വിദേശത്ത് പോലും മോദി പ്രശംസ; ശശി തരൂരിനെ ഇനിയും ചുമക്കേണ്ടതില്ലെന്ന് ഒരു വിഭാഗം നേതാക്കള്‍
തരൂരിന്റെ നീക്കത്തിന് പിന്നില്‍ വ്യക്തമായ ലക്ഷ്യമെന്ന് എഐസിസി
ന്യൂഡൽഹി: ശശി തരൂരിന് എതിരെ പരസ്യപോരിന് കോൺഗ്രസ്. തരൂരിനെ ഇനിയും ചുമക്കേണ്ട കാര്യമില്ല എന്നാണ് ഒരു വിഭാഗം നേതാക്കളുടെ തീരുമാനം.സർവകക്ഷി പ്രതിനിധി സംഘത്തിന്റെ പര്യടനം പൂർത്തിയായതിനു ശേഷം ശശി തരൂരിനെതിരെ നടപടിയുണ്ടായേക്കും.
ശശി തരൂരിന്റെ പ്രസ്താവനകൾക്ക് മറുപടി നൽകേണ്ട എന്നതായിരുന്നു എഐസിസി മുൻപ് സ്വീകരിച്ച നയം. എന്നാൽ വിദേശത്ത് പോലും തരൂർ കേന്ദ്ര സർക്കാർ പ്രശംസ തുടരുന്ന സാഹചര്യത്തിൽ ഇനിയും മിണ്ടാതിരിക്കേണ്ട എന്നാണ് ഒരു വിഭാഗം നേതാക്കളുടെ അഭിപ്രായം. അതിന്റെ സൂചനകളായിയാണ് പരോക്ഷ വിമർശനം മാത്രം ഉയർത്തിയിരുന്ന കോൺഗ്രസ് നേതാക്കൾ സാമൂഹ്യ മാധ്യമത്തിലൂടെ തരൂരിനെതിരെ ആഞ്ഞടിച്ചത്.
ഇനിയും എന്തിനാണ് തരൂരിനെ ഇങ്ങനെ പാർട്ടിയിൽ തുടരാൻ അനുവദിക്കണം എന്ന ചോദ്യം ഹൈകമാൻഡിനോട് നേതാക്കൾ ഉയർത്തി എന്നാണ് സൂചന.എന്നാൽ പാര്‍ട്ടിയെ മാനിക്കാതെയുള്ള ശശി തരൂരിന്റെ നീക്കത്തിന് പിന്നില്‍ വ്യക്തമായ ലക്ഷ്യങ്ങളുണ്ടെന്ന് എഐസിസി നേതൃത്വം വിലയിരുത്തുന്നത്.
പാർട്ടിയെ കൊണ്ട് അച്ചടക്ക് നടപടി എടുപ്പിക്കാനുള്ള തരൂരിന്റെ തന്ത്രങ്ങൾ ആണെന്നാണ് ഹൈക്കമാൻഡ് കണക്കുകൂട്ടൽ.അതേസമയം വിദേശ പര്യടനത്തിനുള്ള തരൂർ മടങ്ങിയെത്തിയതിനു ശേഷം തുടർനടപടികൾ കോൺഗ്രസ് സ്വീകരിക്കും. വിമർശനങ്ങൾ ശക്തമാകുമ്പോഴും കേന്ദ്രസർക്കാരിനെ പുകഴ്ത്തി കൊണ്ടുള്ള തരൂരിന്റെ പ്രസ്താവനകളും തുടരുകയാണ്.