മതപരിവര്‍ത്തനം നടത്തിയെന്ന് ആരോപണം; ഇസ്‌ലാമിക പണ്ഡിതന്‍ കലീം സിദ്ദീഖിയെ യു.പി എ.ടി.എസ് അറസ്റ്റ് ചെയ്തു

മൗലാനയുടെ അറസ്റ്റ് യു.പി സര്‍ക്കാരിന്റെ രാഷ്ട്രീയ നീക്കമാണെന്ന് ആം ആദ്മി പാര്‍ട്ടി എം.എല്‍.എ അമാനുല്ലാ ഖാന്‍ ആരോപിച്ചു.

Update: 2021-09-22 11:16 GMT
Advertising

മതപരിവര്‍ത്തനം നടത്തിയെന്ന് ആരോപിച്ച് ഉത്തര്‍പ്രദേശിലെ പ്രമുഖ ഇസ്‌ലാമിക പണ്ഡിതനും ഗ്ലോബല്‍ പീസ് സെന്റര്‍ ഡയറക്ടറുമായ മൗലാന കലീം സിദ്ദീഖിയെ യു.പി തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് അറസ്റ്റ് ചെയ്തു. ചൊവ്വാഴ്ച രാത്രി മീററ്റില്‍ വെച്ചാണ് ഇദ്ദേഹത്തെ അറസ്റ്റ് ചെയ്തത്.

ഇന്ത്യയിലെ ഏറ്റവും വലിയ മതപരിവര്‍ത്തന സിന്‍ഡിക്കേറ്റുമായി ബന്ധപ്പെട്ട് മൗലാന കലീം സിദ്ദീഖിയെ ഉത്തര്‍പ്രദേശ് എ.ടി.എസ് അറസ്റ്റ് ചെയ്തു. നിരവധി മദ്രസകള്‍ക്ക് സാമ്പത്തിക സഹായം നല്‍കുന്ന ജാമിഅ ഇമാം വലിയുല്ല ട്രസ്റ്റ് അദ്ദേഹത്തിന്റെ നേതൃത്വത്തിലാണ് പ്രവര്‍ത്തിക്കുന്നത്. വലിയ തോതിലുള്ള വിദേശ ഫണ്ടിങ്ങും ഇവര്‍ക്ക് ലഭിക്കുന്നുണ്ട്-പൊലീസിനെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐ റിപ്പോര്‍ട്ട് ചെയ്തു.

മൗലാനയുടെ നേതൃത്വത്തില്‍ ആയിരത്തോളം പേരെ മതം മാറ്റിയതായി എ.ടി.എസ് ഇന്‍സ്‌പെക്ടര്‍ ജനറല്‍ ജി.കെ ഗോസ്വാമി പറഞ്ഞതായും എ.എന്‍.ഐ റിപ്പോര്‍ട്ട് ചെയ്തു.

അതേസമയം മൗലാനയുടെ അറസ്റ്റ് യു.പി സര്‍ക്കാരിന്റെ രാഷ്ട്രീയ നീക്കമാണെന്ന് ആം ആദ്മി പാര്‍ട്ടി എം.എല്‍.എ അമാനുല്ലാ ഖാന്‍ ആരോപിച്ചു. യു.പിയില്‍ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ പ്രമുഖ ഇസ് ലാമിക പണ്ഡിതന്‍ മൗലാന കലീം സിദ്ദീഖി സാഹിബ് അറസ്റ്റിലായിരിക്കുന്നു. മുസ്‌ലിംകള്‍ക്കെതിരായ അതിക്രമങ്ങള്‍ വര്‍ധിക്കുകയാണ്. ഈ വിഷയത്തില്‍ മതേതര പാര്‍ട്ടികളുടെ മൗനം ബി.ജെ.പിക്ക് അതിക്രമങ്ങള്‍ തുടരാന്‍ കരുത്താവുകയാണ്-അമാനുല്ല ഖാന്‍ ട്വീറ്റ് ചെയ്തു.


Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News