കോളേജുകളിൽ മോദിയുടെ ഫോട്ടോ പശ്ചാത്തലമാക്കി സെൽഫി പോയിന്റ്; പ്രധാനമന്ത്രിക്ക് കത്തയച്ച് വി.ശിവദാസൻ എംപി

പ്രധാനമന്ത്രി അറിഞ്ഞുകൊണ്ടാണ് ഇത്തരത്തിൽ അല്പത്തരം നിറഞ്ഞ ഉത്തരവുകൾ ഉണ്ടാകുന്നതെന്ന് കരുതുന്നില്ലെന്നും ഉത്തരവ് പിൻവലിക്കാൻ ഇടപെടലുണ്ടാവണമെന്നും എംപി കത്തിൽ പറയുന്നു

Update: 2023-12-03 15:20 GMT
Advertising

സർവകലാശാലകളിലും കോളജുകളിലും പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഫോട്ടോ പശ്ചാത്തലമാക്കി സെൽഫി പോയിന്റുകളുണ്ടാക്കാനുള്ള യുജിസി തീരുമാനത്തിനെതിരെ  ഡോ.വി ശിവദാസൻ എംപി. യുജിസി നിർദേശം ഉന്നതവിദ്യാഭ്യാസ മേഖലയ്ക്കാകെ അപമാനമാണെന്നും വിദ്യാർഥികളെ രാഷ്ട്രീയപ്രചരണത്തിനുള്ള ഉപകരണങ്ങളാക്കി മാറ്റാനുള്ള ശ്രമം അനുവദിക്കപ്പെട്ടു കൂടെന്നും ചൂണ്ടിക്കാട്ടി എംപി പ്രധാനമന്ത്രിക്ക് കത്തയച്ചു

കത്തിന്റെ പൂർണരൂപം:

സർവ്വകലാശാലകളിലും കോളേജുകളിലും പ്രധാനമന്ത്രിയുടെ ഫോട്ടോ പശ്ചാത്തലമാക്കിയുള്ള സെൽഫി പോയിന്റുകളുണ്ടാക്കാനുള്ള യുജിസി നിർദ്ദേശം ഉന്നതവിദ്യാഭ്യാസ മേഖലക്കാകെ അപമാനമാണ്. പ്രധാനമന്ത്രിയായ അങ്ങ് അറിഞ്ഞുകൊണ്ടായിരിക്കും ഇത്തരത്തിലുള്ള അല്പത്തം നിറഞ്ഞ ഉത്തരവുകൾ പുറത്തിറങ്ങുന്നതെന്ന് കരുതുന്നില്ല. കാരണം ഒരു പ്രധാനമന്ത്രിയും അത്തരത്തിൽ പ്രവർത്തിക്കുമെന്ന് സങ്കൽപ്പിക്കാനാകുന്നതല്ല.

സമാനമായ നിലയിൽ കിസാൻ സമൃദ്ധി കേന്ദ്രങ്ങൾക്കുമുന്നിൽ മോദിയുടെ ഫോട്ടോ സ്ഥാപിക്കാൻ നേരത്തെ നിർദേശം നൽകിയിട്ടുണ്ടായിരുന്നു. അതിനാവശ്യമായ പണം കർഷകർക്ക് വളംവിൽപ്പനനടത്തി കിട്ടുന്ന ലാഭത്തിൽ നിന്നും കമ്പനികൾ കണ്ടത്തണമെന്ന നിർദേശവുമുണ്ടായിരുന്നു. അതിന്റ തുടർച്ചയാണ് വിദ്യാഭ്യാസ മേഖലയിലും നിലവിൽ കണ്ടിരിക്കുന്നത്. ജനാധിപത്യ ഇന്ത്യയുടെ സൃഷ്ടിയിൽ ക്രിയാത്മക പങ്ക് വഹിക്കേണ്ടവരാണ് വിദ്യാർത്ഥികൾ. അവരെ സങ്കുചിത രാഷ്ട്രീയ പ്രചരണത്തിനുള്ള ഉപകരണങ്ങളാക്കി മാറ്റാനുള്ള ശ്രമം ഒരിക്കലും അനുവദിക്കപ്പെട്ടുകൂടാത്തതാണ്.

 ഇത്തരത്തിലുള്ള ഉത്തരവുകൾ ഉന്നതവിദ്യാഭ്യാസ മേഖലയിൽ പ്രവർത്തിക്കുന്ന ഒരു ഏജൻസിയെങ്ങനെയാണിറക്കുന്നതെന്നതെന്നത് അന്വേഷിക്കേണ്ടതാണ്. ഭരണാധികാരികളുടെ പ്രീതി പിടിച്ചുപറ്റി കാര്യസാധ്യത്തിനായി പരിശ്രമിക്കുന്നവർക്കുമാത്രമേ ഇത്തരം ചെയ്തികളുടെ ഭാഗമാകാനാകുകയുള്ളൂ. അത്തരക്കാർ ഉന്നതവിദ്യാഭ്യാസ മേഖലയുടെ ഗുണമേന്മയുയർത്തുന്നതിൽ യാതൊരു സംഭാവനയും ചെയ്യുകയുമില്ല.

യുജിസി പോലുള്ള സുപ്രധാന സ്ഥാപനങ്ങളുടെ തലപ്പത്ത് അത്തരക്കാരുണ്ടാകുന്നത് വിശാലമായ രാജ്യതാൽപ്പര്യത്തിന് നിരക്കുന്നതല്ല. ജനാധിപത്യവിരുദ്ധമായ യുജിസി ഉത്തരവിനെതിരെ ഇന്ത്യയിലെ അക്കാഡമിക്ക് സമൂഹമാകെ പ്രതികരിച്ചിരിക്കയാണ്. അതുകൊണ്ടുതന്നെ ഇന്ത്യയുടെ പ്രധാനമന്ത്രിയെന്ന നിലയിൽ യുജിസിയുടെ ഉത്തരവ് പിൻവലിക്കാനായി അങ്ങ് അഭ്യർത്ഥിക്കണം. എംപി കത്തിൽ ആവശ്യപ്പെട്ടു.

Tags:    

Writer - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

Editor - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

By - Web Desk

contributor

Similar News