‘ജയ് ശ്രീറാം വിളിച്ചെത്തിയ ബജ്റം​ഗ് ദൾ പ്രവർത്തകർ പള്ളിയിലേക്ക് അതിക്രമിച്ചു കയറി മർദിച്ചു’; ഛത്തീസ്ഗഡിൽ അക്രമത്തിനിരയായ മലയാളി പാസ്റ്ററുടെ കുടംബം

രണ്ട് വർഷത്തോളമായി കുടിശ്ശികയുള്ള ഒന്നര ലക്ഷം രൂപ ഫീസ് അടച്ചാൽ മക്കളുടെ ടിസി തരാമെന്ന് ബിജെപി പ്രസിഡന്റിനോട് പറഞ്ഞതിനുള്ള വിരോധത്തിൽ നിന്നാണ് പാസ്റ്റർ ജോസ് തോമസിന് നേരെയുള്ള ആക്രമണം തുടങ്ങുന്നത്

Update: 2025-05-28 14:05 GMT

ഛത്തീസ്ഗഡ്: കഴിഞ്ഞ 35 വർഷമായി ഛത്തീസ്ഗഡിലെ കവർധയിൽ ഇംഗ്ലീഷ് മീഡിയം സ്കൂൾ നടത്തിവരികയായിരുന്ന മലയാളിയായ കാട്ടാക്കട സ്വദേശി പാസ്റ്റർ ജോസ് തോമസും കുടുംബവും ബജ്റം​ഗ് ദൾ പ്രവർത്തകരാൽ നിരന്തരമായി വേട്ടയാടപ്പെടുകയാണ്. മതപരിവർത്തന വിരുദ്ധ കുറ്റം ചുമത്തി ജയിലിൽ കഴിയേണ്ടി വന്ന ജോസ് തോമസ് ഇപ്പോഴും ഒളിവിൽ കഴിയുകയാണ്. കഴിഞ്ഞ രണ്ട് മാസമായി ജോസ് തോമസിന്റെ കുടുംബം അനുഭവിച്ച ദുരനുഭവങ്ങൾ ജോസ് തോമസിന്റെ മകൻ ജോഷുവ ജോസ് തോമസ് മീഡിയവണിനോട് പങ്കുവെക്കുന്നു.

2025 ഏപ്രിൽ 29ന് കവർധയിലുള്ള ബിജെപി പ്രസിഡന്റ് രാജേന്ദ്ര ചന്ദ്രവൻഷി, സ്കൂളിന്റെ ഡയറക്ടറായ ജോസ് തോമസിനെ വിളിച്ച് തന്റെ രണ്ട് കുട്ടികളുടെ ടിസി ആവശ്യപ്പെടുന്നു. രണ്ട് വർഷത്തോളമായി കുടിശ്ശികയുള്ള ഒന്നര ലക്ഷം രൂപ ഫീസ് അടച്ചാൽ ടിസി തരാമെന്ന് ജോസ് തോമസ് പറഞ്ഞു. എന്നാൽ ഹോളി കിങ്ഡം സ്കൂൾ എന്നെന്നേക്കുമായി ഇവിടെ നിന്ന് പൂട്ടിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും അസഭ്യം പറയുകയുമാണ് രാജേന്ദ്ര ചന്ദ്രവൻഷി ചെയ്തത്. രണ്ട് ദിവസത്തിന് ശേഷം റായ്‌പൂരിൽ പോവുകയായിരുന്ന ജോസ് തോമസിനോട് അടിയന്തരമായി സ്റ്റേഷനിലേക്ക് വരാൻ അഡീഷണൽ എസ്‌പി ആവശ്യപ്പെടുകയും രാജേന്ദ്ര ചന്ദ്രവൻഷിയുടെ കുട്ടികളുടെ ഫീസ് ഡീറ്റെയിൽസ് അടക്കമുള്ള വിവരങ്ങൾ രേഖാമൂലം അവിടെ കാണിച്ചതിന് ശേഷം തിരിച്ചുപോന്നു. പിന്നീട് മേയ് രണ്ടാം തീയതി മതപരിവർത്തനം നടത്തുന്നു എന്നാരോപിച്ച് ബജ്റം​ഗ് ദൾ പ്രവർത്തകർ ഹോളി കിങ്ഡം സ്കൂൾ അടച്ചുപ്പൂട്ടാൻ കലക്ടറേറ്റിൽ പ്രതിഷേധം നടത്തുകയും മാധ്യമങ്ങളും പൊലീസുകാരും ഇടപെട്ട് ഒരാഴ്ചയോളം സ്കൂളിന്റെ പ്രവർത്തനം നിർത്തി വെപ്പിക്കുകയും ചെയ്തു.

Advertising
Advertising




 


അമ്മക്ക് സുഖമില്ലാത്തത് കാരണം നാട്ടിലേക്ക് വന്ന ജോസ് തോമസിനെ കവർധയിൽ നിന്ന് ഒരു പത്രപ്രവർത്തകൻ ബന്ധപ്പെടുകയും സ്കൂളിനെതിരെ കലക്ട്രേറ്റിൽ വലിയ പ്രതിഷേധം നടക്കുന്നുണ്ടെന്നും ഒന്നര ലക്ഷം രൂപ തന്നാൽ പ്രശ്നം പരിഹരിച്ചു തരാമെന്ന് പറയുകയും ചെയ്തു. പ്രതിഷേധം രൂക്ഷമായതിനെ തുടർന്ന് കലക്ടറും ഡിഇഒയും ഇടപെട്ടു രണ്ട് കുട്ടികളുടെയും ടിസി കൊടുത്തുവിടാൻ ആവശ്യപ്പെടുകയും ജോസ് തോമസ് ടിസി കൊടുത്തുവിടുകയും ചെയ്തു. തുടർന്ന് മേയ് 18ന് 11:40ന് ചർച്ചിൽ പ്രാർഥിച്ചുകൊണ്ടിരിക്കെ ജയ് ശ്രീറാം വിളിച്ചുകൊണ്ട് ഒരുകൂട്ടം ബജ്റം​ഗ് ദൾ പ്രവർത്തകർ ചർച്ചിലേക്ക് അതിക്രമിച്ചു കയറുകയും ചർച്ചിലുണ്ടായിരുന്ന ജോസ് തോമസിന്റെ ഭാര്യയെയും മക്കളെയും വിശ്വാസികളെയും ക്രൂരമായി മർദിക്കുകയും ചെയ്തതായി ജോസ് തോമസിന്റെ മകൻ ജോഷുവ ജോസ് തോമസ് മീഡിയവൺ ഓൺലൈനിനോട് പറഞ്ഞു. സ്വയംരക്ഷാർഥം ബാത്ത്റൂമിൽ കയറിയൊളിച്ച ചെറിയ പെൺകുട്ടികളെ ആക്രമികൾ ഡോർ തകർത്ത് ശാരീരികമായി ഉപദ്രവിച്ചതായും ജോഷുവ ജോസ് തോമസ് പറഞ്ഞു.

രണ്ട് മണിക്കൂർ നീണ്ട ആക്രമണത്തിനൊടുവിൽ പൊലീസെത്തിയെങ്കിലും അവരുടെ മുന്നിൽ വെച്ചും തന്നെയും ഭാര്യയെയും മർദിച്ചതായും ജോസ് തോമസ് പറയുന്നു. 'തുടർന്ന് അഞ്ചും ആറും വയസുള്ള കുട്ടികളെയടക്കം പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോവുകയും വെള്ളം പോലും കൊടുക്കാതെ മോശമായി പെരുമാറുകയും റൂമിൽ പൂട്ടിയിടുകയും ചെയ്തു’ ജോഷുവ പറയുന്നു. ചർച്ചിൽ അതിക്രമിച്ചു കയറി മർദിച്ചതിൽ പൊലീസിൽ പരാതി പറഞ്ഞെങ്കിലും പൊലീസിന് തോന്നുന്ന രീതിയിൽ പരാതിയെഴുതുകയും അതിൽ നിർബന്ധിച്ച് ഒപ്പിട്ടു വാങ്ങികയും ചെയ്തതായി ജോഷുവ ആരോപിച്ചു. രാത്രി വൈകി വീട്ടിലേക്ക് വിട്ടെങ്കിലും കവർധ എസ്പി ജോസ് തോമസിനെ വിളിക്കുകയും ഇനി മേലാൽ അവിടെ ആരാധന നടത്തില്ലെന്ന് എഴുതി തന്നാൽ വെറുതെ വിടാമെന്നും അല്ലെങ്കിൽ ജീവപര്യന്തം അകത്തിടുമെന്നും ഭീഷണിപ്പെടുത്തി.

പിറ്റേ ദിവസം ഉച്ചക്ക് ഒരു മണിയോടെ സൈബർ സെല്ലിലെ രണ്ട് പേര് വീട്ടിലേക്ക് വന്ന് സിസിടിവി ദൃശ്യങ്ങൾ വെരിഫൈ ചെയ്യാനാണെന്ന് പറഞ്ഞു ജോസ് തോമസിനെ വിളിച്ചുകൊണ്ടുപോയി. സ്റ്റേഷനിൽ വെച്ച് കുറച്ചു പേപ്പറുകൾ ഒപ്പിട്ടു വാങ്ങുകയും ജോസ് തോമസിന്റെ അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തു. രാത്രിയിൽ കോടതിയിൽ ഹാജരാക്കിയ ജോസ് തോമസിന്റെ നിരപരാധിത്വം ബോധ്യപ്പെട്ട ജഡ്ജി രാത്രി 9 30ന് ജാമ്യം അനുവദിച്ചു. ജാമ്യം കിട്ടുമെന്ന് ഉറപ്പായപ്പോൾ പൊലീസുകാർ അവിടെ നിന്ന് മാറുകയും ഒരു കൂട്ടം ബജ്റം​ഗ് ദൾ പ്രവർത്തകർ കോടതി വളപ്പിൽ ജോസ് തോമസിനെ ആക്രമിക്കാൻ എത്തുകയും ചെയ്തു. ഒരു സുഹൃത്തിനെ വിളിച്ചുവരുത്തി കഷ്ടിച്ചാണ് അവിടെ നിന്ന് രക്ഷപെട്ടത്. ഒറ്റ വസ്ത്രവുമായി ജോസ് തോമസും രണ്ട് കുട്ടികളുമായി ജോസ് തോമസിന്റെ ഭാര്യയും ബജ്റം​ഗ് ദൾ പ്രവർത്തകരുടെ ആക്രമണം ഭയന്ന് വ്യത്യസ്ത പ്രദേശങ്ങളിൽ ഒളിവിൽ കഴിയുകയാണെന്ന് ഹൈദരാബാദ് സെൻട്രൽ യൂനിവേഴ്സിറ്റി വിദ്യാർഥിയായ ജോഷുവ മീഡിയവണിനോട് പറഞ്ഞു.

പൊലീസും രാഷ്ട്രീയക്കാരും ചേർന്ന് വിവിധ ഏജൻസികളെ ഉപയോ​ഗിച്ചുള്ള എണ്ണമറ്റ അന്വേഷണങ്ങളിലൂടെ തങ്ങളെ ഉപദ്രവിച്ചുകൊണ്ടിരിക്കുകയാണെന്നും ക്രിസ്ത്യൻ മാനേജ്‌മെന്റിനോട് മുൻവിധിയോടെ പ്രവർത്തിക്കുന്ന ആദായനികുതി വകുപ്പ് പോലുള്ള ധനകാര്യ അധികാരികൾ ഞങ്ങളെ സാമ്പത്തികമായി തകർക്കാൻ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചതായും ജോഷുവ പറഞ്ഞു. 2010-11 ലും ജോസ് തോമസിനെതിരെ കെട്ടിച്ചമച്ച കുറ്റത്തിന് 10 ദിവസം ജയിലിലടച്ചിട്ടുണ്ടെന്നും കോടതി പിന്നീട് കുറ്റക്കാരനല്ലെന്ന് കണ്ടെത്തി വെറുതെ വിടുകയായിരുനെന്നും ജോഷുവ പറഞ്ഞു. എല്ലാ ദിവസവും ചുരുങ്ങിയത് നാല് ക്രിസ്ത്യൻ കേന്ദ്രങ്ങളെങ്കിലും ബജ്റം​ഗ് ദൾ, വിഎച്ച്പി പ്രവർത്തകരടക്കമുള്ള ഹിന്ദുത്വ സംഘടനകൾ തകർക്കുന്നുണ്ടെങ്കിലും ഇതൊന്നും പുറത്ത് വരുന്നില്ലെന്നും ജോഷുവ പറഞ്ഞു.

Tags:    

Writer - ആത്തിക്ക് ഹനീഫ്

Web Journalist at MediaOne

Web Journalist at MediaOne

Editor - ആത്തിക്ക് ഹനീഫ്

Web Journalist at MediaOne

Web Journalist at MediaOne

By - ആത്തിക്ക് ഹനീഫ്

Web Journalist at MediaOne

Web Journalist at MediaOne

Similar News