Writer - ആത്തിക്ക് ഹനീഫ്
Web Journalist at MediaOne
കർണാടക: കർണാടകയിലെ ബെലഗാവി ജില്ലയിൽ വിവാഹത്തിന് ശേഷമുള്ള അത്താഴവിരുന്നിനിടെ ഒരു കഷ്ണം ചിക്കൻ കൂടി ആവശ്യപ്പെട്ടതിന് യുവാവിനെ കുത്തിക്കൊലപ്പെടുത്തിയതായി പരാതി. വിത്തൽ ഹരുഗോപ്പ് എന്നയാൾ വിനോദ് മലഷെട്ടി (30) എന്നയാളെ കൊലപ്പെടുത്തിയെന്നാണ് പരാതി. ഭക്ഷണം വിളമ്പിക്കൊണ്ടിരുന്ന വിത്തൽ ഹരുഗോപ്പിനോട് വിനോദ് കൂടുതൽ ചിക്കൻ ആവശ്യപ്പെട്ടതായും ഭക്ഷണം വളരെ കുറവാണെന്ന് വിനോദ് പരാതിപ്പെട്ടതായും റിപ്പോർട്ടുകളിൽ പറയുന്നു.
എന്നാൽ ഇത് തർക്കത്തിലേക്ക് നയിക്കുകയും വിനോദും വിത്തലും തമ്മിൽ തല്ലുണ്ടാവുകയും ചെയ്തു. ഇതിൽ പ്രകോപിതനായ വിത്തൽ ഉള്ളി മുറിക്കാൻ ഉപയോഗിക്കുന്ന അടുക്കള കത്തി ഉപയോഗിച്ച് വിനോദിനെ കുത്തി. അമിത രക്തസ്രാവം മൂലം വിനോദ് സംഭവസ്ഥലത്ത് തന്നെ മരിച്ചു. സംഭവത്തെ തുടർന്ന് പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.
മുറഗോഡ പൊലീസ് സ്ഥലം സന്ദർശിച്ച് പ്രതിയെ കസ്റ്റഡിയിലെടുത്തു. കോഴിക്കഷ്ണത്തെച്ചൊല്ലിയുള്ള തർക്കമാണ് കൊലക്ക് കാരണമെന്ന് അന്വേഷണത്തിൽ കണ്ടെത്തിയതായി ബെലഗാവി ജില്ലാ പൊലീസ് സൂപ്രണ്ട് ഭീമശങ്കർ ഗുലേദ് സ്ഥിരീകരിച്ചതായി ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്യുന്നു. പ്രതി മദ്യലഹരിയിൽ ആയിരുന്നെന്നും പൊലീസ് റിപ്പോർട്ടിൽ പറയുന്നു.