'ലക്ഷ്മി ദേവിയെ ആരാധിച്ചാൽ മാത്രമേ സമ്പത്തുണ്ടാകൂ എങ്കിൽ മുസ്‌ലിംകളിൽ പണക്കാർ കാണുമോ?'; ഹിന്ദു ദൈവങ്ങള്‍ക്കെതിരെ ബി.ജെ.പി എം.എല്‍.എ

''നിങ്ങൾ ദേവീ ദേവന്മാരിൽ വിശ്വസിക്കുന്നത് നിർത്തിയാൽ നിങ്ങളുടെ ബൗദ്ധിക ശേഷി വർധിക്കും"- എം.എൽ.എ പറഞ്ഞു.

Update: 2022-10-20 05:38 GMT

പട്ന: ഹിന്ദു ദൈവങ്ങളെ കുറിച്ച് പ്രസ്താവനകൾ നടത്തി വിവാദത്തിലായി ബി.ജെ.പി എം.എൽ.എ. ബിഹാറിലെ ഭ​ഗൽപുർ ജില്ലയിലെ പിർപൈന്തി എം.എൽ.എയായ ‌‌ലാലൻ പാസ്വാനാണ് വിവാദത്തിലായിരിക്കുന്നത്. ഹിന്ദു വിശ്വാസങ്ങളെ കുറിച്ച് ചോദ്യങ്ങൾ ഉന്നയിച്ച എം.എൽ.എ ദീപാവലി ദിനത്തിൽ ലക്ഷ്മി ദേവിയെ ആരാധിക്കുന്നതിനെയും ചോദ്യം ചെയ്തു.

"ലക്ഷ്മീ ദേവിയെ ആരാധിച്ചാൽ മാത്രമാണ് സമ്പത്ത് ലഭിക്കുന്നതെങ്കിൽ മുസ്‌ലിംകൾക്കിടയിൽ കോടീശ്വരന്മാർ ഉണ്ടാകുമായിരുന്നില്ല. മുസ്‌ലിംകൾ ലക്ഷ്മീ ദേവിയെ ആരാധിക്കുന്നില്ല, അവരിൽ പണക്കാരില്ലേ? മുസ്‌ലിംകൾ സരസ്വതി ദേവിയെ ആരാധിക്കുന്നില്ല. മുസ്‌ലിംകൾക്കിടയിൽ പണ്ഡിതന്മാരില്ലേ? അവർ ഐ.എ.എസും ഐ.പി.എസും ആകുന്നില്ലേ?- എം.എൽ.എ ചോദിച്ചു.

Advertising
Advertising

"നിങ്ങൾ വിശ്വസിക്കുന്നുവെങ്കിൽ അത് ദേവതയാണ്, ഇല്ലെങ്കിൽ അത് വെറും ശിലാവിഗ്രഹമാണ്, ദൈവങ്ങളിലും ദേവതകളിലും വിശ്വസിക്കുന്നുണ്ടോ ഇല്ലയോ എന്നത് നമ്മെ മാത്രം ആശ്രയിച്ചിരിക്കുന്ന കാര്യമാണ്. ശാസ്ത്രീയ അടിത്തറയിൽ ചിന്തിക്കണം. നിങ്ങൾ ദേവീ ദേവന്മാരിൽ വിശ്വസിക്കുന്നത് നിർത്തിയാൽ നിങ്ങളുടെ ബൗദ്ധിക ശേഷി വർധിക്കും".

"ബജ്‌റംഗബലി ശക്തിയുള്ളതും ശക്തി നൽകുന്നതുമാണെന്ന് വിശ്വസിക്കപ്പെടുന്നു. മുസ്‌ലിംകളോ ക്രിസ്ത്യാനികളോ ബജ്‌റംഗബലിയെ ആരാധിക്കുന്നില്ല. അവർ ശക്തരല്ലേ? നിങ്ങൾ വിശ്വസിക്കുന്നത് നിർത്തുന്ന ദിവസം ഇതെല്ലാം അവസാനിക്കും"- പാസ്വാൻ കൂട്ടിച്ചേർത്തു.

സംഭവത്തിൽ എം.എൽ.എയ്ക്കെതിരെ ബിജെപിക്കിടയിൽ നിന്നു തന്നെ വിമർശനം ഉയർന്നിട്ടുണ്ട്. ഭഗൽപൂരിലെ ഷെർമാരി ബസാറിൽ പാസ്വാനെതിരെ പ്രതിഷേധം നടക്കുകയും കോലം കത്തിക്കുകയും ചെയ്തു.

Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

contributor

Editor - ഷിയാസ് ബിന്‍ ഫരീദ്

contributor

By - Web Desk

contributor

Similar News