Writer - ആത്തിക്ക് ഹനീഫ്
Web Journalist at MediaOne
Representational Image
ന്യൂഡൽഹി: ഭാര്യയെ പ്രസവത്തിനായി ആശുപത്രിയിൽ പ്രവേശിപ്പിച്ച യുവാവിനോട് 'വർക്ക് ഫ്രം ഹോസ്പിറ്റൽ' എടുക്കാൻ നിർദേശിച്ച മാനേജരുടെ സ്ക്രീൻഷോട് വൈറലാവുന്നു. സോഷ്യൽ മീഡിയ പ്ലേറ്റ്ഫോമായ റെഡ്ഡിറ്റിലെ 'ഇന്ത്യൻ വർക്ക്പ്ലേസ്' കമ്യുണിറ്റിയിൽ പങ്കുവെച്ച പോസ്റ്റാണ് ശ്രദ്ധ പിടിച്ചുപറ്റുന്നത്.
'ആദ്യ കുഞ്ഞിന്റെ പ്രസവത്തിനായി ഭാര്യയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മാനേജരെ വിവരം അറിയിക്കുകയും രണ്ട് ദിവസത്തെ അവധി മാത്രം അഭ്യർത്ഥിക്കുകയും ചെയ്തു. എന്നാൽ അവധി വൈകിപ്പിക്കാനാണ് മാനേജർ ആവശ്യപ്പെട്ടത്. എന്റെ മാതാപിതാക്കൾക്ക് അത് കൈകാര്യം ചെയ്യാൻ കഴിയുമോ എന്നും ചോദിച്ചു. ആശുപത്രിയിൽ നിന്ന് ജോലി ചെയ്യാൻ പോലും പറഞ്ഞു.' യുവാവ് പോസ്റ്റിൽ പറഞ്ഞു.
'എന്റെ ഭാര്യയിലും നവജാതശിശുവിലും ശ്രദ്ധ കേന്ദ്രീകരിക്കേണ്ട സമയത്ത് ആശുപത്രി മുറിയിൽ ലാപ്‌ടോപ്പുമായി ഇരിക്കാൻ കഴിയാത്തതിന്റെ കാരണം ന്യായീകരിക്കാൻ ഞാൻ ബുദ്ധിമുട്ടി.' യുവാവ് കൂട്ടിച്ചേർത്തു. 'പ്രസവം പോലുള്ള പ്രധാനപ്പെട്ട കാര്യങ്ങളിൽ പോലും' ജീവനക്കാർക്ക് വ്യക്തിപരമായ ജീവിതം പാടില്ലെന്ന് മാനേജർമാർ കരുതുന്നത് എന്തുകൊണ്ടാണെന്നും അദ്ദേഹം ചോദിച്ചു. സമാനമായ അനുഭവങ്ങൾ നേരിട്ടവരുണ്ടോ എന്ന് ചോദിച്ചുകൊണ്ടാണ് റെഡിറ്റ് ഉപയോക്താവ് തന്റെ പോസ്റ്റ് അവസാനിപ്പിച്ചത്.
യുവാവിന്റെ പോസ്റ്റിന് മറുപടിയായി ജോലിയെക്കാൾ കുടുംബത്തിന് മുൻഗണന നൽകണമെന്ന് റെഡ്ഡിറ്റ് ഉപയോക്താക്കൾ ഊന്നിപ്പറഞ്ഞു. പ്രത്യേകിച്ച് പ്രസവം പോലുള്ള നിർണായക നിമിഷങ്ങളിൽ.