'പിന്നാക്ക വിഭാഗത്തിന് സമാജ്‌വാദി പാർട്ടിയിൽ ഇടമില്ല'; അഖിലേഷ് യാദവിനെതിരെ മായാവതി

ബ്രാഹ്മണ സമുദായാം​ഗമായ മാതാ പ്രസാദ് പാണ്ഡെയെ പ്രതിക്ഷനേതാവാക്കാൻ കഴിഞ്ഞ ദിവസം എസ്.പി തീരുമാനിച്ചിരുന്നു. ഇതിനെതിരെയാണ് മായാവതിയുടെ വിമർശനം.

Update: 2024-07-29 11:11 GMT

ലഖ്‌നോ: ബ്രാഹ്മണ സമുദായത്തിൽനിന്നുള്ള മുതിർന്ന നേതാവായ മാതാ പ്രസാദ് പാണ്ഡെയെ പ്രതിപക്ഷ നേതാവാക്കിയതിൽ വിമർശനവുമായി ബി.എസ്.പി അധ്യക്ഷ മായാവതി. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ പിന്നാക്ക വിഭാഗത്തിന്റെ വോട്ട് വാങ്ങിയ ശേഷം സമാജ്‌വാദി പാർട്ടി അവരെ അവഗണിക്കുകയാണെന്ന് മായാവതി പറഞ്ഞു. ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുമ്പ് അഖിലേഷ് പിന്നാക്ക ദലിത് ന്യൂനപക്ഷ വിഭാഗങ്ങളുടെ കൂട്ടായ്മയുണ്ടാക്കി. വോട്ട് വാങ്ങിയതിന് പിന്നാലെ അവരെ കയ്യൊഴിഞ്ഞെന്നും മായാവതി പറഞ്ഞു.

ഞായറാഴ്ചയാണ് മുതിർന്ന നേതാവും ഏഴ് തവണ എം.എൽ.എയുമായ മാതാ പ്രസാദ് പാണ്ഡെയെ പ്രതിപക്ഷനേതാവാക്കാൻ എസ്.പി തീരുമാനിച്ചത്. ഭരണഘടന അപകടത്തിലാണെന്ന് പറഞ്ഞ് തെറ്റിദ്ധരിപ്പിച്ചാണ് ലോക്‌സഭാ തെരഞ്ഞെടുപ്പിൽ സമാജ്‌വാദി പാർട്ടി പിന്നാക്ക വിഭാഗത്തിന്റെ വോട്ട് വാങ്ങിയത്. പക്ഷേ പ്രതിപക്ഷ നേതാവിനെ തെരഞ്ഞെടുക്കുന്ന അവസരം വന്നപ്പോൾ ഈ സമുദായങ്ങൾ മാറ്റിനിർത്തപ്പെട്ടെന്നും മായാവതി ആരോപിച്ചു.

Advertising
Advertising

പ്രതിപക്ഷ നേതാവായിരുന്ന അഖിലേഷ് യാദവ് ലോക്‌സഭയിലേക്ക് വിജയിച്ചതിനാൽ എം.എൽ.എ സ്ഥാനം രാജിവച്ചിരുന്നു. ഇതിനെ തുടർന്നാണ് പുതിയ പ്രതിപക്ഷ നേതാവിനെ തിരഞ്ഞെടുത്തത്. കിഴക്കൻ യു.പിയിലെ സിദ്ധാർഥനഗർ ജില്ലയിലെ ഇത്വായിൽനിന്നാണ് മാതാ പ്രസാദ് ഏഴ് തവണ എം.എൽ.എ ആയത്. 2004ൽ മുലായം സിങ് മുഖ്യമന്ത്രിയായപ്പോഴും 2012ൽ അഖിലേഷ് മുഖ്യമന്ത്രിയായപ്പോഴും സ്പീക്കർ പദവിയിൽ മാതാ പ്രസാദ് ആയിരുന്നു.

പിന്നാക്ക്-ദലിത്-ന്യൂനപക്ഷ വിഭാഗത്തെ കൂടെനിർത്തിയാണ് അഖിലേഷ് ലോക്‌സഭാ തെരഞ്ഞെടുപ്പിൽ നേട്ടമുണ്ടാക്കിയത്. ഈ ഫോർമുലയിലൂടെ മുന്നാക്ക വിഭാഗമായ ബ്രാഹ്മണരെ തഴഞ്ഞുവെന്ന തോന്നൽ അവർക്കിടയിലുണ്ട്. ഇത് മറികടക്കാനാണ് മുതിർന്ന ബ്രാഹ്മണ നേതാവിനെ തന്നെ പ്രതിപക്ഷ നേതാവാക്കി അഖിലേഷ് ശ്രമിക്കുന്നത്.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News