എബിവിപി പ്രതിഷേധത്തിന് പിന്നാലെ സ്റ്റാൻ സ്വാമി അനുസ്മരണം റദ്ദാക്കി മുംബൈ സെന്റ് സേവ്യേഴ്സ് കോളജ്

അരികുവൽക്കരിക്കപ്പെട്ട ആദിവാസി സമൂഹങ്ങൾക്കുവേണ്ടി ദീർഘകാലമായി വാദിച്ചിരുന്ന സ്റ്റാൻ സ്വാമിയെ നിരോധിത തീവ്ര ഇടതുപക്ഷ സംഘടനയുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് 2020-ലാണ് മഹാരാഷ്ട്ര പൊലീസ് അറസ്റ്റ് ചെയ്തത്. 2021-ൽ കോവിഡ് ബാധിച്ചതിനെ തുടർന്ന് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ഹൃദയാഘാതം മൂലം മരണപ്പെടുകയും ചെയ്തു

Update: 2025-08-09 06:27 GMT

മുംബൈ: ആർഎസ്എസിന്റെ വിദ്യാർഥി വിഭാഗമായ അഖില ഭാരതീയ വിദ്യാർഥി പരിഷത്തിന്റെ (ABVP) പ്രതിഷേധത്തെത്തുടർന്ന് മുംബൈയിലെ സെന്റ് സേവ്യേഴ്സ് കോളേജ് ശനിയാഴ്ച നടത്താനിരുന്ന സ്റ്റാൻ സ്വാമി അനുസ്മരണ പരിപാടി റദ്ദാക്കി. അനുസ്മരണ പ്രഭാഷണം ഉടൻ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് എബിവിപിയുടെ മുംബൈ യൂണിറ്റ് അംഗങ്ങളുടെ ഒരു സംഘം കോളജ് പ്രിൻസിപ്പലുമായി കൂടിക്കാഴ്ച നടത്തിയതിനെ തുടർന്നാണ് തീരുമാനം.

'എൽഗാർ പരിഷത്ത്-ഭീമ കൊറേഗാവ് കേസിൽ കുറ്റാരോപിതനായ നിരോധിത മാവോയിസ്റ്റ് ഗ്രൂപ്പുകളുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് യുഎപിഎ ചുമത്തിയ ഒരാളുടെ സ്മരണക്കായി ഒരു പ്രഭാഷണം സംഘടിപ്പിക്കുന്നത് ക്യാമ്പസിൽ അർബൺ നക്സലിസത്തെ മഹത്വപ്പെടുത്താനുള്ള ശ്രമമാണെന്ന് എബിവിപി ഉറച്ചു വിശ്വസിക്കുന്നു.' ഹിന്ദു വലതുപക്ഷ വിദ്യാർഥി സംഘടന പറഞ്ഞു. 'അക്കാദമിക് സ്വാതന്ത്ര്യത്തിന്റെ മറവിൽ' നടക്കുന്ന ഇത്തരം പരിപാടികൾക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് സംഘം മഹാരാഷ്ട്ര അധികൃതരോട് ആവശ്യപ്പെട്ടു.

Advertising
Advertising

കോളജിലെ മതാന്തര പഠന വിഭാഗം സംഘടിപ്പിച്ച 'ഉപജീവനത്തിനായുള്ള കുടിയേറ്റം: ദുരിതങ്ങൾക്കിടയിലെ പ്രതീക്ഷ' എന്ന വിഷയത്തിലുള്ള പ്രഭാഷണം ഫാദർ പ്രേം സാൽക്സോ വെർച്വലായി നടത്തേണ്ടതായിരുന്നു. 84 വയസുള്ള മനുഷ്യാവകാശ പ്രവർത്തകനും ജെസ്യൂട്ട് പുരോഹിതനുമായ ഫാദർ സ്റ്റാൻ സ്വാമി നിയമവിരുദ്ധ പ്രവർത്തനങ്ങൾ (തടയൽ) നിയമം (യുഎപിഎ) പ്രകാരം ഒമ്പത് മാസം വിചാരണ കൂടാതെ ജയിലിലടക്കപ്പെട്ടു. 2021-ൽ ജാമ്യാപേക്ഷ പരിഗണിക്കുന്നതിന് മുമ്പ് മുംബൈയിലെ ഒരു ആശുപത്രിയിൽ വെച്ച് അദ്ദേഹം മരണപെട്ടു.

അരികുവൽക്കരിക്കപ്പെട്ട ആദിവാസി സമൂഹങ്ങൾക്കുവേണ്ടി ദീർഘകാലമായി വാദിച്ചിരുന്ന സ്റ്റാൻ സ്വാമിയെ നിരോധിത തീവ്ര ഇടതുപക്ഷ സംഘടനയുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് 2020-ൽ മഹാരാഷ്ട്ര പൊലീസ് അറസ്റ്റ് ചെയ്തു. പാർക്കിൻസൺസ് രോഗവും മറ്റ് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളും ബാധിച്ചിട്ടും സ്റ്റാൻ സ്വാമിക്ക് ആവർത്തിച്ച് ജാമ്യം നിഷേധിക്കപ്പെട്ടു. 2021 മേയ് മാസത്തിൽ കോവിഡ് ബാധിച്ചതിനെ തുടർന്ന് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ഹൃദയാഘാതം സംഭവിച്ച് മരണപ്പെടുകയും ചെയ്തു. 2018-ലെ എൽഗാർ പരിഷത്ത്–ഭീമ കൊറേഗാവ് കേസിൽ കുറ്റാരോപിതനായി യുഎപിഎ പ്രകാരം ജയിലിലടയ്ക്കപ്പെട്ട അക്കാദമിക് വിദഗ്ധരും മനുഷ്യാവകാശ സംരക്ഷകരുമായ ഒരു ഡസൻ വ്യക്തികളിൽ ഏറ്റവും പ്രായം കൂടിയ വ്യക്തിയായിരുന്നു ഫാദർ സ്റ്റാൻ സ്വാമി. 



Tags:    

Writer - ആത്തിക്ക് ഹനീഫ്

Web Journalist at MediaOne

Web Journalist at MediaOne

Editor - ആത്തിക്ക് ഹനീഫ്

Web Journalist at MediaOne

Web Journalist at MediaOne

By - Web Desk

contributor

Similar News