Writer - അൻഫസ് കൊണ്ടോട്ടി
anfas123
ഗ്രേറ്റർ നോയിഡ: ഉത്തർപ്രദേശിലെ ഗ്രേറ്റർ നോയിഡയിൽ കടം വാങ്ങിയ പണം തിരികെ ചോദിച്ചതിൽ കുപിതനായി കാമുകിയുടെ തലയറുത്ത യുവാവ് പിടിയിൽ. ഉത്തർപ്രദേശിലെ നോയിഡ സ്വദേശിയായ 33കാരൻ മോനു സിങാണ് പൊലീസ് പിടിയിലായത്. കടമായി വാങ്ങിയ പണം തിരികെ നൽകാത്തതിനെ തുടർന്ന് മക്കളെ വേശ്യാവൃത്തിക്കായി കൊണ്ടുപോകുമെന്ന് ഭീഷണിപ്പെടുത്തിയതാണ് കൊലപാതകത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു.
ഗ്രേറ്റർ നോയിഡയിലെ റോഡരികിൽ അജ്ഞാതയായ സ്ത്രീയുടെ മൃതദേഹം തലയറുക്കപ്പെട്ട നിലയിൽ കഴിഞ്ഞ മാസം പൊലീസ് കണ്ടെത്തിയിരുന്നു. ഇതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്. കാമുകിയുമായുള്ള ഇയാളുടെ തർക്കത്തെ പറ്റിയും ജീവിതപശ്ചാത്തലവും നിരീക്ഷിച്ചുകൊണ്ട് പൊലീസ് മോനു സിങിലേക്ക് എത്തുകയായിരുന്നു. പ്രതി കുറ്റം സമ്മതിച്ചതായി പൊലീസ് പറഞ്ഞു.
തനിക്ക് മറ്റൊരു സ്ത്രീയുമായി അവിഹിതബന്ധമുണ്ടെന്ന് ഭാര്യയ്ക്ക് അറിയാമായിരുന്നുവെന്ന് പ്രതി പൊലീസിനോട് പറഞ്ഞു. കൂടാതെ, ഭാര്യയെ ഉപേക്ഷിക്കണമെന്ന് കാമുകി കൂടിയായ പ്രീതി നിർബന്ധിച്ചിരുന്നുവെന്നും ഇയാൾ വെളിപ്പെടുത്തി. കടമായി പ്രീതി നൽകിയിരുന്ന രണ്ട് ലക്ഷം രൂപ തിരികെ നൽകാനും വിവാഹിതരാകാനും നിർബന്ധിച്ചതിനെ തുടർന്നാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പ്രതിയുടെ മൊഴി. വഴങ്ങാത്ത പക്ഷം തന്റെ പെൺമക്കളെ വേശ്യാവൃത്തിക്കായി കൊണ്ടുപോകുമെന്ന് ഭീഷണിപ്പെടുത്തിയതായും ഇയാൾ പൊലീസിനോട് പറഞ്ഞു.
ഒളിച്ചോടാമെന്ന വ്യാജേണ ഇയാൾ പ്രീതിയെ വിളിപ്പിക്കുകയായിരുന്നു. ബസിലിരുന്ന് ഒരുമിച്ച് ഭക്ഷണം കഴിച്ചതിന് ശേഷം ഇരുവരും വാക്ക്തർക്കത്തിലേർപ്പെടുകയായിരുന്നു. വഴക്ക് മൂർച്ഛിച്ചതോടെ നേരത്തെ കയ്യിൽ കരുതിയിരുന്ന കത്തി ഉപയോഗിച്ച് കഴുത്തിന് വെട്ടി. തുടർന്ന് അന്വേഷണം തന്നിലേക്ക് എത്താതിരിക്കുന്നതിനായി പ്രീതിയുടെ വിരലുകൾ മുറിച്ചെടുത്തതായും ഇയാൾ പൊലീസിനോട് പറഞ്ഞു.
സിംഗിനെതിരെ കൊലപാതകം, തെളിവുകൾ നശിപ്പിക്കൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തി കേസെടുത്തു.