അര്‍ജുനനായി ഖാര്‍ഗെ; കോണ്‍ഗ്രസിന്‍റെ മിന്നും വിജയത്തിലെ കപ്പിത്താന്‍

രണ്ടര പതിറ്റാണ്ടിനു ശേഷം ഗാന്ധി കുടുംബത്തിന് പുറത്ത് പാര്‍ട്ടിയെ നയിക്കുന്ന ആദ്യ പ്രസിഡന്റെന്ന പദവിയില്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ നില്‍ക്കുമ്പോഴാണ് ദക്ഷിണേന്ത്യയില്‍ നിന്നു ബി.ജെ.പിയെ തൂത്തെറിയുന്നത്

Update: 2023-05-13 09:53 GMT
Editor : ijas | By : Web Desk
Advertising

കര്‍ണാടകയിലെ കോണ്‍ഗ്രസിന്‍റെ മിന്നും വിജയത്തിന്‍റെ നെടുതൂണുകളിലൊന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയാണ്. ഖാര്‍ഗെയുടെ സാന്നിധ്യവും ക്ഷമയും പ്രചാരണ ബുദ്ധിയും കോണ്‍ഗ്രസിന്‍റെ അനായാസ വിജയത്തില്‍ നിര്‍ണായകമായി. സിദ്ധരാമയ്യയും ഡി.കെ ശിവകുമാറും സംസ്ഥാനത്തെ കോണ്‍ഗ്രസ് നേതാക്കളും എണ്ണയിട്ട യന്ത്രം പോലെ പ്രവര്‍ത്തിച്ചതും വിജയം സുനിശ്ചിതമാക്കി.

ഏപ്രില്‍ 14ന് അംബേദ്കര്‍ ജയന്തി മുതല്‍ തുടര്‍ച്ചയായ 26 ദിവസമാണ് കോണ്‍ഗ്രസ് അധ്യക്ഷന്‍ ഖാര്‍ഗെ കര്‍ണാടകയില്‍ പ്രചാരണം നയിച്ചത്. അര്‍ധരാത്രിയിലും പ്രായം മറന്ന് ഖാര്‍ഗെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ മുഴുകിയതായി പാര്‍ട്ടി പ്രവര്‍ത്തകര്‍ സാക്ഷ്യപ്പെടുത്തുന്നു.

കൃത്യമായ ആസൂത്രണവും രാഷ്ട്രീയ വൈദഗ്ധ്യവും കൈമുതലാക്കിയ കോണ്‍ഗ്രസ് പതിറ്റാണ്ടുകൾക്ക് ശേഷം ആദ്യമായി തെരഞ്ഞെടുപ്പിന് 45 ദിവസത്തിന് മുമ്പേ ആദ്യഘട്ട സ്ഥാനാര്‍ഥി പട്ടിക പുറത്തിറക്കിയതാണ് കോണ്‍ഗ്രസിന് കിട്ടിയ ആദ്യ പ്ലസ്. ഇത് വിജയം ഉറപ്പിക്കുന്നതില്‍ നിര്‍ണായകമായി. പാര്‍ട്ടി സ്ഥാനാര്‍ഥികളെ നേരത്തെ പ്രഖ്യാപിക്കണമെന്ന ആവശ്യം കാലങ്ങളായി പാര്‍ട്ടിക്കകത്ത് ചര്‍ച്ചയായെങ്കിലും നടപ്പിലാക്കുന്നതില്‍ വിജയിച്ചത് ഖാര്‍ഗെയാണ്. ഇതിന് മുമ്പ് എ.കെ ആന്‍റണി, കെ കരുണാകരന്‍, പി.എ സാങ്മ, വീരപ്പ മൊയ്‍ലി, സാം പിത്രോഡ, ദിഗ്‍വിജയ് സിങ് എന്നിവര്‍ സമാന ആവശ്യം മുന്നോട്ടുവെച്ചിരുന്നു. ഖാര്‍ഗെ അധ്യക്ഷ സ്ഥാനത്തെത്തി ആറുമാസത്തിനുള്ളിലാണ് കര്‍ണാടക തെരഞ്ഞെടുപ്പില്‍ ഇക്കാര്യം നടപ്പിലാക്കിയെന്നതും ശ്രദ്ധേയമാണ്.

കോൺഗ്രസ് അധ്യക്ഷനെന്ന നിലയിൽ ഖാർഗെയ്ക്ക് ഏറെ ശ്രമകരമായ ജോലികളാണ് സംസ്ഥാനത്തുണ്ടായിരുന്നത്. പാര്‍ട്ടി ടിക്കറ്റില്‍ മത്സരിപ്പിക്കുമ്പോള്‍ പരമാവധി നിഷ്പക്ഷതയും നീതിബോധവും പാലിച്ചു. അസ്വാരസ്യങ്ങളും വിയോജിപ്പുകളും രമ്യമായി പരിഹരിച്ചു. തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്കകത്ത് നിന്നും തന്നെയുള്ള എതിരാളികളെ ഒഴിവാക്കാന്‍ ഖാര്‍ഗെയുടെ ഇടപെടല്‍ സഹായിച്ചു. കോണ്‍ഗ്രസ് പാര്‍ട്ടി പ്രവര്‍ത്തകരെ ഒറ്റക്കെട്ടായി കൊണ്ടുവരുന്നതിലും രാഹുല്‍ പ്രിയങ്ക സോണിയ മുഖങ്ങളെ കൊണ്ട് ആഭ്യന്തര പ്രശ്നങ്ങളില്‍ യുക്തിസഹമായി ഇടപെടുവിക്കുന്നതിലും ഖാര്‍ഗെ ചാലകശക്തിയായി.

കര്‍ണാടകയിലെ വിജയം ഖാര്‍ഗെയുടെയും കോണ്‍ഗ്രസിന്‍റെയും മുന്നോട്ടുള്ള രാഷ്ട്രീയ യാത്രയില്‍ ഊര്‍ജം പകരുന്നതാണ്. 80 കാരനായ ഖാര്‍ഗെ അടുത്ത വര്‍ഷം നടക്കുന്ന ലോകസഭാ തെരഞ്ഞെടുപ്പിലേക്ക് കോണ്‍ഗ്രസ്സിനെ നയിക്കുക ഉറച്ച ആത്മ വിശ്വാസത്തോടെയായിരിക്കും. രണ്ടര പതിറ്റാണ്ടിനു ശേഷം ഗാന്ധി കുടുംബത്തിന് പുറത്ത് പാര്‍ട്ടിയെ നയിക്കുന്ന ആദ്യ പ്രസിഡന്റെന്ന പദവിയില്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ നില്‍ക്കുമ്പോഴാണ് ദക്ഷിണേന്ത്യയില്‍ നിന്നു ബി.ജെ.പിയെ തൂത്തെറിഞ്ഞുവെന്നത് ചരിത്രത്തില്‍ രേഖപ്പെടുത്തും.

Tags:    

Writer - ijas

contributor

Editor - ijas

contributor

By - Web Desk

contributor

Similar News