മോദിക്കു കീഴിൽ മുസ്‌ലിംകൾ കഴിയുന്നത് ഹിറ്റ്‌ലറുടെ കാലത്തെ ജൂതന്മാരെപ്പോലെ-ഉവൈസി

''അജ്മീർ ഖാജയുടെ സന്നിധിയിൽ പോയി പുതപ്പു മൂടിക്കോളൂ.. പക്ഷെ ഞങ്ങളുടെ എല്ലാ പള്ളികളും തട്ടിപ്പറിക്കാനാണ് നിങ്ങളുടെ നീക്കം. എല്ലാ പള്ളിയും കവർന്നെടുത്താൽ പിന്നീട് ഞങ്ങളുടെ അസ്തിത്വം എന്താണ്? നിയമവാഴ്ചയുടെ വിലയെന്താണ്?''

Update: 2024-02-03 14:44 GMT
Editor : Shaheer | By : Web Desk
Advertising

ന്യൂഡൽഹി: ഹിറ്റ്‌ലറുടെ കാലത്തെ ജൂതന്മാരെപ്പോലെയാണു കഴിഞ്ഞ പത്തു വർഷക്കാലം നരേന്ദ്ര മോദി സർക്കാരിനു കീഴിൽ രാജ്യത്തെ മുസ്‌ലിംകൾ കഴിയുന്നതെന്ന് എ.ഐ.എം.ഐ.എം നേതാവ് അസദുദ്ദീൻ ഉവൈസി. രാമക്ഷേത്ര പ്രതിഷ്ഠ നടത്തിയ ജനുവരി 22 ചരിത്രദിനമാണെന്നാണ് രാഷ്ട്രപതി പറഞ്ഞത്. എന്നാൽ, ഗ്യാൻവാപി പള്ളിയിൽ പൂജയ്ക്ക് അനുമതി നൽകിയ ജനുവരി 31ഉം ചരിത്രദിനമാണെന്ന് ഉവൈസി പറഞ്ഞു. 500 വർഷം മാത്രമല്ല അതിനും പിറകെ ബുദ്ധ, ജൈന, ശൈവ കാലത്തേക്കു തിരിച്ചുപോകുമോ എന്നും ഉവൈസി പാർലമെന്റിൽ ചോദിച്ചു.

നരേന്ദ്ര മോദിക്കു കീഴിൽ കഴിഞ്ഞ പത്തു വർഷം രാജ്യത്തെ മുസ്‌ലിംകൾ ആശങ്കയിലാണു കഴിയുന്നത്. അവരുടെ അഭിമാനവും നിലനിൽപ്പുമെല്ലാം അപകടത്തിലാണ്. ഹിറ്റ്‌ലറുടെ കാലത്ത് ജൂതന്മാർക്കുണ്ടായിരുന്ന മാനസികാവസ്ഥയിലാണ് ഇപ്പോൾ ഇവിടത്തെ 17 കോടി മുസ്‌ലിംകൾ കഴിയുന്നതെന്നും ഉവൈസി പറഞ്ഞു.

''രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തിൽ വിദ്യാലയങ്ങളിലെ കൊഴിഞ്ഞുപോക്കിനെക്കുറിച്ചും പ്രവേശനത്തെക്കുറിച്ചുമെല്ലാം പറഞ്ഞിടത്ത് എസ്.സി, എസ്.ടി, ഒ.ബി.സി വിഭാഗങ്ങളുടെയെല്ലാം പേരു പരാമർശിച്ചെങ്കിലും മുസ്‌ലിംകളെ പോയിട്ട് ന്യൂനപക്ഷത്തെ പോലും പറഞ്ഞില്ല. എന്നാൽ, രാജ്യത്തെ സ്‌കൂളുകളിൽ ഏറ്റവും കൂടുതൽ പേർ പാതിവഴിയിൽ പഠനം ഉപേക്ഷിക്കുന്നത് മുസ്‌ലിംകളിലാണ്. ഉന്നത വിദ്യാഭ്യാസരംഗത്ത് ഏറ്റവും കുറഞ്ഞ പ്രവേശനനിരക്കും മുസ്‌ലിംകളുടേതു തന്നെ. സർക്കാർ ബജറ്റിൽ പ്രീമെട്രിക് സ്‌കോളർഷിപ്പ് ഒൻപതാം ക്ലാസ് വരെ ചുരുക്കി. സ്‌കോളർഷിപ്പ് തുക വെട്ടിക്കുറയ്ക്കുകയും ചെയ്തിരിക്കുകയാണ്.''

തെറ്റിദ്ധാരണങ്ങൾ മാറ്റാനും വെറുപ്പ് നീക്കാനും ജനങ്ങളുടെ പുരോഗതിക്കുമായി കഴിഞ്ഞ പത്തു വർഷക്കാലം ഈ സർക്കാർ ഒന്നും ചെയ്തില്ലെന്നും ഉവൈസി കുറ്റപ്പെടുത്തി. ഒരൊറ്റ വ്യക്തിയെയും മതത്തെയും പ്രത്യയശാസ്ത്രത്തെയും കാഴ്ചപ്പാടിനെയും പ്രതിഷ്ഠിക്കാനാണു സർക്കാർ നോക്കിയത്. ഒരു സ്വത്വത്തിനു പിന്നിൽ മറ്റെല്ലാ സ്വത്വങ്ങളെയും ഇല്ലായ്മ ചെയ്യാൻ ശ്രമമുണ്ടായി. ഒരു ഭാഷയെ സ്ഥാപിക്കാൻ നീക്കമുണ്ടായെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

''ഏഴു ദിവസം കൊണ്ട് സി.എ.എ നടപ്പാക്കുമെന്ന് ഒരു കേന്ദ്രമന്ത്രി പ്രഖ്യാപിക്കുകയുണ്ടായി. അങ്ങനെ ചെയ്താൽ, അതിനുള്ളിൽ തന്നെ രാജ്യത്തിന്റെ ഓരോ മുക്കിലും മൂലയിലും പ്രതിഷേധവും ആരംഭിക്കും. സി.എ.എയെ മതവുമായി കൂട്ടിക്കെട്ടരുത്. ഇതിലൂടെ ദുരുദ്ദേശ്യമാണു നിങ്ങൾക്കുള്ളത്. ഇന്ത്യയിലെ മുസ്‌ലിംകളെയും ദലിതുകളെയും കഷ്ടപ്പെടുത്തുകയാണു നിങ്ങളുടെ ലക്ഷ്യം. സീമാഞ്ചലിലെ മുസ്‌ലിംകളെ ബംഗ്ലാദേശികളെന്നു വിളിക്കുന്നു. ഒരു മന്ത്രി എന്നോടുതന്നെ റോഹിംഗ്യക്കാരനാണെന്നാണു പറഞ്ഞത്. സി.എ.എ മതവുമായി കൂട്ടിക്കെട്ടുന്നത് തെറ്റാണ്.

ജനുവരി 22 ചരിത്രദിനമെന്നാണു നമ്മുടെ രാഷ്ട്രപതി പറഞ്ഞത്. ശരിയാണു ചരിത്രദിനം തന്നെയാണ്. ജനുവരി 22ന്റെ ശിലാസ്ഥാപനം 1992 ഡിസംബർ ആറിനു തന്നെ നടന്നതാണ്. 22ന്റെ ശിലാസ്ഥാപനം 1986ൽ തന്നെ പൂട്ടുതുറന്ന് വച്ചതാണ്. ജി.പി പന്താണ് ശിലാസ്ഥാപനം നടത്തിയത്. അതുകൊണ്ടാണ് അതു ചരിത്രദിനമാകുന്നത്.

ബി.ആർ അംബേദ്ക്കർ എഴുതിവച്ച ഭരണഘടനയുടെ 32-ാം വകുപ്പാണ് എന്റെ മുൻപിലുള്ള രക്ഷ. ഇന്നു രാജ്യത്തെ 17 കോടി മുസ്‌ലിംകളും പ്രധാനമന്ത്രിയിൽ പ്രതീക്ഷയർപ്പിക്കുന്നില്ല. 32-ാം വകുപ്പ് കൃത്യമായി നടപ്പാകുന്നില്ലെങ്കിൽ ഇനിയെന്താണു മുന്നിലുള്ള വഴി? ഇവിടെനിന്ന് സുപ്രിംകോടതിയിലെ അഭിഭാഷകനായ ദുഷ്യന്ത് ദവേയോട് പറയാനാകില്ല. ഇന്നും നിയമവാഴ്ചയിലും ഭരണഘടനയിലുമെല്ലാമാണ് എന്റെ പ്രതീക്ഷ. നടപടിക്രമങ്ങൾ കൃത്യമായി പാലിക്കണം.''

ജനുവരി 22 ഒരു ചരിത്രദിനമാണെങ്കിൽ ജനുവരി 31 മറ്റൊരു ചരിത്രദിനമാണെന്നും അദ്ദേഹം പറഞ്ഞു. ആ രാത്രിയുടെ ഇരുട്ടിൽ അപ്പീൽ ചെയ്‌തെങ്കിലും നിങ്ങൾ മുന്നോട്ടുപോകാനുള്ള പാത തുറന്നുകൊടുക്കുകയാണു ചെയ്തത്. എന്തു സന്ദേശമാണ് നിങ്ങൾ ഇതിലൂടെ നൽകുന്നത്? 600 വർഷം പഴക്കമുള്ള മെഹ്‌റോളി പള്ളി ഒരു നോട്ടിസുമില്ലാതെ നിങ്ങൾ പൊളിച്ചുകളഞ്ഞു. പ്രധാനമന്ത്രിയും സർക്കാരും ഇന്ത്യയിലെ മുസ്‌ലിംകളുടെ അടയാളങ്ങളെല്ലാം അപഹരിക്കാൻ നോക്കുകയാണ്. അജ്മീർ ഖാജയുടെ സന്നിധിയിൽ പോയി പുതപ്പു മൂടിക്കോളൂ.. പക്ഷെ എന്റെയടുത്തുനിന്നു നിങ്ങൾ കവർന്നെടുക്കാൻ നോക്കുന്ന പുതപ്പ് എന്റെ പള്ളികളാണെന്നും ഉവൈസി വിമർശിച്ചു.

''എല്ലാ പള്ളികളും തട്ടിപ്പറിക്കാനാണ് നിങ്ങളുടെ നീക്കം. രാജ്യത്തെ 17 കോടി മുസ്‌ലിംകൾക്ക് നിങ്ങൾ എന്തു സന്ദേശമാണ് ഇതിലൂടെ നൽകുന്നത്? എല്ലാ പള്ളിയും ഞങ്ങളിൽനിന്നു തട്ടിപ്പറിച്ചാൽ പിന്നീട് ഞങ്ങളുടെ അസ്തിത്വം എന്താണ്? എന്റെ സ്വത്വം എന്താണ്? നിയമവാഴ്ചയുടെ വിലയെന്താണ്?

1991ലെ ആരാധനാലയ നിയമത്തെക്കുറിച്ച് നിങ്ങൾ എന്താണു പറയാത്തത്? നിങ്ങൾ ആ നിയമത്തോടൊപ്പമല്ലേ ഉള്ളത്? 500 വർഷത്തെ കഥയാണ് നിങ്ങൾ പറയുന്നത്. എന്നാൽ, അവിടെനിൽക്കരുതെന്നാണ് എനിക്കു പറയാനുള്ളത്. ബുദ്ധ, ജൈന, ശൈവ കാലത്തേക്കെല്ലാം തിരിച്ചുപോകണം. എവിടെ നിർത്തുമിത്?

Full View

അലിഗഢ് സർവകലാശാലയെ തട്ടിയെടുക്കാനാണ് നിങ്ങളുടെ ശ്രമം. അലിഗഢ് മുസ്‌ലിം സർവകലാശാലയോട് എന്തിനാണ് ഈ എതിർപ്പ്? അവിടെ ഹിന്ദു സഹോദരങ്ങളും പഠിക്കുന്നുണ്ട്.

1947ൽ രാജ്യത്തിന് സ്വാതന്ത്ര്യവും ബാബാ സാഹെബ് അംബേദ്ക്കറിലൂടെ നമുക്ക് ഭരണഘടനയും ലഭിച്ചു. അതിനുമുൻപ് രാജഭരണമായിരുന്നു ഇവിടെ. ജനാധിപത്യവും റിപബ്ലിക്കുമൊന്നുമുണ്ടായിരുന്നില്ല. വിദ്വേഷത്തിലൂടെ നാഗരികതയെ മാറ്റിയെഴുതരുതെന്ന് ഇംഗ്ലീഷിൽ ആരോ പറഞ്ഞിട്ടുണ്ട്. ചരിത്രത്തെ ധ്വംസനത്തിലൂടെ തിരുത്തരുതെന്നും.''

Full View

ഗാന്ധിയുടെയും അംബേദ്ക്കറുടെയും ഇന്ത്യയെ ഹിന്ദുരാഷ്ട്രമാക്കിയതു താനാണെന്ന പുതിയ ചരിത്രം രചിക്കാനാണ് നരേന്ദ്ര മോദി ആഗ്രഹിക്കുന്നതെന്നും ഉവൈസി വിമർശിച്ചു. ഇന്ത്യയിലെ നമ്മുടെ ഹിന്ദു സഹോദരങ്ങൾ മോദിയുടെ ചിന്തകളെ തള്ളുമെന്നാണ് എന്റെ പ്രതീക്ഷ. എന്തു സംഭവിക്കുമെന്നു നോക്കാമെന്നും അസദുദ്ദീൻ ഉവൈസി കൂട്ടിച്ചേർത്തു.

Summary: ''17 crore Muslims under 10 years' Narendra Modi government feel a vulnerability similar to how Jews felt under Hitler'': Says Asaduddin Owaisi in the Parliament

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News