ബിഹാർ തെരഞ്ഞെടുപ്പ് ഫലത്തെച്ചൊല്ലി തര്‍ക്കം: 22കാരനെ അമ്മാവന്മാര്‍ തല്ലിക്കൊന്നു
കൊല്ലപ്പെട്ട ശങ്കര്‍ ആർജെഡി അനുഭാവിയായിരുന്നെന്ന് പൊലീസ് പറയുന്നു
ഗുണ:ബിഹാർ തെരഞ്ഞെടുപ്പ് ഫലത്തെച്ചൊല്ലിയുണ്ടായ തര്‍ക്കത്തിന് പിന്നാലെ 22കാരനെ അമ്മാവന്മാര്‍ അടിച്ചു കൊന്നു.തിങ്കളാഴ്ച മധ്യപ്രദേശിലെ ഗുണ ജില്ലയിലാണ് സംഭവം നടന്നത്.
കാന്റ് പൊലീസ് സ്റ്റേഷൻ പരിധിയിലാണ് കൊലപാതകം നടന്നത്. ബിഹാറിലെ ശിവഹാർ ജില്ലയിൽ നിന്നുള്ള തൊഴിലാളിയായ ശങ്കർ മാഞ്ചി (22)യാണ് കൊല്ലപ്പെട്ടത്. അമ്മാവന്മാരായ രാജേഷ് മാഞ്ചി (25), തൂഫാനി മാഞ്ചി (27) എന്നിവർക്കൊപ്പം ശങ്കര്‍ താമസിച്ചു വരികയായിരുന്നു.
പുതിയ പൊലീസ് ലൈൻ ക്വാർട്ടേഴ്‌സ് നിര്‍മാണ തൊഴിലാളികളായി ജോലി ചെയ്യാൻ മൂന്ന് ദിവസം മുമ്പ് മൂന്ന് പേരും ഗുണയിൽ എത്തിയതെന്ന് പൊലീസ് പറയുന്നു
കൊല്ലപ്പെട്ട ശങ്കര്‍ ആർജെഡി അനുഭാവിയായിരുന്നു.പ്രതികളായ രാജേഷും തൂഫാനിയും ജെഡിയുവിനെ പിന്തുണക്കുന്നവരായിരുന്നുവെന്നും പൊലീസ് സ്റ്റേഷൻ ഇൻചാർജ് അനൂപ് ഭാർഗവ പറഞ്ഞു.
മൂന്ന് പേരും ഞായറാഴ്ച രാത്രി, ഒരുമിച്ച് പാചകം ചെയ്ത് ഭക്ഷണം കഴിക്കുകയും മദ്യപിക്കുകയും രാഷ്ട്രീയ ചര്‍ച്ചകളിലേക്ക് കടക്കുകയും ചെയ്തു. പിന്നീട് ബിഹാര്‍ തെരഞ്ഞെടുപ്പ് ഫലത്തെക്കുറിച്ച് മൂന്നുപേരും വാക്കുതര്‍ക്കവും കയ്യേറ്റവും നടന്നതായും പൊലീസ് പറയുന്നു.
രാജേഷും തൂഫാനിയും ചേർന്ന് ശങ്കറിനെ അടുത്തുള്ള ഒരു ചെളി നിറഞ്ഞ പ്രദേശത്തേക്ക് വലിച്ചിഴച്ച് കൊണ്ടുപോയി മുഖം ചെളിയിൽ മുക്കുകയും ശ്വാസം മുട്ടിക്കുകയും ചെയ്തു. തുടർന്ന് ശങ്കര്‍ കൊല്ലപ്പെടുകയായിരുന്നു.വിവരമറിഞ്ഞെത്തിയ പൊലീസ് ശങ്കറിനെ ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചതായി ഡോക്ടര്‍മാര്‍ അറിയിച്ചു.
രാജേഷിനെയും തൂഫാനിയെയും കസ്റ്റഡിയിലെടുത്തതായും ചോദ്യം ചെയ്യലിൽ ഇരുവരും കൊലപാതകം സമ്മതിച്ചതായും പൊലീസ് പറഞ്ഞു.ഇരുവര്‍ക്കുമെതിരെ കൊലപാതകക്കുറ്റത്തിന് കേസെടുത്തിട്ടുണ്ട്.