽ മൂന്ന് തവണ സർപഞ്ചായിട്ടുള്ള ദേശ്മുഖിനെ (45) 2024 ഡിസംബർ 9നാണ് തട്ടിക്കൊണ്ടുപോയത്. ആദ്യം അവശനിലയില്‍ കാണപ്പെട്ട ദേശ്മുഖിനെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. പിന്നീട് മരണം സംഭവിച്ചു.
ഒരു കമ്പനി കൊള്ളയടിക്കാനുള്ള എട്ടംഗ സംഘത്തിന്റെ ശ്രമം ദേശ്മുഖ് തടഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് അദ്ദേഹത്തെ തട്ടിക്കൊണ്ടുപോകുന്നതും ക്രൂരമായി മര്‍ദിക്കുന്നതും. ഈ സംഘവുമായി മന്ത്രിയുടെ സഹായിക്കും ബന്ധമുണ്ടെന്നാണ് ആരോപണം. അതേസമയം മന്ത്രിയുടെ രാജിയാവശ്യപ്പെട്ട് പ്രതിപക്ഷവും രംഗത്ത് എത്തിയിരുന്നു.