അദ്വാനിയുടെ രഥയാത്ര തടയാൻ ആദ്യം മുന്നിട്ടിറങ്ങി; ബാബരിക്ക് സംരക്ഷണം തീർത്ത 'മൗലാനാ മുലായം'

ബാബരി മസ്ജിദ് സംരക്ഷിക്കാന്‍ വേണ്ടിയാണ് വെടിവയ്ക്കാനുള്ള ഉത്തരവ് നല്‍കിയതെന്ന് മുലായംസിങ് യാദവ് പറഞ്ഞിരുന്നു.

Update: 2022-10-10 07:45 GMT
Advertising

രാജ്യത്ത്, പ്രത്യേകിച്ച് ഉത്തർപ്രദേശിൽ വർ​ഗീയ ധ്രുവീകരണം ലക്ഷ്യമിട്ട് ബി.ജെ.പി നടത്തിയ നീക്കങ്ങളെ പ്രതിരോധിക്കാൻ എക്കാലത്തും മുന്നിൽ നിന്ന നേതാവായിരുന്നു മുലായം സിങ് യാദവ്. ഭൂരിപക്ഷ വർ​ഗീയതയ്ക്കെതിരെ നിരന്തരം പോരാടി മതേതരത്വം ഊട്ടിയുറപ്പിക്കുന്ന നിലപാടുകളിലൂടെ യുപിയിലെ മാത്രമല്ല, ദേശ-ഭാഷാ ഭേദമന്യേ വിവിധ ജനവിഭാ​ഗങ്ങളുടെ മനസിൽ ഇടം നേടാൻ സാധിച്ച നേതാവായിരുന്നു മുലായം.

മുസ്‌ലിങ്ങള്‍ അടക്കമുള്ള ന്യൂനപക്ഷ വിഭാ​ഗങ്ങൾക്കൊപ്പം നിന്ന് അവർക്കെതിരായ വർ​ഗീയ നീക്കങ്ങളെ പ്രതിരോധിച്ച മുലായത്തെ മൗലാനാ മുലായം എന്നാണ് ബി.ജെ.പി കളിയാക്കി വിളിച്ചിരുന്നത്. യു.പിയിലെ സവര്‍ണ മേധാവിത്ത രാഷ്ട്രീയത്തിന് അന്ത്യം കുറിച്ച് പിന്നാക്ക രാഷ്ട്രീയത്തിന് തിരികൊളുത്തിയ മുലായം ബാബരി മസ്ജിദ് സംരക്ഷിക്കാൻ കോൺഗ്രസിനെയും ബി.ജെ.പിയെയും നേരിട്ട നേതാവാണ്. ‍

ബാബരി മസ്ജിദ് തകര്‍ക്കുന്നതിന് മുന്നോടിയായി രാജ്യത്തെ വര്‍ഗീയമായി ഭിന്നിക്കാനായി അന്നത്തെ ബി.ജെ.പി അധ്യക്ഷനായിരുന്ന എല്‍.കെ അദ്വാനി രഥയാത്ര നടത്തിയപ്പോള്‍ അതിനെ തടഞ്ഞുനിര്‍ത്താന്‍ ആദ്യം മുന്നോട്ടുവന്ന നേതാവാണ് മൗലാനാ മുലായം. 1990ൽ യു.പി മുഖ്യമന്ത്രിയായിരുന്നപ്പോഴായിരുന്നു ഇത്. എന്നാൽ രഥയാത്ര ബിഹാറില്‍ എത്തിയപ്പോള്‍ ലാലു പ്രസാദ് യാദവ് തടഞ്ഞിരുന്നു.

എങ്കിലും രഥയാത്ര തടയുമെന്ന് പരസ്യമായി ആദ്യം പ്രഖ്യാപിച്ച നേതാവാണ് മുലായം സിങ്. രഥയാത്ര ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ സൃഷ്ടിക്കാന്‍ കാരണമാവുന്ന വര്‍ഗീയ- വിദ്വേഷ നീക്കങ്ങള്‍ മുന്നില്‍ക്കണ്ടായിരുന്നു മുലായത്തിന്റെ പ്രതിരോധം. കാവി ബ്രിഗേഡിൽ നിന്ന് ബാബരി മസ്ജിദിനെ സംരക്ഷിക്കുന്നതിൽ അന്നത്തെ കോൺഗ്രസ് പ്രധാനമന്ത്രി നരസിംഹ റാവു പരാജയപ്പെട്ടപ്പോൾ അധികാരത്തിലിരുന്ന കാലത്തോളം മുഖ്യമന്ത്രിയെന്ന നിലയ്ക്ക് തന്നാലാവുന്ന വിധം പ്രതിരോധ നടപടികൾ സ്വീകരിക്കാൻ മുലായം ശ്രമിച്ചിരുന്നു.

1989ൽ ആദ്യമായി യു.പി മുഖ്യമന്ത്രിയായത് ബി.ജെ.പിയുടെ പുറമേ നിന്നുള്ള പിന്തുണയോടെയായിരുന്നു എന്നത് തന്റെ നിലപാടിൽ നിന്ന് മുലായത്തെ പിന്തിരിപ്പിച്ചില്ല. ബാബരി മസ്ജിദ് വിഷയത്തിൽ സംഘപരിവാർ സംഘടനകൾക്കെതിരെ കർശന നിലപാട് സ്വീകരിച്ചതിനെ തുടർന്ന് ബി.ജെ.പി പിന്തുണ പിൻവലിച്ചെങ്കിലും കോൺഗ്രസ് പിന്തുണയോടെ 1991 വരെ അദ്ദേഹം മുഖ്യമന്ത്രി സ്ഥാനത്ത് തുടർന്നു.

ഇതിനിടെ, അയോധ്യയില്‍ രാമക്ഷേത്രം നിര്‍മിക്കണമെന്ന് ആവശ്യപ്പെട്ട് 1990ല്‍ നടന്ന കര്‍സേവയ്ക്കെതിരെയുണ്ടായ പൊലീസ് വെടിവെപ്പില്‍ 16 പേർ മരിച്ചിരുന്നു. അന്ന് ബാബരി മസ്ജിദ് സംരക്ഷിക്കാന്‍ വേണ്ടിയാണ് വെടിവയ്ക്കാനുള്ള ഉത്തരവ് നല്‍കിയതെന്ന് മുലായംസിങ് യാദവ് പറഞ്ഞിരുന്നു. ന്യൂനപക്ഷങ്ങളുടെ സംരക്ഷണം ഉറപ്പാക്കാന്‍ മുലായത്തിന്റെ നേതൃത്വത്തിൽ അന്ന് സമാജ് വാദി പാര്‍ട്ടി എടുത്ത നിലപാടുകള്‍ എക്കാലത്തും ശ്രദ്ധേയമാണ്.

മുലാലയത്തിന്റെ ഈ ന്യൂനപക്ഷ സംരക്ഷണ നിലപാടുകൾ അദ്ദേഹത്തെ എക്കാലവും ബി.ജെ.പിയുടെ കണ്ണിലെ കരടാക്കി. പിന്നീട് വർ​ഗീയ വിദ്വേഷനീക്കം ശക്തമാക്കിയ ബി.ജെ.പി 1991ൽ അധികാരത്തിലെത്തിയ ശേഷമാണ് 1992 ഡിസംബർ ആറിന് ബാബരി മസ്ജിദ് തകർക്കപ്പെടുന്നത്. പിന്നാലെ ബിജെപിക്ക് അധികാരം നഷ്ടമാവുകയും 1993ൽ മുലായം പുതിയ പാർട്ടിയുമായി തെരഞ്ഞെടുപ്പിനെ നേരിടുകയും കൂടുതൽ ശക്തിയായി അധികാരത്തിൽ തിരിച്ചെത്തുകയുമായിരുന്നു. അന്ന് സമാജ് വാദി പാര്‍ട്ടി ഒറ്റയ്ക്കാണ് അധികാരത്തില്‍ വന്നത്.

റാംമനോഹര്‍ ലോഹ്യയുടെ സോഷ്യലിസ്റ്റ് പാരമ്പര്യത്തിലൂടെ വളര്‍ന്നുവന്ന നേതാക്കളില്‍ ഏറ്റവും പ്രഗത്ഭനായിരുന്നു മുലായം. തുടര്‍ന്ന് ലോഹ്യയുടെ സോഷ്യലിസ്റ്റ് പാര്‍ട്ടിയില്‍ നിന്ന് മാറി 1992ൽ സ്വന്തമായി ഒരു പാര്‍ട്ടി രൂപീകരിച്ചപ്പോഴും അതിന് സോഷ്യലിസ്റ്റ് എന്നര്‍ഥം വരുന്ന സമാജ്‌വാദി പാര്‍ട്ടി എന്ന പേരിടാന്‍ അദ്ദേഹം തയാറായി. സാമൂഹികനീതി എന്ന എസ്.പിയുടെ ആശയം ഹിന്ദി ഹൃദയഭൂമിയിൽ യാദവരുടെയും മുസ്‍ലിംകളുടെയും ഐക്യത്തിന് കാരണമാക്കി. ഇതൊരു വലിയ വോട്ടുബാങ്കായപ്പോൾ എസ്.പിയുടെ വളർച്ച വേഗത്തിലാവുകയായിരുന്നു.

Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

contributor

Editor - ഷിയാസ് ബിന്‍ ഫരീദ്

contributor

By - Web Desk

contributor

Similar News